കാര്‍ട്ടൂണില്‍ പൊള്ളുന്ന ഇടതുപക്ഷം; വിശ്വാസം അതാണ് എല്ലാം

0

പതിനെട്ട് സീറ്റ് മോഹിച്ചിട്ട് പത്തൊന്‍പതിലും തോറ്റോടിയ ഇടതുപക്ഷത്തിന് ‘മതവിഷയങ്ങള്‍’ കീറാമുട്ടിയാകുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് കുറുക്കുവഴികള്‍ തേടിയതാണ് വിശ്വാസികളെ എതിരാക്കിയതെന്ന വിമര്‍ശനം മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ന്നുതുടങ്ങിയതിനിടെ മദംപൊട്ടുന്ന മതനേതാക്കളെ പേടിച്ചുതുടങ്ങിയിരിക്കയാണ് ഇടതുസര്‍ക്കാര്‍.

ലളിതകലാ അക്കാദമി പുരസ്‌കാരംനേടിയ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണാണ് വിവാദം കൊഴുപ്പിക്കുന്നത്. മതമേലധ്യക്ഷന്‍മാര്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ സാംസ്‌കാരിക മന്ത്രി അക്കാദമിക്കെതിരേ രംഗത്തെത്തി. മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണിന് കിട്ടിയ അവാര്‍ഡ് തിരികെയെടുക്കാനുള്ള നീക്കവും തുടങ്ങി. ആവിഷ്‌കാര സ്വാതന്ത്ര്യ സംരക്ഷകരെന്ന ഇടതുപക്ഷ മേലങ്കിയാണ് ‘ഫ്രാങ്കോ’ വിമര്‍ശന കാര്‍ട്ടൂണിന് എതിരേ വാളെടുത്തതോടെ അഴിഞ്ഞുവീഴുന്നത്.

ബിഷ്പ് ഫ്രാങ്കോയെ തള്ളിപ്പറയാത്ത സഭയെയും ഒത്താശചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തെയും നിശിതമായി വിമര്‍ശിച്ച കാര്‍ട്ടൂണാണ് കെ.കെ. സുഭാഷ് വരച്ച ‘വിശ്വാസം രക്ഷതി’. പി.കെ.ശശി എം.എല്‍.എയും പി.സി.ജോര്‍ജുമെല്ലാം ഉള്‍പ്പെട്ട കാര്‍ട്ടൂണ്‍ ഹാസ്യകൈരളി എന്ന കാര്‍ട്ടൂണ്‍ മാഗസിനിന്റെ മുഖചിത്രമായി പ്രസിദ്ധീകരിച്ചിരുന്നു. 2018 ഒക്‌ടോബര്‍ മാസത്തിലാണ് മാഗസിന്‍ പുറത്തിറങ്ങിയത്. അന്നൊന്നും മതചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണം കെ.സി.ബി.സിയോ മതമേലധ്യക്ഷന്‍മാരോ ഉന്നയിച്ചിരുന്നില്ല. ലളിതകലാ അക്കാദമി പുരസ്‌കാരം നല്‍കിയതോടെയാണ് മതവികാരങ്ങള്‍ വ്രണപ്പെട്ടെന്ന നിലവിളി ഉയര്‍ന്നത്.

‘മീശ’വിവാദത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനൊപ്പം നിന്ന മുഖ്യമന്ത്രിയും
കൂട്ടരുമാണ് മതമേലധ്യക്ഷന്‍മാരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുന്നത്. പര്‍ദ്ദ ധരിക്കുന്നതിനെ വിമര്‍ശിച്ചു കവിത എഴുതിയ പവിത്രന്‍ തീക്കുനി കവിത പിന്‍വലിച്ച് തലയൂരിയപ്പോഴും ഇടതുപക്ഷം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടിയിയെല്ലന്നതും ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here