അഡാറ് തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രതൈ!!! നമ്മുക്ക് വേണ്ടത് ‘മലര’ല്ലെന്ന് ഓര്‍മ്മപ്പെടുത്തി ജോയ്മാത്യു

0

‘ചങ്ക്‌സ്’ എന്ന ചിത്രത്തിനുശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാറ് ലൗ’വിലെ ‘മാണിക്യ മലരായ’ എന്ന ഗാനവും നായികയുടെ കണ്ണിറുക്കലും ഗണ്‍ കിസ്സുമൊക്കെയാണ് നാട്ടിലെ പ്രധാന ആഘോഷം. നവമാധ്യമങ്ങളെല്ലാം യുവതയെ ‘കണ്ണേറില്‍’ കുടുക്കുന്ന തിരക്കിലുമാണ്. ഇതിനിടെ കാണാതെ പോകുന്ന ഗൗരവക്കാഴ്ചകള്‍ ചുറ്റിലുമുണ്ട്. ചര്‍ച്ചചെയ്യേണ്ട പ്രശ്‌നങ്ങള്‍ ഏതെന്ന് പോലും മറന്നുപോകുന്ന അവസ്ഥയിലാണ് കേരളം. ഭരണാധികാരികള്‍പോലും യഥാര്‍ത്ഥ വസ്തുതകള്‍ക്ക് നേരെ നടത്തുന്നത് ‘അഡാറ്’ കണ്ണടയ്ക്കലാണെന്ന ഓര്‍മ്മപ്പെടുത്തുകയാണ് നടന്‍ ജോയ്മാത്യു. കൊട്ട് മുഖ്യമന്ത്രിക്കിട്ടാണെങ്കിലും കൊള്ളുന്നത് കണ്ണടച്ചിരിക്കുന്ന നവമാധ്യമങ്ങള്‍ക്കും സിനിമാ പ്രോമോഷനുകളില്‍ മയങ്ങിനില്‍ക്കുന്ന യുവതലമറയ്ക്കുമാണ്. ‘നമ്മുക്ക് വേണ്ടത് മാണിക്യ മലരോ? മനുഷ്യക്കുരുതിയോ? ‘ എന്ന ചിന്തയിലൂടെ ഈ ആശങ്കയാണ് നടന്‍ ജോയ്മാത്യു ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.

‘മാണിക്യ മലര്‍’ പാട്ടിനെച്ചൊല്ലിയുള്ള വിവാദത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായും ആവിഷ്‌കാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിനെപ്പറ്റിയും വാചാലനായി ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടത്. ഗൗരവതരമായ നിരവധി പ്രശ്‌നങ്ങള്‍ നാട്ടില്‍ അരങ്ങേറിയിട്ടും മുഖ്യമന്ത്രിക്ക് മിണ്ടാട്ടമിലെന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി. ഇതിനിടയിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് നടന്‍ ജോയ്മാത്യു രംഗത്തുവന്നത്. സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുകയാണോയെന്നാണ് അദ്ദേഹത്തിന്റെ ഒരു വരി ചോദ്യം. ഇതിനിടിടെ ‘അഡാറ് ലൗ’ അണിയറപ്രവര്‍ത്തകരുടെ ഓണ്‍ലൈന്‍ പ്രമോഷനെക്കുറിച്ചും ചില ചിന്തകള്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മകളില്‍ പങ്കുവയ്ക്കപ്പെട്ടുതുടങ്ങി. വിവാദങ്ങള്‍ സൃഷ്ടിച്ച് കോടികള്‍ കൊയ്യുന്ന പുതിയ സിനിമാവ്യവസായത്തെ വിമര്‍ശിച്ച് സംവിധായകന്‍ ഡോ. ബിജുവാണ് ആദ്യം രംഗത്തുവന്നത്. തുടര്‍ന്നാണ് ‘കണ്ണേറും ഗണ്‍ കിസും’ എല്ലാം ആഘോഷിച്ചും മതവികാരം വ്രണപ്പെട്ടതോടെ പിന്‍വലിയുന്ന പാട്ടും പിന്‍വലിക്കില്ലെന്ന അറിയിപ്പുമെല്ലാം തട്ടിപ്പാണെന്ന സംശയമുയര്‍ത്തുന്ന ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ നിറയുന്നത്.

