തിരുവനന്തപുരം: ലോക്ഡൗണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങി കിടന്നിരുന്നവരെ ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്‍മാര്‍ ഇന്ന് തിരുവനന്തപുരത്തുനിന്ന് സ്വന്തം നാടുകളിലേക്കു മടങ്ങി. ഇവരിലേറെയും ജര്‍മ്മനിയില്‍ നിന്നുള്ളവരാണ്.

വിദേശത്തു നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലയിലും കേരള ടൂറിസം ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിരുന്നു. രാജ്യമൊട്ടാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള അനുമതികള്‍ നേടിയാണ് ഇവരെ തിരുവനന്തപുരത്തെത്തിച്ചത്. ഓരോ ജില്ലയിലും പ്രത്യേകം വാഹനം ഏര്‍പ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനു വേണ്ടി വലിയ വാഹനങ്ങളാണ് ഏര്‍പ്പെടുത്തിയത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും 14 ദിവസത്തോളം ക്വാറന്റീനില്‍ കഴിഞ്ഞവരുമാണ് ഈ 232 പേരുമെന്ന് ഉറപ്പ് വരുത്തി. ജര്‍മ്മനിയുടെ ബാംഗ്ലൂര്‍ കോണ്‍സുലേറ്റും തിരുവനന്തപുരത്തെ ഓണററി കോണ്‍സുലേറ്റാണ് യാത്രാരേഖയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ചെയ്തത്. വിമാനം ചാര്‍ട്ടര്‍ ചെയ്തതും ഇവരുടെ ശ്രമഫലമായിട്ടാണ്.

തിരുവനന്തപുരത്തെത്തിച്ച യാത്രക്കാരെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കെടിഡിസിയുടെ വിവിധ ഹോട്ടലുകളിലാണ് താമസിപ്പിച്ചത്. കോവളത്തെ കെടിഡിസി സമുദ്ര ഹോട്ടലില്‍ ആരോഗ്യവകുപ്പ് പ്രത്യേക താല്പര്യമെടുത്ത് വൈദ്യപരിശോധന നടത്തി. രോഗലക്ഷണങ്ങളും ശരീരോഷ്മാവ് അളക്കുന്ന പരിശോധനയുമാണ് നടത്തിയത്.

ജര്‍മ്മന്‍ എംബസി എയര്‍ ഇന്ത്യയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പ്രത്യേക വിമാനത്തില്‍ തിരിച്ചു പോകാനുള്ള സാഹചര്യമൊരുങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 232 പേര്‍ സ്വദേശത്തേക്ക് മടങ്ങുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here