തീരദേശ പരിപാലന നിയമമടക്കം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ വിവാദ ഫ്‌ളാറ്റ് പൊളിച്ചു നീക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ ലോബിയും ഒന്നടങ്കം രംഗത്തുവന്നതിന്റെ രഹസ്യമെന്തെന്ന് കേരളത്തിലെ സാധാരണക്കാര്‍ ചിന്തിച്ച് തലപുകയ്ച്ചതാണ്. ഭരണ പ്രതിപക്ഷ രാഷ്ട്രീയക്കാരും ദല്ലാള്‍മാരുമടക്കം പല ഉന്നതരും ഇവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുണ്ടെന്നതു മാത്രമാണ് അറിയാന്‍കഴിഞ്ഞതും.

മൂലമ്പള്ളിയിലടക്കം കിടപ്പാടം ഇടിക്കുന്നതുകണ്ട് വാവിട്ട് നിലവിളിച്ചൊഴിഞ്ഞുപോയ പാവങ്ങളുടെ കണ്ണീര്‍കാണാത്ത രാഷ്ട്രീയം മരടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരടിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുരടനക്കിയതിനു പിന്നിലെ ഒരു ഉന്നതന്റെ പേരുവെളിപ്പെടുത്തിയിരിക്കയാണ് അഡ്വ.ജയശങ്കര്‍.

മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശിയും കൈരളി ടിവി എം.ഡിയുമായ ജോണ്‍ബ്രിട്ടാണ് മരടിലെ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിലൊരെണ്ണം സ്വന്തമാക്കിയിട്ടുള്ളത്. സാധാരണക്കാരുടെ നികുതിപ്പണമെടുത്ത് നഷ്ടപരിഹാരം നല്‍കാനുള്ള ശ്രമംവരെ പിണറായി സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിനുപിന്നിലും പ്രവര്‍ത്തിച്ച കുബുദ്ധിയുടെ കേന്ദ്രവും മറ്റൊന്നാകാന്‍ വഴിയില്ല.
ഇക്കാര്യം നന്നായി അറിയാവുന്ന വി.എസ്. അച്യുതാനന്ദന്‍ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതും ഇക്കാര്യം തിരിച്ചറിഞ്ഞു തന്നെയാണ്. ഘടകകക്ഷിയായ സി.പി.ഐയും സമാനനിലപാടാണ് മരടിനുവേണ്ടി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലെടുത്തത്.

ഫ്‌ളാറ്റ് സ്വന്തമാക്കിയവരില്‍ ഉന്നതരും പ്രമുഖരുമുണ്ടെന്ന് വാര്‍ത്തകള്‍ വരെ വന്നെങ്കിലും അഡ്വ.ജയശങ്കറിന്റെ പോസ്റ്റാണ് അതിലൊരാള്‍ ജോണ്‍ബ്രിട്ടാസ് ആണെന്ന് ആരോപിക്കുന്നത്്.

ജയശങ്കറിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ചതിച്ചു! വഞ്ചിച്ചു കബളിപ്പിച്ചു!
ആരെ? എട്ടും പൊട്ടും തിരിയാത്ത കുട്ടികളെയല്ല, മുഖ്യമന്ത്രിയുടെ (പ്രതിഫലം വാങ്ങാത്ത) മാധ്യമോപദേഷ്ടാവിനെ.
ആര്? ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ്.
എങ്ങനെ? മരടില്‍ അനധികൃതമായി നിര്‍മിച്ച പാര്‍പ്പിട സമുച്ചയത്തിലെ ഒരു ഫ്‌ലാറ്റ് വലിയ വിലയ്ക്കു വിറ്റുകൊണ്ട്.
ജോണ്‍ ബ്രിട്ടാസ് നന്മയും ഹൃദയ ശുദ്ധിയുമുളള ആളാണ്. പുഴ കയ്യേറിയും തീരദേശ നിയമം ലംഘിച്ചുമാണ് ഹോളി ഫെയ്ത്തുകാര്‍ കെട്ടിടം പണിതതെന്നോ വളരെ കാലമായി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടക്കുന്നതോ അറിഞ്ഞില്ല. ജെബി ജങ്ഷനിലും ആരും പറഞ്ഞില്ല. മരട് മുന്‍സിപ്പാലിറ്റി കൊടുത്ത നമ്പറിലെ അപാകത ശ്രദ്ധയില്‍ പെട്ടില്ല.
ഹോളി ഫെയ്ത്തില്‍ നല്ല ഫെയ്ത്ത് ഉണ്ടായിരുന്നു. അവരെ സര്‍ക്കാരിന്റെ ചില ജോലികള്‍ ഏല്പിക്കുകയുമുണ്ടായി.
സുപ്രീംകോടതിയിലെ കണ്ണില്‍ ചോരയില്ലാത്ത ജഡ്ജിമാര്‍ കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടപ്പോഴാണ് ചതി മനസിലായത്.
പാവപ്പെട്ടവരുടെ പാര്‍ട്ടിയെ സമരത്തിനിറക്കിയതില്‍ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. അദ്ദേഹം ചെറുവിരല്‍ അനക്കിയിട്ടില്ല.
ഇനി എന്തു ചെയ്യും? പനങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുമോ അതോ നഷ്ട പരിഹാരത്തിന് സിവില്‍ കേസ് കൊടുക്കണോ എന്ന് ആലോചിക്കുന്നു. മഹാനായ ഗര്‍വാസീസ് ആശാന്‍ ക്ഷമിക്കാനാണ് കൂടുതല്‍ സാധ്യത.
മരടില്‍ നിന്ന് അധികം ദൂരെയല്ല, ഇടപ്പള്ളി. അവിടെ ജനിച്ച കവി ചങ്ങമ്പുഴ പണ്ടേ പാടിയിട്ടുണ്ട്:
‘എങ്കിലും ബ്രിട്ടാസേ ലോകമല്ലേ?
പങ്കില മാനസര്‍ കാണുകില്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here