എല്ലാം അനുകൂലമാക്കി മോദി മുന്നേറുന്നു… വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് നിര്‍ണായക വളര്‍ച്ച, ചെറു പാര്‍ട്ടികള്‍ക്കും രാഹുലിനും ക്ഷീണം തന്നെ

0
3

ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങള്‍. രണ്ടിടത്ത് ബി.ജെ.പി. ഒരിടത്ത് കോണ്‍ഗ്രസ്. രണ്ടിടത്ത് തൂക്കുമന്ത്രിസഭകള്‍ക്ക് ആര് നേതൃത്വം നല്‍കുമെന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് അടക്കം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇങ്ങനെ. എന്നാല്‍, അത് സൃഷ്ടിച്ചിരിക്കുന്ന ഓളങ്ങള്‍ക്ക് സുനാമിയുടെ സ്വഭാവമുണ്ട്.

അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ചുക്കാന്‍ പിടിച്ച ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. മൃഗീയ ഭൂരിപക്ഷം നേടിയപ്പോള്‍ തകര്‍ന്നടിഞ്ഞത് പ്രാദേശിക പാര്‍ട്ടികള്‍ മാത്രമല്ല. വരാനിരുന്ന നിരവധി പ്രശ്‌നങ്ങളുടെ മുളയിലേയുള്ള നുള്ളല്‍കൂടിയാണ്. സമാജ് വാദി പാര്‍ട്ടിയെ മാത്രമല്ല, കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ദേശീയ തലത്തില്‍ വരും നാളുകളില്‍ ഉയര്‍ത്തുമായിരുന്ന വെല്ലുവിളിയുടെ ശക്തി ഇല്ലാതാക്കി. അഖിലേഷ് യാദവിന് സ്വന്തം പാര്‍ട്ടിക്കാരുടെ പഴി കേള്‍ക്കാനാണ് വരും ദിവസങ്ങളിലെ വിധിയെങ്കില്‍, രാഹുല്‍ ഗാന്ധിയുടെ നിലനില്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ പോലും ചോദ്യം ചെയ്യപ്പെടും. മായാവതിയും പരുങ്ങലിയാണ്. ഇപ്പോഴത്തെ നിലയ്ക്ക് ഒരംഗത്തെ രാജ്യസഭയിലേക്ക് ജയിപ്പിക്കാന്‍ കൂടി കഴിയില്ലെന്നിരിക്കെ, സ്വന്തം സ്ഥാനംപോലും പ്രശ്‌നത്തിലാകും. ഉത്തര്‍പ്രദേശില്‍ 140 ഓളം സീറ്റുകളില്‍ മത്സരിച്ച ഇടതു പാര്‍ട്ടികള്‍ക്ക് ഒരിടത്തുപോലും അനക്കം സൃഷ്ടിക്കാനായില്ല.

ഇപ്പുറത്ത്, ബി.ജെ.പിയും ബി.ജെ.പി വിരുദ്ധരുമെന്ന നിലയ്ക്ക് മുന്നേറാന്‍ എല്ലാ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്തവരെ കൂടി ഉള്‍പ്പെടുത്തി മോദിയും കൂട്ടരും മെനഞ്ഞ തന്ത്രങ്ങള്‍ വിജയിക്കുകയും ചെയ്തു. 14 വര്‍ഷത്തിനിപ്പുറം ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായി അധികാരത്തിലെത്തുമ്പോള്‍ നിര്‍ണ്ണായകമായ പല തീരുമാനങ്ങളും ബി.ജെ.പിയില്‍ നിന്ന് പ്രതീക്ഷിക്കുകയും വേണം. മറ്റു പാര്‍ട്ടികള്‍ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഉപയോഗിച്ച നോട്ടു നിരോധനം ഉള്‍പ്പെടെ അനുകൂലമായി മാറിയ സാഹചര്യവും നിലനില്‍ക്കുന്നു.

ബീഹാറില്‍ സഖ്യത്തിന് ദയനീയ തിരിച്ചടിയുണ്ടായെങ്കിലും എ.എ.പിയുടെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ട് ദേശീയ തലത്തില്‍ ഉണ്ടാകാമായിരുന്ന മറ്റൊരു ഭീഷണി കൂടി ബി.ജെ.പി ഒഴിവാക്കി. എ.എ.പി ബീഹാറില്‍ വിജയിച്ചിരുന്നുവെങ്കില്‍ രാഹുല്‍-അഖിലേഷ് കൂട്ടുകെട്ടുപോലെ തന്നെ കെജരിവാളും ദേശീയ തലത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുമായിരുന്നു. എന്നാല്‍, ബി.ജെ.പി പല മണ്ഡലങ്ങളിലും സ്വീകരിച്ച നിലപാടിനെതിരെ സ്വന്തം ക്യാമ്പില്‍ നിന്ന് ഉയരാനിടയുള്ള വെല്ലുവിളിയെ എങ്ങനെ തരണം ചെയ്യുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും. ഉത്തരാഖണ്ഡില്‍ നിലവിലെ മുഖ്യമന്ത്രി മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും പരാജയപ്പെട്ടു.

പഞ്ചാബില്‍ തിരിച്ചടിയായ ഭരണ വിരുദ്ധവികാരമാണ് മണിപൂരില്‍ ഒരു പരിധിവരെ ബി.ജെ.പിക്ക് അനുഗ്രഹമായത്. ഒരു സീറ്റുമില്ലാതിരുന്ന ഇവിടെ നിര്‍ണ്ണായക മുന്നേറ്റം ബി.ജെ.പി നടത്തിയപ്പോള്‍ ഇറോം ശാര്‍മിളയ്ക്കും അവരുടെ പാര്‍ട്ടിക്കും പാടെ അടി തെറ്റി. ഇറോം ശാര്‍മിളയ്ക്ക് നേടാനായത് 90 വോട്ടുകളാണ്. സ്ഥാനമാകട്ടെ നോട്ടയ്ക്കും പിന്നിലും.

ഗോവയിലും ഭരണ വിരുദ്ധ വികാരത്തിന്റെ ചൂട് ബി.ജെ.പി അറിഞ്ഞു. മുഖ്യമന്ത്രി പോലും പരാജയപ്പെട്ടു. ചുരുക്കത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിര്‍ണായക വളര്‍ച്ചയാണ് ബി.ജെ.പി നേടിയിരിക്കുന്നത്. അതാകട്ടെ, മോദിക്കും അമിത് ഷായ്ക്കും പാര്‍ട്ടിക്കുള്ളില്‍ നേടിക്കൊടുക്കുന്ന മേല്‍കൊയ്മ വളരെ വലുതും. അതിനാല്‍തന്നെ, മോദി തന്നെ കസേര വരും നാളുകളിലേക്കും ഉറപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here