ആഭിചാരം മുതല്‍ കൊലപാതകം വരെ, ഇടയ്ക്ക് ലൈംഗിക വേഴ്ചയും… ഇവയെല്ലം ആള്‍ ദൈവങ്ങളുടെ സമ്മാനങ്ങള്‍

0

ആഭിചാരം മുതല്‍ കൊലപാതകങ്ങള്‍ വരെ, ഇടയ്ക്ക് പീഡനങ്ങളും… സാധാരണക്കാരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ വിശ്വാസത്തിന്റെ മറവില്‍ തട്ടിപ്പ് ആള്‍ദൈവങ്ങള്‍ ചതിക്കുഴിയിലാക്കുന്നത് നിരവധിപ്പേരെയാണ്. രാജ്യത്തിന്റെ ചെറു ഗ്രാമങ്ങള്‍ മുതല്‍ നിരവധി ബ്രാഞ്ചുകളുടെ പ്രസ്ഥാനങ്ങളായി വരെ ഈ പരിപാടി തുടരുന്നു. ഇത്തരക്കാരുടെ പ്രതികാര നടപടികള്‍ ഭയന്നും നേരിട്ടത് പുറത്തു പറയാനാകാരെയും ഇരകള്‍ മൗനം പാലിക്കുന്നു.
40 വര്‍ഷം കൊണ്ട് ഇന്ത്യയിലും വിദേശത്തുമായി നാനൂറിലേറെ ആശ്രമങ്ങള്‍ സൃഷ്ടിച്ച ആസാറാം ബാപ്പുവിന്റെ അനുയായികളുടെയും വിശ്വാസികളുടെയും ബലം ചില്ലറയല്ല. 10,000 കോടിയിലേറെ രൂപയുടെ ആസ്തിയുണ്ടെന്ന് കരുതുന്ന പ്രസ്താനത്തിന്റെ തലവന്‍ അഴിക്കുള്ളിലായത് ഇരയായ പതിനാറുകാരിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടുകൊണ്ടാണ്. രക്ഷകനായി മനസില്‍ കരുതി ആരാധിച്ച ‘ദൈവം’ പീഡകനായി മാറിയപ്പോള്‍ പെണ്‍കുട്ടി മാത്രമല്ല, കുടുംബമേ തകര്‍ന്നു. പിതാവിന്റെ ചെറിയ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് പ്രതിസന്ധി നേരിട്ടപ്പോഴാണ് ഇവര്‍ ബാപ്പുവിന്റെ അടുത്തെത്തിയതും പിന്നീട് ഭക്തരായി മാറിയതും.

ഗുര്‍മീത് റാം റഫീം സിംഗ്

സ്വയം പ്രഖ്യാപിത ആള്‍ ദൈവം ഗുര്‍മീത് റാം റഫീം സിംഗ് ജയിലിലായത് ബലാല്‍സംഗ കേസിലാണ്. 2017 ഓഗസ്റ്റില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് പ്രത്യേക സി്.ബി.ഐ കോടതി വിധിച്ചത്. വിധിയിലുണ്ടായ പ്രതിഷേധങ്ങളില്‍ 36 പേര്‍ കൊല്ലപ്പെട്ടു.

മെഹന്ദി കാസിം
ഏഴു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 43-കാരനായ ആള്‍ ദൈവം മെഹന്ദി കാസിമിനെ 2016 ഏപ്രിലില്‍ മുംബൈ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

സന്തോഷ് മാധവന്‍

പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തതിന് 2009 ല്‍ കേരള ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. 16 വര്‍ഷത്തെ കഠിന തടവും 2.10 ലക്ഷം രൂപ പിഴയും വിധിച്ചു. ദുബായിയില്‍ താമസക്കാരിയായ ഇന്ത്യന്‍ വനിതയെ കബളിപ്പിച്ച് 40 ലക്ഷം തട്ടിയെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്.

