‘സാധാരണക്കാരന് 10 അടി അകലം’, ഉദ്യോഗസ്ഥ-കോപ്പറേറ്റ് ഗൂഢാലോചനയിലൂടെ കാനറാ ബാങ്കിന് 515 കോടി പോയി

0

ഡല്‍ഹി: സാധാരണക്കാരെ 10 അടി അകലെ മാറ്റി നിര്‍ത്തി വമ്പന്‍മാര്‍ക്ക് പരവതാനി വിരിക്കുന്ന ഉദ്യോഗസ്ഥരെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച്, പണിവാങ്ങിയ ബാങ്കുകളുടെ എണ്ണം കൂടുന്നു. 515 കോടി രൂപയുടെ തട്ടിപ്പു നടന്നുവെന്ന പരാതിയുമായി കാനറാ ബാങ്ക് സി.ബി.ഐയെ സമീപിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക്ഓഫ് ബറോഡ എന്നിവയ്ക്കു പിന്നാലെയാണ് കാനറാ ബാങ്കിന്റെ പുതിയ പരാതി. ഫെബ്രുവരി 26നു കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.വി. പ്രസാദ് റാവുവാണ് ആര്‍.പി ഇന്‍ഫോ സിസ്റ്റത്തിനെതിരെ 515.15 കോടി രൂപ തട്ടിപ്പിന് പരാതി നല്‍കിയിട്ടുള്ളതെന്ന് എഫ്.ഐ.ആര്‍. വ്യക്തമാക്കുന്നു. കാനറാ ബാങ്കിനെയും മറ്റ് ഒമ്പത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയും കബളിപ്പിച്ചതായിട്ടാണ് പരാതിയില്‍ പറയുന്നത്.
ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്ന് വ്യാജരേഖകളും കത്തും നല്‍കി ഇവര്‍ പണം തട്ടിച്ചുവെന്നു പരാതിയില്‍ പറയുന്നു. കണ്‍സോര്‍ഷ്യത്തിലെ മറ്റു ബാങ്കുകളും പരാതി നല്‍കാന്‍ കാനറാ ബാങ്കിനെ ചുമതലപ്പെടുത്തി. ആര്‍.പി. ഇന്‍ഫോ സിസ്റ്റത്തിന്റെ ഡയറക്ടര്‍മാരിലൊരാള്‍ക്കെതിരെ നേരത്തെയും തട്ടിപ്പുനു കേസുള്ളതാണ്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്റ് ജയ്പൂര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, ഫെഡറല്‍ ബാങ്ക് എന്നിവയാണ് മറ്റു ബാങ്കുകള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here