കേരളം കണ്ട ഏറ്റവും മികച്ച നിര്‍മ്മാണപ്രക്രിയകളിലൊന്നാണ് പാലാരിവട്ടം മേല്‍പ്പാലം. സിമന്റ് ഉപയോഗിക്കാതെ നിര്‍മ്മിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കേരള മോഡല്‍ നിര്‍മ്മാണ പ്രക്രിയയാണെന്നു തന്നെ വിശേഷിപ്പിക്കാം. രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി പുട്ടടിച്ചു പണിത പാലം രണ്ടരവര്‍ഷങ്ങള്‍ക്കിപ്പുറം തകര്‍ന്ന വാര്‍ത്ത അരിയാഹാരം തന്നെ കഴിക്കുന്നതുകൊണ്ട് മലയാളികള്‍ക്ക് ഞെട്ടലുണ്ടാക്കിയതുമില്ല.

എന്നാല്‍ ഇടതുസര്‍ക്കാര്‍ എന്തുനടപടിയാണ് അന്നത്തെ രാഷ്ട്രീയ- ഉദ്യോഗസ്ഥ ലോബിക്കെതിരേ എടുക്കുന്നതെന്ന കാര്യത്തിലും ഞെട്ടേണ്ടതില്ല. പണി പാലരിവട്ടം പാലത്തിലൊതുങ്ങില്ലെന്നുറപ്പാണ്. കാരണം കോടികള്‍ കട്ടുമുടിച്ച അതേനിര്‍മ്മാണക്കമ്പനി സര്‍ക്കാരിനിന്നും മുത്താണ്. തലസ്ഥാന നഗരിയില്‍ 2.72 കിലോമീറ്റര്‍ നീളമുള്ള ഒരു പാലം ‘പണി’ ഇതേ കമ്പനി പുഷ്പം പോലെ ചെയ്യുകയാണ്.

ചെന്നൈ ഐ.ഐ.ടി.യിലെ വിദഗ്ധരുള്‍പ്പെടെ വിദഗ്ധസമിതി പരിശോധനയില്‍ നിരവധി പിഴവുകള്‍ കണ്ടെത്തി. നിര്‍മ്മാണക്കമ്പനി എം.ഡി. ഒന്നാംപ്രതിയായി വിജിലന്‍സ് കേസ് വന്നിട്ടും പാലാരിവട്ടം പാലം പണിതവര്‍ കരിമ്പട്ടികയില്‍ പെട്ടതുമില്ല.

ഇടതായാലും വലതായാലും ‘കമ്പനി’ അത്രമാത്രം ദൃഢമാണെന്നു ചുരുക്കം. കഴക്കൂട്ടത്ത് പണിതുവരുന്ന പാലമാകട്ടെ തലസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഏറ്റവും വലിയ പാലമാണെന്നതാണ് വസ്തുത. ജനത്തിന് നല്ല ആശങ്ക ഈ ‘പണി’യുടെ കാര്യത്തിലുണ്ടെങ്കിലും സര്‍ക്കാര്‍ ഒപ്പമുള്ളതാണ് ‘കമ്പനി’യുടെ ആശ്വാസം.

LEAVE A REPLY

Please enter your comment!
Please enter your name here