നവമാധ്യമങ്ങളില്‍ വൈറലായി ‘അയ്യപ്പകോപ’ കഥകള്‍

0

ശബരിമല വിഷയത്തില്‍ നവോദ്ധാനം നടപ്പാക്കാനിറങ്ങി പാതിവഴിയില്‍ നില്‍ക്കുന്ന ഇടതുപക്ഷത്തിനെ അടപടലം ട്രോളി വെളുപ്പിക്കുകയാണ് നവമാധ്യമങ്ങള്‍. ശബരിമലയില്‍ യുവതീപ്രവേശനമെന്ന പുരോഗമനപരമായ നിലപാടില്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ആണയിട്ടുനടന്ന ഇടതുപക്ഷം ലോക്‌സഭാഫലം വന്നതോടെ അടിതെറ്റിവീണതോടെ ‘പുരോഗമന’പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ് എന്നോര്‍മ്മപ്പെടുത്തിയാണ് ശത്രുക്കള്‍ പൊങ്കാലയിടുന്നത്.

വനിതാ മതിലിനുപിന്നാലെ യുവതികളെ എത്തിച്ച നടപടിയാണ് വിശ്വാസികളില്‍ മുറിവുണ്ടാക്കിയതെന്ന തിരിച്ചറിവിലാണ് ഇടതുനേതാക്കള്‍. എങ്ങനെയും ബി.ജെ.പി. സര്‍ക്കാര്‍ വിശ്വാസസംരക്ഷണ ബില്ലുമായി വരണമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥന.

ഇതിനുപിന്നാലെയാണ് ഇടതുപക്ഷത്തിന്റെ പ്രതിശ്ഛായ കൂടുതല്‍ മോശമാക്കുന്ന വിവാദങ്ങള്‍ പൊട്ടിവിടരുന്നത്. പണി തരുന്നതെല്ലാം ‘പെണ്ണുങ്ങള്‍’ തന്നെ എന്ന കണ്ടെത്തലിലാണ് സംഘിങ്ങളും വിശ്വാസികളും. ആന്തൂരില്‍ പ്രവാസിയുടെ മരണത്തിന് ഉത്തരവാദിയായ നഗരസഭയും നഗരസഭാധ്യക്ഷയും കണ്ണൂരിലെ പാര്‍ട്ടിക്ക് വരുത്തിയ ക്ഷീണം ചെറുതല്ല.

സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരേ ‘യുവതിയും കുഞ്ഞും’ രംഗത്തുവന്നതോടെ അയ്യപ്പകോപാരോപണവും നവമാധ്യമങ്ങളില്‍ കടുത്തു. യുവതീപ്രവേശനം സ്വന്തംവീട്ടില്‍ യാഥാര്‍ത്ഥ്യമാക്കൂവെന്നാണ് സംഘികളുടെ മുറവിളി. സൈബര്‍ സഖാക്കളാകട്ടെ മിണ്ടാട്ടംമുട്ടി സൈന്‍ഔട്ടായ മട്ടാണ്. കടുത്ത സി.പി.എം. സൈബര്‍കൂട്ടായ്മയായ പോരാളി ഷാജി പോലും ആന്തൂരിലെ പ്രവാസിയുടെ മരണത്തില്‍ ഗോവിന്ദന്‍മാസ്റ്റരുടെ ഭാര്യയും നഗരസഭാ അധ്യക്ഷയുമായ ശ്യാമളയ്‌ക്കെതിരേ പോസ്റ്റിട്ടിരുന്നു.

വെട്ടിലാക്കുന്ന പ്രശ്‌നങ്ങളില്‍ എങ്ങനെ സ്ത്രീസാന്നിധ്യം ഉറപ്പാകുന്നൂവെന്ന ഞെട്ടല്‍ വിട്ടുമാറാത്ത അവസ്ഥയിലാണ് വിശ്വാസികളും അവിശ്വാസികളുമായ സഖാക്കള്‍. ഇനി ശരിക്കും അയ്യപ്പകോപമാണോ എന്നതില്‍ മാത്രമാണ് താത്വികസംശയം.

LEAVE A REPLY

Please enter your comment!
Please enter your name here