കോടികള്‍ തട്ടുന്നവര്‍ക്ക് ‘കോടിമുണ്ട്’; നാലണ മുടക്കിയാല്‍ കീറും ‘മുണ്ട്’

0

സാധാരണക്കാരന്‍ മുണ്ടുമുറുക്കി ഉടുത്ത് സമ്പാദിക്കുന്ന ചില്ലറ പോലും പിഴിഞ്ഞെടുക്കുന്ന ബാങ്കുകള്‍ കോടികള്‍ തട്ടിക്കുന്ന കോടീശ്വരന്‍മാര്‍ക്ക് മുന്നില്‍ കോടിമുണ്ടിന്റെ പരവതാനി വിരിച്ച് നില്‍ക്കുന്ന കാഴ്ചയാണ് രാജ്യത്ത്. സാധാരണക്കാരനെയും കാശുള്ളവനെയും വ്യത്യസ്ത നയം കൊണ്ടളക്കുന്ന ബാങ്കിങ് രംഗത്തെ തട്ടിപ്പുകളാണ് സാധാരണക്കാരെ ചിന്തിപ്പിക്കുന്നത്.
ശതകോടീശ്വരഗണം ബാങ്കുകളെ പറ്റിച്ചു നാടുവിടുന്നത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടു കൊണ്ടോ ? അതോ ഉദ്യോഗസ്ഥരുടെയും ബാങ്ക് അധികൃതരുടെയും ഒത്തുകളിയുടെ മറവിലോ ?
അക്കൗണ്ടിലെ മിനിമം ബാലന്‍സ് കുറഞ്ഞാല്‍, അത്യവശ്യത്തിന് എ.ടി.എമ്മില്‍ കയറി ഒന്നോ രണ്ടോ തവണ കൂടുതല്‍ പണം എടുത്താല്‍ തുടങ്ങി സാധാരണ അക്കൗണ്ട് ഉടമകള്‍ അന്നനങ്ങിയാല്‍ ‘മീറ്ററിടിച്ച്’ കീശവലുതാക്കുന്ന രീതിയാണ് അടുത്തിടെയായി പ്രധാന ബാങ്കുകള്‍ സ്വീകരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതു മുതല്‍ ബാങ്കുള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. ഫലമായി 100 കണക്കിനു കോടികള്‍ രാജ്യത്തെ ബാങ്കുകള്‍ നേടുന്നു.
ഒരു വായ്പയ്ക്ക് ഏതെങ്കിലും ബാങ്കിന്റെ ഏതെങ്കിലും ബ്രാഞ്ചിലേക്കു ചെന്നു നോക്കുക. വായ്പാ തിരിച്ചടവിനു കഴിവുണ്ടോയെന്ന പരിശോധനയുടെ പേരില്‍ എങ്ങനെ സാധാരണക്കാരെ ഒഴിവാക്കാമെന്ന ഗവേഷണം തുടങ്ങും. ഇല്ലാത്ത രേഖകളെല്ലാം ഓടിനടന്ന് ഹാജരാക്കിയശേഷം, സിബില്‍ മുതല്‍ കൊളാറ്ററലിന്റെ മൂല്യം അടക്കം ആവശ്യം തള്ളാന്‍ നിരവധി കാരണങ്ങളുണ്ടാകും.
പി.എം.ഇ.ജി.പി പദ്ധതി പ്രകാരം, ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയിലുള്ള സമിതി അംഗീകരിക്കുന്ന പ്രോജക്ടുകള്‍ക്കുപോലും ഇപ്പോള്‍ ബാങ്കുകളില്‍ ദുര്‍ഗതിയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. കെട്ടിടം നിര്‍മ്മിച്ച് തുടങ്ങാനുദ്ദേശിച്ച പ്ലാന്റിന്റെ പ്രോജക്ടുമായി ബന്ധപ്പെട്ട സ്ഥലത്തെ സര്‍വീസ് ബാങ്കിലെത്തിയ അപേക്ഷകനോട് ബാങ്ക് നിര്‍ബന്ധമായും ആവശ്യപ്പെട്ടത് പ്ലാന്റിന്റെ ലൈസന്‍സുകളാണ്. പദ്ധതി തുടങ്ങാതെ ലൈസന്‍സ് നല്‍കാനാവില്ലെന്ന് തദ്ദേശസ്ഥാപനവും നിലപാട് സ്വീകരിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ പദ്ധതി ഉപേക്ഷിച്ചുവെന്ന് യുവതി റൗണ്ടപ്‌കേരള. കോമിനോട് വിശദീകരിച്ചു. പണ്ട് എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പയുടെ കാര്യങ്ങള്‍ പറഞ്ഞും ബാങ്കില്‍നിന്ന് വിരട്ടലുണ്ടായത്രേ.
