സര്‍വേ വകുപ്പില്‍ ഡയറക്ടറും ഭരണകക്ഷി യൂണിയനും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി, ഡയറക്ടറെ തെറിപ്പിക്കുമെന്ന് നേതാക്കള്‍

0

survey dept transfer cancelled fതിരുവനന്തപുരം: ഭരണമാറ്റത്തിനു പിന്നാലെ വിവിധ വകുപ്പുകളില്‍ ആരംഭിച്ച ‘സംഘടനാ’ ഭരണം പുതിയ തലങ്ങളിലേക്ക്. ഭരണകക്ഷി സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനു പിന്നാലെ വകുപ്പു തലവന്‍മാരുടെ പ്രവര്‍ത്തനത്തെയും നിയന്ത്രിച്ചു തുടങ്ങി.

സി.പി.ഐ മന്ത്രി ഭരിക്കുന്ന സര്‍വേ വകുപ്പില്‍ എല്ലാ ചട്ടങ്ങളും ലംഘിച്ച് തയാറാക്കിയ കരട് സ്ഥലമാറ്റ പട്ടിക നടപ്പാക്കുന്നതിന്റെ പേരിലാണ് പുതിയ അങ്കം. സര്‍വേ സൂപ്രണ്ട് തസ്തികയിലെ സ്ഥലംമാറ്റ പട്ടിക റദ്ദാക്കിയ വകുപ്പ് ഡയറക്ടര്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയ സംഘടനാ നേതൃത്വം ഡയറക്ടറെ തെറുപ്പിക്കാനുള്ള നീക്കങ്ങളും സജീവമാക്കി.

സര്‍വേ സൂപ്രണ്ട്, ഹെഡ് സര്‍വേയര്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്മാന്‍ തുടങ്ങിയ തസ്തികകളിലാണ് സ്ഥലംമാറ്റ പട്ടികകള്‍ തയാറാകുന്നത്. ഇതുവരെ പിന്തുടര്‍ന്ന എല്ലാ ചട്ടങ്ങളും മറികടന്ന്് തയാറാക്കിയ പട്ടികയ്‌ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. ചില തസ്തികളിലെ സ്ഥലംമാറ്റം കോടതിയിലെത്തുകയും ചെയ്തു. ഇതിനു പിന്നാലെ സര്‍വേ സൂപ്രണ്ടുമാരുടെ പട്ടിക പരിശോധിച്ച ഡയറക്ടര്‍ ലിസ്റ്റ് റദ്ദാക്കിയതാണ് തര്‍ക്കങ്ങള്‍ രൂക്ഷമാക്കിയത്.

പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണപക്ഷ അനൂകൂല സംഘടനകള്‍ ഡയറക്ടറെ ഖരാവോ ചെയ്തതോടെ പോലീസിനും ഇടപെടേണ്ടി വന്നു. അതിനു പിന്നാലെയാണ് ഡയറക്ടറെ തെറിപ്പിച്ചശേഷം സ്ഥലംമാറ്റങ്ങള്‍ നടത്താനുള്ള നടപടികള്‍ സജീവമായത്.

സര്‍വേ വകുപ്പിലെ സ്ഥലമാറ്റങ്ങളില്‍ പാലിക്കേണ്ട മാനദണ്ഡങ്ങ സംബന്ധിച്ച് മൂന്നോളം സര്‍ക്കാര്‍ ഉത്തരവുകളാണ് നിലവിലുള്ളത്. എന്നാല്‍, പുതിയ കരട് സ്ഥലംമാറ്റപട്ടികകളില്‍ ഇതിന്റെ സൂചനപോലും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. സര്‍വേയര്‍ തസ്തികയിലെ 25 ല്‍ അധികം സ്ഥലം മാറ്റങ്ങള്‍ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനവുമാണെന്നാണ് വിലയിരുത്തല്‍.

സര്‍വീസിലെത്തിയശേഷം രേഖകളില്‍ ജില്ലയ്ക്കു പുറത്തു ജോലി ചെയ്തിട്ടുണ്ടെങ്കിലും ഒരു ദിവസം പോലും അത്തരത്തില്‍ ജോലി ചെയ്തിട്ടില്ലാത്തവരുടെ വര്‍ക്കിംഗ് അറേഞ്ചുമെന്റുകള്‍ അടുത്തിടെ റദ്ദാക്കിയിരുന്നു. അഞ്ചു വര്‍ഷത്തിനു മുകളില്‍ ഇത്തരത്തില്‍ നിന്ന ആറു പേരെ മടക്കി അടയക്കാനുള്ള ഡയറക്ടറുടെ ഉത്തരവ് തെരഞ്ഞെടുപ്പിന് ശേഷമാണ് നടപ്പായത്. പുതിയ പട്ടികയില്‍ ഇവര്‍ക്ക് വീണ്ടും സ്വന്തം ജില്ലകളില്‍ തന്നെ അവസരം നല്‍കാന്‍ ശ്രമിച്ചിരിക്കുന്നതും വിവാദമായിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here