സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പദം ഉപയോഗിക്കാനാവില്ല, അംഗങ്ങളില്‍ നിന്നല്ലാതെ ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിനും വിലക്ക്

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിനു തടയിട്ട് റിസര്‍വ് ബാങ്ക്. വോട്ടിംഗ് അവകാശമുള്ള മെമ്പര്‍മാരില്‍ നിന്നല്ലാതെ സഹകരണ സൊസൈറ്റികള്‍ നിക്ഷേപം സ്വീകരിക്കരുതെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നു. രാജ്യത്തെ സഹകരണ മേഖലയെ കര്‍ശനമായി നിയന്ത്രിക്കുന്ന രീതിയിലുള്ള നിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവിലുള്ളത്.

1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിങ് റെഗുലേഷന്‍ നിയമനത്തിന്റെ ലംഘനമാണെന്നും വ്യക്തമാക്കിയാണ് ആര്‍.ബി.ഐ രംഗത്തെത്തിയത്. മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ് മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതും നിയമവിരുദ്ധമാണെന്നും ആര്‍.ബി.ഐ വ്യക്തമാക്കി. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് ലഭ്യമാവുകയില്ലെന്നും ആര്‍.ബി.ഐ പറയുന്നു.

വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here