‘ആവിഷ്‌കാരം സ്വാതന്ത്ര്യം’ വ്രണപ്പെടുത്തി ആഘോഷമാക്കുന്ന സിനിമാ പ്രചാരണതന്ത്രം വിജയിപ്പിച്ചെടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്ന പതിവ് സിനിമാരംഗത്ത് സജീവമായിട്ടുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂട്ടായ്മകളും ഇതില്‍ ‘സംശയലേശമന്യേ’ പണിയെടുക്കുന്നുണ്ട്.

കഥയിലോ അവതരണത്തിലോ കാമ്പില്ലെങ്കിലും വിവാദങ്ങള്‍ തിയറ്ററില്‍ രക്ഷപ്പെടുത്തുമെന്ന ഉറപ്പിലാണ് സിനിമാലോകം. ആഴ്ചകള്‍കൊണ്ട് കോടികള്‍ ലാഭമുണ്ടാക്കിയാല്‍ ഏതുപടപ്പിനും പ്രേക്ഷക അംഗീകാരം കിട്ടിയെന്ന മട്ടില്‍ മഹത്വവത്ക്കരിക്കുകയും ചെയ്യാം. ഒമര്‍ലുലുവിന്റെ ‘ചങ്ക്‌സ്’ എന്ന ചിത്രം സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭാഷണംകൊണ്ടും മറയില്ലെത അശ്ലീലം പറയുന്ന കഥാപാത്രങ്ങള്‍ കൊണ്ടും കുപ്രസിദ്ധി നേടിയിരുന്നു. ആഴ്ചകള്‍ക്കകംതന്നെ മുടക്ക്മുതലിന്റെ ഇരട്ടിയിലധികം ലഭിച്ചതോടെ ആവേശത്തിലായ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷക അംഗീകാരമെന്ന മുദ്ര ചാര്‍ത്തുകയും ചെയ്തു. റിലീസാവുന്ന ചിത്രത്തെ മഹത്വവത്ക്കരിച്ച് സംവിധായകന് കാളരാത്രി നേരുന്ന കുറിപ്പുകള്‍ അടുത്തിടെ ചര്‍ച്ചയാക്കിയെടുത്ത് ഓളം സൃഷ്ടിച്ച സിനിമകളും വന്നുപോയി. ഓണ്‍ലൈന്‍ ഗീര്‍വാണം കേട്ട് തിയറ്ററിലെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. ഇത്തരം ‘അഡാറ് തട്ടിപ്പ്’ പ്രചരണങ്ങളുടെ ഉള്ളുകളിയും നവമാധ്യമങ്ങളില്‍ ഒരറ്റത്ത് ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നതാണ് ആശ്വാസിക്കാന്‍ വഴിനല്‍കുന്നത്.

നടന്‍ ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

” നമുക്ക് വേണ്ടത് മാണിക്യ
മലരോ അതോ
മനുഷ്യകുരുതിയോ?

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ
സുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ? ”

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

”ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘അഡാര്‍ ലവ്’ എന്ന സിനിമയിലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയിരിക്കയാണല്ലോ. അതിനിടയില്‍ ഈ മാപ്പിളപ്പാട്ടിനെതിരെ ഹൈദരാബാദില്‍ ഒരു വിഭാഗം മുസ്ലീം മതമൗലികവാദികള്‍ രംഗത്തുവന്നിരിക്കയാണ്. പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതാണ് ഗാനം എന്നാരോപിച്ച് അതില്‍ കുറച്ചുപേര്‍ ഹൈദരാബാദിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയതായി മനസ്സിലാക്കുന്നു. ഇതൊന്നും യാദൃച്ഛികമായി കാണാനാകില്ല. സ്വതന്ത്രമായ കലാവിഷ്‌കാരത്തോടും ചിന്തയോടുമുളള അസഹിഷ്ണുതയാണിത്. അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗ്ഗീയവാദികളും മുസ്ലീം വര്‍ഗ്ഗീയ വാദികളും തമ്മില്‍ ഒത്തുകളിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.

