‘തെറ്റു ചെയ്ത’ ജയരാജനെ പിണറായിയും കൈവിട്ടു; പരാതി പാപ്പിനിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെതായത് യാദൃശ്ചികവും

0

e-p-jayarajanജയരാജന്‍ തെറ്റു ചെയ്തു. ജയരാജനെതിരെ നടപടി വേണം. സി.പി.എമ്മിലെ വലിയൊരു വിഭാഗം നേതാക്കള്‍ പരസ്യമായും രഹസ്യമായും നടത്തിയ അഭിപ്രായം പ്രകടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും അതിരൂക്ഷമായി പ്രതിഫലിച്ചു. ഏതു വിവാദ കൊടുങ്കാറ്റിലും കൂസാതെ നിന്നിട്ടുള്ള ജയരാജനെ പിണറായിയും കൈവിട്ടതോടെ രാജിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി.

പിണറായി വിജയനൊപ്പം വര്‍ഷങ്ങളായി ഉറച്ചു നിന്നിരുന്ന ജയരാജന്റെ, അഞ്ചുമാസം മാത്രം പ്രായമുള്ള സര്‍ക്കാരില്‍ നിന്നുള്ള രാജി ചരിത്രമാവുകയാണ്. ഫാരിസ്, സാന്റിയാഗോ വിവാദങ്ങളിലെല്ലാം തന്റെ വലിയ വിശ്വസ്തരിലൊരാളായ ജയരാജനെ സംരക്ഷിച്ചു നിര്‍ത്തിയ രീതി പിണറായിയില്‍ നിന്ന് ഇക്കുറിയുണ്ടായില്ല. പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ച് മിനിട്ടുകള്‍ക്കകമാണ് തീരുമാനമെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരിന്റെയു സി.പി.എമ്മിന്റെയും പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച നടപടി പാര്‍ട്ടിക്കുള്ളില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ലോബിയില്‍ വരുത്താനിരിക്കുന്ന മാറ്റങ്ങള്‍ വരും നാളുകളില്‍ വ്യക്തമാകും.

ജയരാജനെതിരെ നടപടിയിലേക്ക് നയിച്ച പരാതി പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുതന്നെ ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, എം.വി. രാഘവന്റെ പതനങ്ങള്‍ക്കു തുടക്കം കുറിക്കപ്പെട്ടതും ഇതേ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ്. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക പ്രസിഡന്റാണ് ജയരാജന്‍. 1980 ല്‍ തെരഞ്ഞെടുക്കപ്പെട്ട ജയരാജനെ 1982 ല്‍ വൈസ് പ്രസിഡന്റാക്കി മാറ്റി.

ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ (പാസായില്ല) ജയരാജന്‍, ബി.എം.കൃഷ്ണന്‍ നമ്പ്യാരുടെയും ഇ.പി.പാര്‍വതി അമ്മയുടെയും മകനാണ്. 1991-96 ലും 2011 മുതല്‍ ഇതുവരെയും എംഎല്‍എ. മട്ടന്നൂരിന്റെ പ്രതിനിധി. കേരള കര്‍ഷകസംഘം പ്രസിഡന്റും ‘ദേശാഭിമാനി’ ജനറല്‍ മാനേജരുമായിരുന്നു. 2002 ലെ ഡല്‍ഹി പാര്‍ട്ടി കോണ്‍ഗ്രസില്‍, ജയരാജനെ കേന്ദ്രകമ്മിറ്റി അംഗമാക്കി.

പിണറായി മന്ത്രിസഭയിലെ പ്രബലനായ രണ്ടാമനായിട്ടും വിവാദങ്ങള്‍ അദ്ദേഹത്തെ വിട്ടുപോയില്ല. അഞ്ജു ബോബി ജോര്‍ജ് വിവാദത്തിനു പിന്നാലെ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അനുസ്മരണവും അദ്ദേഹത്തെ വേട്ടയായി. ഒടുവില്‍ ബന്ധു നിയമന വിവാദം ജയരാജന്റെ മന്ത്രികസേരയുടെ ആയുസ് അഞ്ചു മാസമാക്കി നിശ്ചയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here