ഉപയോഗം കൂടുതലുള്ള സമയങ്ങളില്‍ ഉയര്‍ന്ന തുക, അല്ലാത്ത സമയങ്ങളില്‍ നിരക്കിളവ്… വാണിജ്യ ഉപയോക്താക്കള്‍ക്ക് അടുത്ത വര്‍ഷവും 2025ല്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും ബാധകമാകാന്‍ പോകുന്ന ടൈം ഓഫ് ദി ഡേ വൈദ്യുതി താരിഫ് വരുന്നു.
പദ്ധതി നടപ്പാകുന്നതോടെ, പകല്‍ സമയത്ത് എട്ടു മണിക്കൂര്‍ നിരക്ക് കുറയും. എന്നാല്‍, രാത്രി ഉള്‍പ്പെടെ ഉപയോഗം കൂടിയ സമയങ്ങളില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. 2020ലെ വൈദ്യുതി ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ പ്രഖ്യാപിച്ച ഭേദഗതിയിലാണ് ടൈം ഓഫ് ഡേ താരിഫ് വ്യവസ്ഥകളും ഉള്‍പ്പെടുന്നത്.
10 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്ന വാണിജ്യ വ്യവസായ ഉപയോക്താക്കള്‍ക്ക് 2024 ഏപ്രില്‍ ഒന്നു മുതല്‍ പുതിയ നിരക്ക് ബാധകമാകും. കാര്‍ഷിക ആവശ്യങ്ങള്‍ക്കൊഴികെയുള്ള മറ്റ് വിഭാഗത്തിനു 2025 ഏപ്രില്‍ ഒന്നു മുതലാകും പുതിയ താരിഫ് പ്രാബല്യത്തില്‍ വരുക. ഇതിനു മുമ്പായി സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കും.
സമയക്രമത്തെ അടിസ്ഥാനപ്പെടുത്തി മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്റ്റാറ്റിക് ഘടനയിലോ യഥാര്‍ത്ഥ ഡിമാന്‍ഡ് വ്യവസ്ഥകള്‍ക്ക് അനുസരിച്ച് തത്സമയത്ത് നിര്‍ണയിക്കപ്പെടുന്ന ഡൈനാമിക് ഘടനയിലോ ആകാം പുതിക സംവിധാനം. കേന്ദ്രം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഇന്ത്യയിലെ ടിഒഡി താരിഫുകള്‍ സ്റ്റാറ്റിക്കായിരിക്കും.