വാട്ടര്‍തീം പാര്‍ക്കും റോപ്പ് വേ വടങ്ങളും തടയണകളും പാറമടകളും: ”കക്കാടംപൊയിലിലേക്ക് മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരുമെല്ലാം ഒന്നുവരൂ…”

0

കക്കാടംപൊയിലില്‍നിന്ന് കവളപ്പാറയിലേക്ക് റോഡുവഴി ഏതാനും കിലോമീറ്ററുകളുടെ ദൂരം സഞ്ചരിച്ചാല്‍ മാത്രം പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയാമെന്ന് ഡോ. ആസാദ്. വാട്ടര്‍തീം പാര്‍ക്കും റോപ്പ് വേ വടങ്ങളും തടയണകളും പാമടകളും കേരളത്തെ വെല്ലുവിളിച്ചുകൊണ്ട് പരിസ്ഥിതിലോലപ്രദേശങ്ങളില്‍ അങ്ങനെ തന്നെയുണ്ട്.

കവളപ്പാറയ്ക്കു ചുറ്റും മലമുകളില്‍ പാറമടകള്‍. അതിനിയും ക്ഷോഭങ്ങള്‍ ബാക്കിവെച്ചിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കും? നിയന്ത്രണമേതുമില്ലാതെ എങ്ങും തുരന്നുകൊണ്ടേയിരിക്കുന്നു. പശ്ചിമഘട്ടം ബോംബുവെച്ചു തകര്‍ക്കുകയാണ്. തെക്കു വടക്കു നീണ്ടു കിടക്കുന്ന മഹാപര്‍വ്വതത്തിന്റെ ഏതിടമുണ്ട് ബലാല്‍ക്കാരം ചെയ്യപ്പെടാതെ? ഇതെല്ലാം കാണാന്‍ ഭരണകൂടത്തിനു കണ്ണുകളുണ്ടോ? – എന്നും അദ്ദേഹം ചോദിക്കുന്നു.

ദുരിതങ്ങള്‍ വിതയ്ക്കുന്നവനെ നിലയ്ക്കു നിര്‍ത്താത്ത ഭരണം ഏതു ദുരിത നിവാരണമാണ് നിര്‍വ്വഹിക്കുക? ഏതു നവകേരളമാണ് ഇവര്‍ക്കു നിര്‍മ്മിക്കാനാവുക?

നിയമവും നീതിപീഠവും കൈചൂണ്ടിക്കാട്ടുന്ന ജനശത്രുവിനെ പടിയിറക്കാന്‍ ജനങ്ങളുടെ ജാഥ മല കയറേണ്ടി വരുമെന്നും
കേരളത്തിലെ മാധ്യമങ്ങളും പൊതുജനസേവകരും പരിസ്ഥിതിപ്രവര്‍ത്തകരുമെല്ലാം ഒന്നിവിടംവരെ വന്നുപോകണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അദ്ദേഹം എഴുതിയത്:

കക്കാടംപൊയിലില്‍നിന്ന് കവളപ്പറയിലേക്ക് റോഡുവഴി ഏതാനും കിലോമീറ്ററുകളുടെ ദൂരമേ കാണൂ. ഞങ്ങളിന്ന് ആ വഴി സഞ്ചരിച്ചു. കവളപ്പാറയില്‍ പൊട്ടിപ്പിളര്‍ന്ന മലമുടി കണ്ടു. താഴ് വര ഛേദിച്ചു കടന്നുപോയ മണ്ണൊഴുക്കിന്റെ ക്രൂരത കണ്ടു. മണ്ണും വെള്ളവും മരവും ജഡവും അടിഞ്ഞു ജീര്‍ണിച്ച ഗന്ധമുള്ള ശ്മശാനതുല്യമായ അടിവാരം.