എന്നിരുന്നാലും, ബാങ്കുകളുടെ കണക്കുകളില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ പദ്ധതി പ്രകാരവും വായ്പകള്‍ നല്‍കി ക്വാട്ടി തികച്ചിട്ടുണ്ടാകും. എങ്ങനെയെന്നല്ലേ, റിസ്‌ക് ഫ്രീയായി ഉപഭോക്താക്കരെ കണ്ടെത്തുന്നവരാണ് ബ്രാഞ്ച് അധികാരികള്‍. തിരിച്ചടവിനുള്ള കഴിവിന്റെ മറവില്‍ സ്ഥിരം കസ്റ്റമേഴ്‌സിന് കൂടുതല്‍ വയ്പ്കള്‍ നല്‍കുന്നതടക്കം പല രീതികളുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ തന്നെ സമ്മതിക്കുന്നു. എന്നിട്ടും തിരിച്ചടവില്ലാതെ പോകുന്ന നിരവധി ലോണുകള്‍ ഓരോ ബാങ്കിന്റെയും ബ്രാഞ്ചുകള്‍ക്കുണ്ട്.
ബ്രാഞ്ചുതലത്തില്‍ സാധാരനക്കാരനു വായ്പ നല്‍കാന്‍ സ്വീകരിക്കുന്ന അതേ രീതികളല്ലേ വന്‍കിട പദ്ധതികള്‍ക്കും ബാങ്കുകള്‍ സ്വീകരിക്കുന്നത് ? ഒരു തിരിച്ചടവ് മുടങ്ങിയാല്‍ സാധാരണക്കാരനു പിന്നാലെ നടക്കുന്ന ബാങ്കുകള്‍ എന്തേ ശതകോടീശ്വരന്മാര്‍ രാജ്യം വിടുന്നതു വരെ കാത്തിരിക്കുന്നു ? 2011 മുതല്‍ നടന്നുവന്ന നീരവ് മോദിയുടെ ക്രമക്കേട് കണ്ടുപിടിക്കാന്‍ 2018 ല്‍ അയാളും കുടുംബവും നാടുവിടുന്നതുവരെ കഴിഞ്ഞില്ലെന്ന പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ നിലപാട് ബാങ്കിന്റെ ഇന്റേണല്‍ ഓഡിറ്റിംഗിനെ പോലും ചോദ്യം ചെയ്യുന്നത്. കാര്‍ഷിക ആവശ്യത്തിനുള്ള സ്വര്‍ണ വായ്പകളില്‍ കരം തീര്‍ന്ന രസീതിന്റെ ആധികാരികത പോലും ഉറപ്പാക്കുന്ന ഓഡിറ്റിംഗ് വിഭാഗങ്ങള്‍ ശതകോടീശ്വരന്‍മാരുടെ ഫയലുകള്‍ കാണാറില്ലേ.
എട്ട്് എല്‍.ഒ.യു നീരവ് മോദിക്കു നല്‍കിയിരുന്നതായി ബാങ്ക് പറയുമ്പോള്‍ 142 എണ്ണം നല്‍കിയിരുന്നതായിട്ടാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ഇനി നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ്. ഇതിനു മുന്നേ മുങ്ങിയ വിജയ് മല്യയും ലളിത് മോദിയും എല്ലാം വിദേശത്തെ സുഖവാസം അവസാനിപ്പിച്ച് മടങ്ങിവന്നതുകൊണ്ട് നീരവും ഉടനെത്തുമെന്ന് പ്രതീക്ഷിക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here