ശനിയാഴ്ച മലയാളക്കരയില്‍ പെയ്തിറങ്ങിയ മഴയ്ക്കു കാരണം ലഘു മേഘവിസ്‌ഫോടനമാണോ മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്ന കാര്യത്തില്‍ വിദഗ്ധര്‍ ധാരണയിലെത്തിയിട്ടില്ല. എന്നാല്‍ ഒന്നുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്തിന്റെ മുകളിലെത്തിയ ന്യുനമര്‍ദ്ദം പെട്ടെന്നങ്ങ് അടങ്ങി. മഴ ശക്തമായി പെയ്യുന്ന സാഹചര്യം തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ, 2018നെക്കാളും വലിയ സ്ഥിതിയെ അഭിമുഖീകരിക്കേണ്ടി വന്നേനെ.

ചില വര്‍ഷങ്ങള്‍ പുറകോട്ടു ചിന്തിച്ചാല്‍, ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം മലയാളക്കരയെ എങ്ങോട്ടു നയിക്കുമെന്നു പറയാനാകാത്ത സ്ഥിതി. 2016ല്‍ വരള്‍ച്ചയായിരുന്നു. ഏറ്റവും കുറവ് മഴ ലഭിച്ചപ്പോള്‍ മഴക്കുഴിയുണ്ടാക്കാനും മറ്റുമായി ഓടിനടന്ന വര്‍ഷം. 2017ല്‍ വന്നത് ഓഖിയായിരുന്നു. എടുത്ത കുഴികളെ മാത്രമല്ല, കേരളത്തെ മൊത്തത്തില്‍ മുക്കുമെന്ന നിലയിലുള്ള പ്രളയമായിരുന്നു 2018ല്‍. ഇപ്പോഴത്തെ ചിത്രം കണ്‍മുന്നിലുണ്ട്. കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നുവെന്ന് വ്യക്തം.

ദൈവത്തിന്റെ സ്വന്തം നാടിന് അനുഗ്രഹീതമായിരുന്ന കാലാവസ്ഥയ്ക്ക് പ്രധാന ഘടകവായിരുന്ന ഭൂപ്രകൃതി പുതിയ സാഹചര്യത്തില്‍ എന്തു സമ്മാനിക്കുമെന്നത് വ്യക്തമാകേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രതടങ്ങള്‍ ചൂടാകുന്നതില്‍ മുന്നില്‍ അറബിക്കടലാണ്. കൂടുതല്‍ നീരാവി അന്തരീക്ഷത്തില്‍ എത്തും. മണ്‍സൂല്‍ കാറ്റ് പതിവുപോലെ അവയെ കേരളത്തിലെത്തിക്കും. പശ്ചിമഘട്ട മലനിരകള്‍ അവയെ പുറത്തുപോകാന്‍ അനുവദിക്കാതെ ഇവിടെ പടിച്ചു നിര്‍ത്തും.

സമുദ്രോപരിതലം ഒരു ശതമാനം ചൂടാകുമ്പോള്‍, ഏഴു ശതമാനം നീരാവി കൂടുതലായി അന്തരീക്ഷത്തിലെത്തുമെങ്കില്‍ അത് മഴയായി കേരളത്തിലേക്കു പെയ്തിറങ്ങുമെങ്കില്‍ വെല്ലുവിളി വരും നാളുകളില്‍ ചെറുതാകില്ല.

മേഘവിസ്‌ഫോടനം

ഒരു മണിക്കൂറില്‍ 10 സെന്റീമീറ്ററോ അതില്‍ കൂടുതലോ മഴ ലഭിക്കുന്നതിനെയാണ് മേഘവിസ്‌ഫോടനമെന്നു കാലാവസ്ഥാ വകുപ്പു പറയുന്നത്. ഈ പരിപാടി അടുത്തിടെയൊന്നും കേരളത്തിലുണ്ടായിട്ടില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. എന്നാല്‍, ലഘുമേഘവിസ്‌ഫോടനത്തിന് അഞ്ചു സെന്റീമീറ്റര്‍ മഴ രണ്ടു മണിക്കൂറില്‍ ലഭിച്ചാല്‍ മതി. കേരളത്തിലുണ്ടായത് ഇതാണെന്നാണ് ഒരു വിഭാഗം വിദഗ്ധരുടെ പക്ഷം.

ലഘുമേഘ വിസ്‌ഫോടനത്തിന്റെ സമയത്ത് മേഘങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാകും. ഇടിമിന്നലോടെയുള്ള കൂമ്പാര മേഘങ്ങളാകും കൂടുതല്‍. ലഭിക്കുന്ന മഴയും കൂടുതലായിരിക്കും. ഇവയുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍ മലയോര മേഖലകളിലാണ്. കഴിഞ്ഞ വര്‍ഷം കവളപ്പാറയിലും ഇക്കുറി ഇടുക്കി കോട്ടയം ജില്ലകളിലും അരങ്ങേറിയത് ഇതാണെന്നാണ് ഒരു പക്ഷത്തിന്റെ വിലയിരുത്തല്‍.

എന്നാല്‍, അറബിക്കടലിലെ ന്യൂനമര്‍ദ്ദവും കാറ്റുമാണു കനത്ത മഴയ്ക്കു കാരണമായതെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ മഹാപാത്ര അടക്കമുള്ളവര്‍ പറയുന്നത്.

പ്രതിഭാസം എന്തുതന്നെയായാലും കേരളത്തില്‍ ലഭിക്കുന്ന മഴയുടെ രീതിയും അതുണ്ടാക്കുന്ന പ്രതിസന്ധിയും വര്‍ദ്ധിക്കുകയാണ്. ഇത് വരും നാളുകളില്‍ സൃഷ്ടിക്കാന്‍ പോകുന്ന വെല്ലുവിളികളെ മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തന പദ്ധതിയാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here