ഉരുള്‍പൊട്ടലുകള്‍ എല്ലായിടത്തും ഇതേവിധം ഭയാനകമാണ്. മലകളെ അടരുകളാക്കി തെറിപ്പിക്കുന്ന സ്‌ഫോടനത്തിന്റെ ഹേതുക്കള്‍ നമുക്ക് അജ്ഞാതമാണോ? മണ്ണിടര്‍ച്ചകളെയും ശിലാപാളികളെയും പിളര്‍ത്തിക്കുതിപ്പിക്കുന്ന ജലക്ഷോഭത്തെ ആരാണു ക്ഷണിച്ചു വരുത്തിയത്? കൂറ്റന്‍ ക്വാറികളും നീര്‍ക്കെട്ടുകളും നിറച്ച് മലമുടികളില്‍ ബലാല്‍ക്കാരമാടിയ ധനാര്‍ത്തിയും ഒറ്റുദോഷവും ആരുടേതൊക്കെയാണ്? ആ യാത്രയില്‍ ചോദ്യങ്ങള്‍മാത്രം ഞങ്ങളില്‍ തിളച്ചു മറിഞ്ഞു.


കവളപ്പാറയ്ക്കു ചുറ്റും മലമുകളില്‍ പാറമടകള്‍. അതിനിയും ക്ഷോഭങ്ങള്‍ ബാക്കിവെച്ചിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കും? നിയന്ത്രണമേതുമില്ലാതെ എങ്ങും തുരന്നുകൊണ്ടേയിരിക്കുന്നു. പശ്ചിമഘട്ടം ബോംബുവെച്ചു തകര്‍ക്കുകയാണ്. തെക്കു വടക്കു നീണ്ടു കിടക്കുന്ന മഹാപര്‍വ്വതത്തിന്റെ ഏതിടമുണ്ട് ബലാല്‍ക്കാരം ചെയ്യപ്പെടാതെ? ഇതെല്ലാം കാണാന്‍ ഭരണകൂടത്തിനു കണ്ണുകളുണ്ടോ? റഡാറുകളിലോ ഉപഗ്രഹ ക്യാമറകളിലോ പതിയില്ല കയ്യേറ്റങ്ങള്‍. പതിയില്ല നിലവിളികള്‍.


കക്കാടംപൊയില്‍ കേരളത്തെ വെല്ലുവിളിക്കുന്നു. തേനരുവിയിലെ പാറമടയും അതേ മലമുടിയുടെ മറുമടക്കില്‍ കെട്ടിപ്പൊക്കിയ തടയണയും ഓരത്തെ വാട്ടര്‍തീം പാര്‍ക്കും റോപ്പ് വേ വടങ്ങളും കേരളീയരുടെ ജീവിതത്തെയും അഭിമാന ബോധത്തെയും കശക്കിയെറിയുകയാണ്. ആദരണീയ നീതിപീഠത്തിന്റെ വിധിപ്രസ്താവങ്ങള്‍ അവിടെ കീറി എറിയപ്പെട്ടിരിക്കുന്നു. ആഴ്ച്ചകള്‍ കൊണ്ടും ജില്ലാഭരണകൂടത്തിന് ഒരുശതമാനം പോലും നീക്കാനാവാത്ത ഭീമന്‍ തടയണ ആ നിഷ്‌ക്രിയത്വത്തിനു സ്മാരകമായിരിക്കുന്നു. ഒന്നും നേരെയാവില്ലെന്ന് കടുത്ത നിരാശയുടെ കോടയില്‍ ഞങ്ങളന്യോന്യം മറയ്ക്കപ്പെട്ടവരായി.

