ലൈസന്‍സ് ഫീസ് 5000 രൂപ, വൈന്‍ നിര്‍മ്മാണ കേന്ദ്രം അനുവദിക്കാനുള്ള ചട്ടങ്ങള്‍ തയാറായി, കാലാവധി മൂന്നു വര്‍ഷം

തിരുവനന്തപുരം | ലൈസന്‍സ് ഫീസ് 5000 രൂപ. സ്ഥാപനവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളുും സര്‍ക്കാരിനു ഈടു നല്‍കിയാല്‍ സംസ്ഥാനത്ത് വൈന്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തുടങ്ങാം. ഇതിനുള്ള ചട്ടങ്ങള്‍ എക്‌സൈസ് വകുപ്പു തയാറാക്കി. നിയമവകുപ്പിന്റെ അംഗീകാരത്തോടെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരും. ഈ സാമ്പത്തിക വര്‍ഷത്തെ മദ്യനയത്തില്‍ പഴങ്ങളില്‍ നിന്നു വൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു.

മൂന്നു വര്‍ഷമാണ് ലൈസന്‍സിന്റെ കാലാവധി. വാര്‍ഷിക ഫീസ് 50,000 രൂപ. വൈന്‍ ബോട്ടിലിങ് ലൈസന്‍സിന്റെ ഫീസ് 5000 രൂപയാണ്. വൈന്‍ ഉല്‍പ്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി അപേക്ഷകനും എക്‌സൈസ് വകുപ്പും കരാറില്‍ ഏര്‍പ്പെടും. സ്ഥാപനവും അതുമായി ബന്ധപ്പെട്ട സ്വത്തുവകകളും സര്‍ക്കാരിനു ഈട് നല്‍കണം. സര്‍ക്കാരിനു എന്തെങ്കിലും കാരണത്താല്‍ പണം തിരികെ പിടിക്കണമെങ്കില്‍ ജപ്തി അടക്കമുള്ള നടപടികളിലേക്കു കടക്കാന്‍ ഇതിലൂടെ സാധിക്കും. ലൈസന്‍സ് അനുവദിച്ചാല്‍ അറിയിപ്പു കിട്ടി 10 ദിവസത്തിനകം കരാറില്‍ ഏര്‍പ്പെടണം. ഇല്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും. ഫീസ് തിരികെ ലഭിക്കില്ല. വൈന്‍ നിര്‍മാണ കേന്ദ്രത്തിലെ വിവിധ റൂമുകളിലേക്ക് ഒരു വാതില്‍ മാത്രമേ പാടുള്ളൂ. ഒരു താക്കോല്‍ ഉടമസ്ഥനും ഒരു താക്കോല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സൂക്ഷിക്കണം. ഉല്‍പ്പാദന കേന്ദ്രത്തിന്റെ ജനലുകള്‍ ഇരുമ്പ് ഗ്രില്ലുകൊണ്ട് സുരക്ഷിതമാക്കണമെന്നും ചട്ടങ്ങളില്‍ പറയുന്നു.

ലൈസന്‍സ് ലഭിക്കാനായി, ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്ന കെട്ടിടത്തെക്കുറിച്ചുള്ള വിവരങ്ങളും സാങ്കേതിക കാര്യങ്ങള്‍ വിശദമാക്കുന്ന റിപ്പോര്‍ട്ടും വൈന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷകന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച രേഖകളും എക്‌സൈസിനു നല്‍കണമെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. അപേക്ഷ ലഭിച്ചാല്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കാര്‍ഷിക വകുപ്പിലെ അസി. ഡയറക്ടര്‍ ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പിലെ അസി. കമ്മിഷണറും പൊതുമരാമത്ത് വകുപ്പിലെ അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയറും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിലെ ഇന്‍സ്‌പെക്ടറും സമിതിയിലെ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയുടെ ശിപാര്‍ശ ഉള്‍പ്പെടുത്തി എക്‌സൈസ് കമ്മിഷണര്‍ക്കു ഡെപ്യൂട്ടി കമ്മിഷണര്‍ ശിപാര്‍ശ നല്‍കണം.

എക്‌സൈസ് കമ്മിഷണര്‍ അപേക്ഷകന്റെ വിവരങ്ങള്‍ പരിശോധിച്ച്, മുമ്പ് അബ്കാരി കേസില്‍ പ്രതിയല്ലെന്നും ധനസ്ഥിതി തൃപ്തികരമാണെന്നും ഉറപ്പാക്കണം. അപേക്ഷ ലഭിക്കുമ്പോള്‍ ഡെപ്യൂട്ടി കമ്മിഷണറാണ് ലൈസന്‍സ് പുതുക്കേണ്ടത്.

Rules have been laid down to start wine production centers in Kerala. The term of the license is three years with annual fee of Rs. 50,000. The rules prepared by the Excise Department will come into force approved by the Tax Department after review by the Law Department. 

LEAVE A REPLY

Please enter your comment!
Please enter your name here