അഴിമതിയില്‍ മുന്നില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, 13 വകുപ്പുകളില്‍ അഴിമതി അസഹനീയം

0
3

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം അഴിമതി നടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളിലെന്ന് വിജിലന്‍സ്. രണ്ടാം സ്ഥാനത്ത് റവന്യൂവകുപ്പും.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം നടത്തിയ സര്‍വേയിലാണ് സര്‍ക്കാര്‍ ഓഫിസുകള്‍ അഴിമതിയുടെ കൂത്തരങ്ങായതായി വെളിപ്പെട്ടത്.  അഴിമതിക്കാര്യത്തില്‍ പോലീസ് ഏഴാമതാണ്. വിജിലന്‍സ് 56-ാം സ്ഥാനത്തുണ്ട്.

13 വകുപ്പുകളില്‍ അഴിമതി അസഹനീയമാണെന്ന് സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വകുപ്പിന്റെ ഗവേഷണവിഭാഗം തയ്യാറാക്കിയ അഴിമതിവിരുദ്ധ സൂചികയില്‍ പറയുന്നു. തദ്ദേശ സ്വയംഭരണം, റവന്യു, പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, പൊതുവിദ്യാഭ്യാസം, ജലവിഭവം, ഭക്ഷ്യം, എക്‌സൈസ്, ഖനനം, വാണിജ്യനികുതി, കൃഷി എന്നീ വകുപ്പുകളാണ് ഈ പട്ടികയില്‍.
.
അഞ്ചു വിഭാഗമായി തിരിച്ചാണ് സര്‍വേ നടത്തിയത്. ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന ഓഫിസുകള്‍, കൂടുതല്‍ അഴിമതി നടക്കുന്ന ഓഫിസുകള്‍, ഇടത്തരം അഴിമതി നടക്കുന്ന ഓഫിസുകള്‍, കുറച്ചുമാത്രം അഴിമതി നടക്കുന്ന ഓഫിസുകള്‍, അഴിമതി മുക്തമായ ഓഫിസുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 61 വകുപ്പുകളുടെ പട്ടികയാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. തദ്ദേശഭരണസ്ഥാപനങ്ങളില്‍ 10.34 ശതമാനവും പൊലിസില്‍ 4.66 ശതമാനവും അഴിമതിക്കാരാണ്.

ടെന്‍ഡര്‍ നല്‍കല്‍, ബില്ലുകള്‍ പാസാക്കല്‍, കുടിവെള്ള പദ്ധതികള്‍ക്കു പൈപ്പിടല്‍, കുടിവെള്ള-വൈദ്യുതി കണക്ഷന്‍, ഭൂനികുതി, കെട്ടിടനികുതി, രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ ജനസേവന പദ്ധതികളിലും വ്യാപക അഴിമതിയാണ് റവന്യൂ വകുപ്പിലുള്ളത്. റോഡ്, പാലം മുതലായവ നിര്‍മിക്കുന്നതിന്റെ കരാറുകാരുമായി ഒത്തുകളിയിലൂടെയും വന്‍തുക ക്രമവിരുദ്ധമായി റവന്യൂ ഉദ്യോഗസ്ഥരുടെ കൈയിലെത്തുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ബോര്‍ഡ്, കോര്‍പറേഷന്‍, കമ്മിഷന്‍ എന്നിവിടങ്ങളിലും ആഭ്യന്തര വിജിലന്‍സ് ഉടന്‍ രൂപീകരിക്കണമെന്നും വിജിലന്‍സ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു മാസം നീണ്ട പരിശോധനയിലാണ് വിവിധ വകുപ്പുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ഇന്നു നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുമെന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here