ഷായുടെ ‘അസ്ത്രങ്ങള്‍’ ഇവിടെ ചിലവാകുന്നില്ല, താമരയ്ക്കു കുത്താത്തവര്‍ തിരികെ കൈപിടിച്ചില്ല, പിണറായിക്കു പച്ചക്കൊടി

0

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം, അതിന്റെ കെമസ്ട്രി… അതിലൊന്നും ഒതുങ്ങി നില്‍ക്കുന്നില്ല ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം. കോട്ടകള്‍ തകര്‍ത്ത ഇടത് മുന്നേറ്റത്തിനു മുന്നില്‍ ഉത്തരം മുട്ടി അമ്പരന്ന് നില്‍ക്കുകയാണ് യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങള്‍.

ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രചാരണമാണ് മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലും കണ്ടത്. എന്നാല്‍, ഇലക്ഷന്‍ മാനേജുമെന്റ് എങ്ങനെയായിരിക്കണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടതില്ലെന്ന് വിളിച്ചു പറയുന്നതുകൂടിയാണ് സി.പി.എമ്മിന്റെ ഭൂരിപക്ഷം. ജാതി സമവാക്യങ്ങള്‍ കരുതലോടെ അനുകൂലമാക്കി. ഹൈന്ദവ വോട്ട് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്കായി വിഭജിക്കപ്പെട്ടപ്പോള്‍ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ പിടിച്ചെടുത്ത തന്ത്രം.
സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ സഹായം ആവശ്യമുള്ള ഓര്‍ത്തഡോക്‌സ് സഭ ഇടതുമുന്നണിയെ അകമഴിഞ്ഞ് സഹായിക്കുന്നതിന്റെ ലക്ഷണങ്ങള്‍ പോളിംഗിന്റെ ആദ്യ മണിക്കൂറിലേ കണ്ടൂ. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി വോട്ടുകള്‍ അനുകൂലമാക്കാന്‍ നടത്തിയ കരുനീക്കങ്ങളും തെറ്റിയില്ല. പിന്നീടു വേണ്ടിയിരുന്നത് താഴെതട്ടില്‍ അവ ചോരുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിനു വിട്ടുകൊടുക്കുന്നതിനു മുമ്പേ അവിടെ നിന്നും കിട്ടാവുന്നത്ര വോട്ടുകള്‍ നേടിയിരുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രങ്ങളോ കൈവശമുള്ള ആയുധങ്ങളോ പോര കേരളത്തില്‍ വിജയിക്കാനെന്ന തിരിച്ചറിവ് ബി.ജെ.പിക്കു ചെങ്ങന്നൂര്‍ സമ്മാനിച്ചു. മുന്നണിക്കുള്ളില്‍ രമ്യമായി തീരേണ്ടിയിരുന്ന വിഴുപ്പലക്കല്‍ തെരുവിലേക്ക് വലിച്ചിഴച്ചതിന്റെ ബലയാടായി ശ്രീധരന്‍പിള്ള മാറിയെന്നു മാത്രമല്ല, മുന്നോട്ടുള്ള പ്രയാണത്തിലും കല്ലുകടിയാണ്. ആര്‍ക്കുവേണോ വോട്ടു ചെയ്‌തോ, പക്ഷേ അത് ബി.ജെ.പിക്കാകരുതെന്ന എസ്.എന്‍.ഡി.പി നിലപാട് നഷ്ടമാക്കിയ വോട്ടുകള്‍ സി.പി.എമ്മിന്റെ ഭൂരിപക്ഷത്തില്‍ പ്രകടമാണ്. വോട്ടേഴ്‌സ് ലിസ്റ്റിലെ പേജുകള്‍ക്ക് ചുമതലക്കാരെ നിശ്ചയിച്ചിട്ടും മലയാള മണ്ണില്‍ റിസള്‍ട്ടുണ്ടാക്കാന്‍ കഴിയാതെ പോയത് അവര്‍ക്ക് ആഴത്തില്‍ പഠിക്കേണ്ടി വരും.

സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്ന് പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതു പോയില്ലെന്ന് ആശ്വസിക്കാം. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താമരയില്‍ കുത്തിയവര്‍, അവിടം വിട്ടിട്ടും കൈപിടിക്കാന്‍ തയാറായില്ലെന്നത് കോണ്‍ഗ്രസിനും പഠിക്കേണ്ടി വരും. നിശബ്ദപ്രചാരണത്തിലേക്കു കടന്ന മണിക്കൂറുകള്‍ മുതല്‍ പിന്നീടിങ്ങോട്ട് കോണ്‍ഗ്രസ് ക്യാമ്പുകളിലുണ്ടായ പ്രവര്‍ത്തകരുടെ കുറവ് സ്ഥാനാര്‍ത്ഥിയും തിരിച്ചറിഞ്ഞതാണ്. രമേശ് ചെന്നിത്തലയുടേയോ വിജയകുമാറിന്റെയോ ബൂത്തുകളില്‍പോലും കോണ്‍ഗ്രസിനു മുന്നേറ്റമുണ്ടാക്കാനായില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here