കൂടരഞ്ഞിയുടെ ഉച്ചിയില്‍ ‘നാച്ചുറല്‍ വില്ല’യും അതിന്റെ നടുവിലെ, തടയണകള്‍കൊണ്ടു തട്ടുകള്‍ തീര്‍ത്ത നീരോഴുക്കില്‍ തൂണുകളില്‍ പണിത കോണ്‍ക്രീറ്റ് നിര്‍മിതിയും ഈ നാട്ടില്‍ ഭരണമുണ്ടോ, നിയമമുണ്ടോ എന്നലറുന്നത് ഒരു നിമിഷം ഞങ്ങളെ സ്തംഭിപ്പിച്ചു. ലജ്ജകൊണ്ട് ഞങ്ങള്‍ ശിരസ്സു കുനിച്ചു. മൂന്നേകാല്‍ കോടിയിലേറെ ശിരസ്സുകള്‍ കുനിഞ്ഞു മണ്ണു മുത്തുന്നത് ഞങ്ങളറിഞ്ഞു.
രണ്ടു പ്രളയങ്ങളും പ്രകൃതിക്ഷോഭവും ഒരേ വര്‍ഷത്തിന്റെ രണ്ടറ്റത്തു വന്ന് വിഭ്രമിപ്പിച്ചത് മലയാളിയുടെ സുരക്ഷിത ബോധത്തെയും ആത്മ വിശ്വാസത്തെയുമായിരുന്നു. എന്നിട്ടും സര്‍ക്കാര്‍ പഠിച്ചില്ല. ഭരണകക്ഷിയുടെ വിലപിടിപ്പുള്ള ഒരു നിയമസഭാംഗം പര്‍വ്വതങ്ങളെ കൈകളില്‍ അമ്മാനമാടുന്നു. നീരൊഴുക്കുകളെ ആയിരം കൈകളാല്‍ തടയുന്നു. ‘നീയാരു വിധിക്കാ’നെന്നു നീതിപീഠത്തോടു കയര്‍ക്കുന്നു. ‘അയാള്‍ ഇത്രയേയുള്ളു’വെന്ന് മുഖ്യമന്ത്രിയെ ചെറുതാക്കുന്നു. പരിസ്ഥിതി കമ്മറ്റിയില്‍ തന്നെ വെയ്ക്കണമെന്ന അയാളുടെ ഭീഷണിയില്‍ കാബിനറ്റിന് മുട്ടിടിക്കുന്നു. എന്തൊരു കരുത്താണ് കയ്യേറ്റജീവിക്ക്!

അവരൊറ്റക്കെട്ടായിരിക്കാം. വിലപേശുന്നതും വില്‍ക്കുന്നതും ചവിട്ടിയരക്കുന്നതും നമ്മുടെ ജീവിതമാണ്. സംരക്ഷകരെന്നു കരുതിയവര്‍ കൂട്ടിക്കൊടുപ്പുകാരായി മാറിയിരിക്കുന്നു. ഒരാളുടെ അക്രമത്തെ നേരിടാന്‍ ശേഷിയറ്റ ഭരണം ഏതു പ്രളയത്തെയാണ് തടുക്കുക? ദുരിതങ്ങള്‍ വിതയ്ക്കുന്നവനെ നിലയ്ക്കു നിര്‍ത്താത്ത ഭരണം ഏതു ദുരിത നിവാരണമാണ് നിര്‍വ്വഹിക്കുക? ഏതു നവകേരളമാണ് ഇവര്‍ക്കു നിര്‍മ്മിക്കാനാവുക?
നിയമവും നീതിപീഠവും കൈചൂണ്ടിക്കാട്ടുന്ന ജനശത്രുവിനെ പടിയിറക്കാന്‍ ജനങ്ങളുടെ ജാഥ മല കയറേണ്ടി വരും. പ്രളയവും പ്രകൃതിക്ഷോഭവും വിതയ്ക്കാന്‍ കെല്‍പ്പുള്ള ആപത്ക്കരവും നിയമവിരുദ്ധവുമായ നിര്‍മ്മിതികള്‍ പൊളിച്ചു മാറ്റാന്‍ ജനങ്ങളുടെ ആ മഹാപ്രകടനം എന്നാണ് മല കയറുക? ജനാധിപത്യം അത്രയും ആവശ്യപ്പെടുന്നുണ്ട്. എന്റെ നാട്ടിലെ പൊതുപ്രവര്‍ത്തകരേ, ജനപ്രതിനിധികളേ, മാധ്യമ പ്രവര്‍ത്തകരേ, സാംസ്‌കാരിക പ്രവര്‍ത്തകരേ ഒന്ന് അതുവഴി പോകൂ. ചുരുങ്ങിയത് കക്കാടംപൊയില്‍ മുതല്‍ കവളപ്പാറവരെയെങ്കിലും.
ആസാദ്
29 ആഗസ്ത് 2019

ഡോ. ആസാദ് ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 29, 2019
ഡോ. ആസാദ് ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಆಗಸ್ಟ್ 29, 2019

LEAVE A REPLY

Please enter your comment!
Please enter your name here