പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍… ഇവ രണ്ടിന്റെയും പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിപടരുകയാണ്. ഒരു വിഭാഗം പ്രതിഷേധവുമായി തെരുവിലാണ്. ക്യാമ്പസുകള്‍ യുദ്ധഭൂമിയായി.

രണ്ടു നിയമങ്ങളും സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടും എന്താണെന്ന അന്വേഷണവും വലിയൊരു വിഭാഗം നടത്തുന്നുണ്ട്. പൗരത്വ നിയമവും അതില്‍ കേന്ദ്രസര്‍ക്കാരുകള്‍ കൊണ്ടുവന്ന ഭേദഗതികളും ആരൊയൊക്കെ ബാധിക്കുമെന്നതാണ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്. ഇന്ത്യയിലെ പൗരന്മാര്‍ ആരാണെന്നും അവരെ നിര്‍വചിക്കുന്നതിനുള്ള അധികാരം ആര്‍ക്കാണെന്നുള്ളതും ഭരണഘടന വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 11 ലെ രണ്ടാം ഭാഗത്തില്‍ പാര്‍ലമെന്റിനാണ് പൗരന്മാരെ നിര്‍വചിക്കാനുള്ള അധികാരം. ഇതുപ്രകാരം 1955 ലാണ് രാജ്യത്തെ ആദ്യ പൗരത്വ നിയമം നിലവില്‍ വന്നത്. 1950 ജനുവരി 26 മുമ്പ് ജനിച്ച ആര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാമെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഇതുപ്രകാരം പൗരന്മാരായവര്‍ മാത്രമല്ല ഇന്ത്യയിലുള്ളത്. പാസ്‌പോര്‍ട്ടിന്റെ പിന്‍ബലത്തിലും യാതൊരു രേഖയുമില്ലാതെ കുടിയേറ്റക്കാരായും വലിയൊരു വിഭാഗം അന്നും ഇന്നും ഇന്ത്യയില്‍ തങ്ങുന്നുണ്ട്.

1979 ല്‍ അസംമിലെ മംഗല്‍ദായ് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പോടെയാണ് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമാകുന്നത്. വോട്ട് ചെയ്തവരുടെ എണ്ണത്തിലുണ്ടായ വര്‍ധന വളരെ വലുതും പ്രത്യക്ഷവുമായിരുന്നു. രാജ്യത്തിനു പുറത്തു നിന്നും വന്നവര്‍ വോട്ടര്‍ പട്ടികയില്‍ കയറിക്കൂടിയതാണെന്ന് ആരോപണം ഉയര്‍ന്നു. ഇവരെ ഒഴിവാക്കണമെന്നുള്ള ആവശ്യത്തിലൂന്നിയ പ്രക്ഷോഭം ആറു വര്‍ഷത്തോളം നീണ്ടു.

1985ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ത്ഥികളുമായി ഒരു കരാറില്‍ ഒപ്പിട്ടു. 1985 ഓഗസ്റ്റ് 15 ലെ അസം അക്കോര്‍ഡ് പ്രകാരമാണ് പൗരത്വ രജിസ്റ്റര്‍ നിലവില്‍ വന്നത്. അന്ന് സ്റ്റുഡന്റ്‌സ് യൂണിയനും ഗണ പരിഷത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പുവച്ച ഉടമ്പടി അനുസരിച്ച് 1951 മുതല്‍ 61 വരെ അസമില്‍ എത്തിയവര്‍ക്ക് വോട്ടിങ് അവകാശം ഉള്‍പ്പെടെ പൂര്‍ണ പൗരത്വം നല്‍കാന്‍ തീരുമാനമായി. 61 മുതല്‍ 71 വരെയുള്ളവര്‍ക്ക് 10 വര്‍ഷത്തേക്ക് വോട്ടിംഗ് അവകാശം ഇല്ലാതെ പൗരത്വവും നല്‍കാന്‍ തീരുമാനമായി. എന്നാല്‍ 71നു ശേഷം കുടിയേറിയവരെ തിരികെ അയയ്ക്കാനുമായിരുന്നു ഉടമ്പടി. ഇതിനായാണ് പൗരത്വ രജിസ്റ്റര്‍ കൊണ്ടുവന്നത്

