തിരുവനന്തപുരം | സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നിയോഗിച്ച വി.സിയും സി.പി.എം സര്‍ക്കാര്‍ അനുകൂലികളും തമ്മിലുള്ള പോരു രൂക്ഷമായതോടെ ത്രിശങ്കുവിലായി വിദ്യാര്‍ത്ഥികള്‍.
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെയും പരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാതേയുമുള്ള സ്ഥിതി ഉടലെടുത്തതോടെ സംസ്ഥാനത്തിനു പുറത്തും വിദേശത്തും ലഭിച്ച ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. പരീക്ഷാ കണ്‍ട്രോളര്‍ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എംസിഎ പരീക്ഷാഫലങ്ങള്‍ വിസി യുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പിവിസിയുടെ ഓഫീസില്‍ ഫയലുകള്‍ വിശ്രമിക്കുകയാണ്.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിസി ഒഴിഞ്ഞെങ്കിലും പിവിസി തന്റേത് രാഷ്ട്രീയ നിയമനമാണെന്ന നിലപാടില്‍ ഓഫീസില്‍ തുടരുകയാണ്. 8000 ത്തോളം ഡിഗ്രി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകളാണ് വിസിയുടെ ഒപ്പിന് സമര്‍പ്പിക്കാതെ മാറ്റിവെച്ചിരിക്കുന്നത്. മൂല്യനിര്‍ണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസള്‍ട്ട് വിസിയുടെ അംഗീകാരത്തിന് പിവിസി സമര്‍പ്പിച്ചിട്ടില്ല.
തങ്ങള്‍ക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവര്‍ണര്‍ താല്‍ക്കാലിക വൈസ് ചാന്‍സറായി നിയമിച്ചതാണ് സിന്‍ഡിക്കേറ്റിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ വിസി സ്ഥാനം ഏറ്റെടുക്കുവാന്‍ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ക്ക് വിസി യുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്. ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സര്‍വ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസിക്ക് ഫയലുകള്‍ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
വിസിയെ നിയമിച്ച നടപടികള്‍ക്കെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ എതിര്‍കക്ഷിയാക്കിയാക്കി സര്‍ക്കാര്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ വിസിക്ക് ഫയലുകള്‍ കൈമാറരുതെന്നാണ് സിന്‍ഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.സര്‍വ്വകലാശാലയില്‍ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാന്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക ഭരണ രംഗത്തെ മികവും പരിശോധിച്ചാണ് ഗവര്‍ണര്‍, സാങ്കേതിക വിദ്യാഭ്യാസ സീനിയര്‍ ജോയിന്‍ ഡയറക്ടര്‍ ഡോ സിസാ തോമസിന് വിസി യുടെ താല്‍ക്കാലിക ചുമതല നല്‍കിയത്.
സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവര്‍ ചട്ട പ്രകാരം വിസി പദവിയ്ക്ക് അര്‍ഹരല്ലെന്നും, പിവിസി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വിസിയുടെ അധിക ചുമതല നല്‍കിയത്. എന്നാല്‍ നിലവില്‍ സര്‍വ്വകലാശാലയില്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരു തടസ്സവുമില്ലെന്നും സര്‍വകലാശാലയുടെ പ്രവര്‍ത്തനം കാര്യക്ഷമാണെന്നും രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം സര്‍വ്വകലാശാല അഭിഭാഷകന്‍ ഗവര്‍ക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ തകര്‍ക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നിവേദനം നല്‍കി.