പി.എം.എ ജബ്ബാര്‍ എഴുതിയ ഈ പാട്ട് തലശ്ശേരി റഫീഖിന്റെ ശബ്ദത്തില്‍ 1978ല്‍ ആകാശവാണി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍ പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസയാണ് ഈ പാട്ടിന് വലിയ പ്രചാരം നല്‍കിയത്. ‘മാണിക്യമലര്‍’ പതിറ്റാണ്ടുകളായി മുസ്ലീം വീടുകളില്‍, വിശേഷിച്ച് കല്യാണവേളയില്‍ പാടി വരുന്നുണ്ട്. നല്ല മാപ്പിളപ്പാട്ടുകളില്‍ ഒന്നാണിതെന്ന് പാട്ട് ശ്രദ്ധിച്ചവര്‍ക്കറിയാം. മുഹമ്മദ് നബിയുടെ സ്‌നേഹവും ഖദീജാബീവിയുമായുളള വിവാഹവുമാണ് പാട്ടിലുളളത്. മതമൗലികവാദികള്‍ക്ക് അവര്‍ ഏതു വിഭാഗത്തില്‍ പെട്ടവരായാലും, എല്ലാതരം കലാവിഷ്‌കാരത്തെയും വെറുക്കുന്നു എന്ന വസ്തുതയാണ് ഈ വിവാദവും നമ്മെ ഓര്‍മിപ്പിക്കുന്നത്. കലകളിലൂടെയും സാഹിത്യത്തിലൂടെയും മനുഷ്യനു ലഭിക്കുന്ന സന്തോഷവും വിജ്ഞാനവും അവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. മതമൗലികവാദത്തിനും വര്‍ഗീയവാദത്തിനും എതിരായ ശക്തമായ ആയുധമാണ് കലയും സാഹിത്യവും. ആ നിലയില്‍ കലയും സാഹിത്യവും ഉപയോഗിക്കുന്നവര്‍ക്കൊപ്പമാണ് നാം നിലകൊള്ളേണ്ടത്.”

സംവിധായകന്‍ ഡോ. ബിജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

”വിവാദം ഉണ്ടാക്കല്‍ നല്ലൊരു ബിസിനസ്സ് ആണ്. ..പ്രത്യേകിച്ചു സിനിമയില്‍…കുറച്ചു നാളായി ഈ വിവാദ മാര്‍ക്കറ്റ് ചില സിനിമകള്‍ നന്നായി പ്ലാന്റ് ചെയ്ത് വിജയിപ്പിക്കുന്നുണ്ട്..മതം, ആവിഷ്‌കാര സ്വാതന്ത്ര്യം..സെക്‌സ്..സെന്‍സര്‍ ..ഇതൊക്കെയാണ് ബെസ്റ്റ്..ഇത് തിരിച്ചറിയാതെ കാമ്പും കഴമ്പുമില്ലാത്ത വിവാദ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് എന്നാണ് തലയില്‍ വെളിച്ചം കയറുക…സിനിമകള്‍ ചര്‍ച്ച ചെയ്യേണ്ടത് അതിന്റെ കണ്ടന്റിനെ മുന്‍നിര്‍ത്തിയാണ്..അതില്ലാത്തവര്‍ തുടക്കത്തില്‍ തന്നെ എന്തെങ്കിലും വിവാദം സ്വയം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കും….ഇതിന്റെ അപകടകരമായ ഒരു വശം എന്തെന്നാല്‍ മതവും ആവിഷ്‌കാര സ്വാതന്ത്ര്യവും സെന്‍സറും ഒക്കെ ഉള്‍പ്പെടുന്ന ചില ജനുവിന്‍ ആയ കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും നമുക്ക് അതിന്റെ ഗൗരവത്തില്‍ മനസ്സിലാക്കാനോ പ്രതികരിക്കാനോ സാധിക്കാത്ത വിധം വ്യാജ സൃഷ്ടികള്‍ നമുക്ക് ചുറ്റും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ….”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here