പാര്‍ലമെന്റില്‍ 1986 ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ 87 ജൂലൈക്കു മുമ്പ് 1950 ജനുവരി 26നു ശേഷം ജനിച്ചവരെയും പൗരന്മാരുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി. 2003 ലെ ഭേദഗതിയില്‍ ഇക്കാര്യം ആവര്‍ത്തിച്ചതിനൊപ്പം പൗരനാകേണ്ട ആളിന്റെ മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനായിരിക്കണമെന്ന ഉപാധികൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ നിരവധി പേര്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടു. 2004 ല്‍ ഇന്ത്യന്‍ പൗരനാകാന്‍ രണ്ട് ഉപാധികള്‍ കൂടി ഉണ്ടായി. ഇന്ത്യയില്‍ ജനിക്കുക. അനധികൃത കുടിയേറ്റക്കാരന്റെ മകനോ മകളോ ആകാന്‍ പാടില്ല എന്നിവയായിരുന്നു അത്.

രാജ്യത്ത് അനധികൃത കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാന്‍ ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട്ട് നിയമം എന്നിവ നേരത്തെ നിലവിലുണ്ട്. ഇതുപ്രകാരം അനധികൃത കുടിയേറ്റക്കാരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലാകും പാര്‍പ്പിക്കുക. മതമരമായ പീഡനം അനുഭവിച്ച് പാകിസ്ഥാനില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ വന്നവര്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന ഇളവ് 2015 സെപ്റ്റംബര്‍ ഏഴിന് നല്‍കി. എന്നാല്‍, പൗരത്വം നല്‍കിയിരുന്നില്ല.

അസം കരാര്‍ ഒപ്പിട്ടുവെങ്കിലും പിന്നീടു വന്ന സര്‍ക്കാരുകള്‍ അനധികൃതമായി കുടിയേറിയവരെ പുറത്താക്കുമെന്ന വ്യവസ്ഥ നടപ്പാക്കിയില്ല. മുന്നിലെത്തിയ ഒരു കേസില്‍ 2009 ല്‍ സുപ്രീം കോടതി പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചു. 2019 ല്‍ പട്ടിക പൂര്‍ത്തിയാക്കുമ്പോള്‍ 19 ലക്ഷം പേര്‍ പുറത്തായി. ഇതില്‍ 10 മുതല്‍ 14 ലക്ഷം വരെയുള്ള ഹിന്ദുക്കാളാണെന്നാണ് അനുമാനം.

ഇവരെ നിലനിര്‍ത്തണമെങ്കില്‍ ഒന്നുകില്‍ പൗരത്വ രജിസ്റ്ററില്‍ വെള്ളം ചേര്‍ക്കണം അല്ലെങ്കില്‍ സംരക്ഷണം നല്‍കാന്‍ നിയമനിര്‍മ്മാണം നടത്തണം. അങ്ങനെ പാകിസ്ഥാനും ബംഗ്ലാദേശിനും പുറമേ അഫ്ഗാനിസ്ഥാനിലും മതപരമായി പീഡനം അനുഭവിക്കുന്ന അമുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനു അപേക്ഷിക്കാന്‍ പ്രത്യേക അനുവാദം നല്‍കുന്ന പൗരത്വ ഭേദഗതി 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി ഒപ്പുവച്ചു. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നടപടികള്‍ ഭേദഗതിയില്‍ ഇല്ല. നിലവിലെ നിയമങ്ങള്‍ പ്രകാരം അവര്‍ക്കും പൗരത്വത്തിനു അപേക്ഷിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ദേശീയ പൗരത്വ പട്ടിക ദേശീയതലത്തില്‍ നടപ്പിലാക്കിയാലേ പൗരത്വ ഭേദഗതി നടപ്പിലാക്കാന്‍ സാധിക്കൂവെന്നതാണ് വസ്തുത. നിയമം ഭരണഘടനയുടെ ലംഘനമാണോയെന്ന ചര്‍ച്ചകളും സജീവമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here