അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയും വ്യാജ സിദ്ധന്മാരായി വിലസുകയും ചെയ്യുന്നവര്‍ നമ്മുക്കിടയില്‍ മാത്രമല്ല. എല്ലായിടത്തുമുണ്ട്. മൃതദേഹങ്ങളെ ആരാധിക്കുകയും തന്റെ വിസര്‍ജ്യം ശിഷ്യന്മാര്ക്കും ഭക്തര്‍ക്കും പ്രസാദമായി നല്‍കുകയും ചെയ്തിരുന്ന ആത്മീയ ഗുരുവിനെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടി. തായിലന്റിലെ ചയ്യാഫം കൊടുങ്കാട്ടിനുള്ളില്‍ ആത്മീയ ഗുരുവായി കഴിഞ്ഞിരുന്ന എഴുപത്തിയഞ്ചുകാരന് താവീ നാന്റയാണ് കുടുങ്ങിയത്.
ലോകത്തെ എല്ലാ മതാങ്ങളുടെയും പിതാവെന്നാണ് നാന് അനുയായികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. ഇയാളുടെ ആശ്രമത്തില്‍ കേടാകാതെ ഫോര്മാന്ഡിനില് സൂക്ഷിച്ചിരുന്നത് 11 മനുഷ്യ മൃതദേഹങ്ങളാണ്. സ്വര്ഗസന്ദര്ശനത്തിനുപോയ ആത്മാക്കള്‍ മടങ്ങിയെത്തുമ്പോള്‍ വസിക്കാനാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നതെന്നാണ് ഇയാളുടെ പക്ഷം. ഒരു അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹവും ഇതിലുണ്ടായിരുന്നു. ശവാരാധനയ്ക്കുശേഷം ഭക്തര്‍ക്കു ഇയാള്‍ നല്‍കിയിരുന്നത് മൂത്രവും കഫവുമായിരുന്നു. സകല രോഗങ്ങളെയും അകറ്റാനുള്ള ശക്തി ഗുരുവിന്റെ ശരീരസ്രവങ്ങള്ക്ക് ഉണ്ടത്രേ.
മറ്റെല്ലായിടത്തെയും പോലെ, ഗുരുവിനെ കസ്റ്റഡിയിലെടുക്കാനെത്തിയ അധികൃതരോട് ശിഷ്യന്മാര് രൂക്ഷമായിട്ടാണ് പ്രതികരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്വാമിക്ക് ഇതുവരെയും ജാമ്യം ലഭിച്ചിട്ടില്ല. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടിയതിനും വനഭൂമി കൈയേറിയതിനുമാണ് ഇയാള്‍ക്കെതിരെ നിയമ നടപടി തുടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.