സ്വാമി പ്രേമാനന്ദ

പ്രേമാനന്ദയില്‍ നിന്ന് ഗര്‍ഭിണിയായെന്ന് വ്യക്തമാക്കി 1994 ല്‍ ഒരു പെണ്‍കുട്ടി രംഗത്തെത്തിയതോടെ ജീവപര്യന്തം തടവും 67.3 ലക്ഷം പിഴയും കിട്ടി. 2011 ഫെബ്രുവരിയില്‍ കുഡല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരണപ്പെട്ടു.

ഏഴാം ക്ലാസ് ജയിച്ചപ്പോള്‍ ചിങ്‌വാരയിലെ ഗുരുകുലത്തില്‍ പഠിക്കാന്‍ അസാറാം നിര്‍ദേശിച്ചു. 11-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ തലചുറ്റി വീണു. കുട്ടിയുടെ ശരീരത്തില്‍ പ്രവേശിച്ച ദുഷ്ടാത്മാവിനെ മന്ത്രം ചൊല്ലി അകറ്റാന്‍ ഹോസ്റ്റലിലെ മാനേജുമെന്റു തന്നെ തുടക്കം കുറിച്ചു. 2013 ഓഗസ്റ്റ് 15ന് മാതാപിതാക്കള്‍ ജോധ്പൂരിലെ ആസാറാമിന്റെ ആശ്രമത്തില്‍ ചികിത്സയ്ക്ക് എത്തിച്ചു. പൂജയ്ക്കുശേഷം മാതാപിതാക്കളെ ഒഴിവാക്കി പെണ്‍കുട്ടിയെ അസാറാം ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് കുട്ടിയുടെ വിഷമം കണ്ട് മാതാവ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയിലെത്തി കമലാ മാര്‍ക്കറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച സ്‌റ്റേഷന്‍ പിന്നാലെ ആക്രമിക്കപ്പെട്ടതും ചരിത്രം.
ലൈംഗിക ശേഷിയില്ലെന്ന് വാദിച്ചും കേസിലെ സാക്ഷികളെ കൊന്നും അസാറാം കേസിനെ നേരിട്ടു. ഒടുവില്‍ അഴിക്കുള്ളിലായി.

അസുമാല്‍ സിരുമലാനിയില്‍ നിന്ന് അസാറാം ബാപ്പുവിലേക്ക്

1941 ല്‍ ഇപ്പോള്‍ പാകിസ്ഥാനിലുള്ള സംഘറിലെ ബെരാനിയിലാണ് ജനനം. വിഭജനകാലത്ത് ആറാം വയസിലാണ് അസുമാല്‍ സിരുമലാനിയുടെ കുടുംബം ഇന്ത്യയിലേക്ക് എത്തിയത്. പത്താം വയസില്‍ അച്ഛന്‍ മരിച്ചു. നാലാം ക്ലാസില്‍ പഠനം നിര്‍ത്തി.
കൗമാരപ്രായത്തില്‍ പലതവണ ഒളിച്ചോടിയ അസാറാമിനെ 15-ാം വയസില്‍ വീട്ടുകാര്‍ പെണ്ണുകെട്ടിച്ചു. എന്നാല്‍ 23-ാം വയസില്‍ വീണ്ടും ഒളിച്ചോടി. അങ്ങനെ ലീലാഷാഹ്ജി മഹാരാജിലെത്തി അത്മീയ ജീവിതത്തിനു തുടക്കം കുറിച്ചു.

നാരായണ്‍ സായി

അസാറാം ബാപ്പുവിന്റെ മകനും അയാളുടെ പ്രസ്താനത്തിലെ രണ്ടാമനുമായ നാരായണ്‍ സായി ലൈംഗിക പീഡന ആരോപണത്തിന്റെ നടുവിലാണ്. 2002 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നാരായണ സായിയും അസാറാം ബാപ്പുവും ചേര്‍ന്ന് ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ചുവെന്ന ആരോപണവുമായി സൂറത്തില്‍ നിന്നുള്ള രണ്ടു സഹോദരിമാര്‍ രംഗത്തുണ്ട്.

 

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here