തിരുവനന്തപുരം: മടങ്ങി വരവിനു വഴിയൊരുക്കിയ സംവിധായകന്‍ ശ്രീകുമാര മേനോനും നടി മഞ്ജു വാര്യരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പോലീസ് സ്‌റ്റേഷനിലേക്ക്.

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപായപ്പെടുത്തുമോയെന്ന് ഭയപ്പെടുന്നുവെന്ന് നടി മഞ്ജു വാര്യര്‍ ഡി.ജി.പിക്കു പരാതി നല്‍കി. അറവിയും അപ്പോള്‍ കാണുന്നവനെ അപ്പാന്നു വിളിക്കുന്ന മഞ്ജുവിന്റെ സ്വഭാവവും തനിക്കു പറഞ്ഞുതന്നത് മഞ്ജുവിന്റെ മരിച്ചുപോയ അച്ഛനാണെന്ന് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പ്രതികരണവും പുറത്തുവന്നു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നു പരാതിയില്‍ പറയുന്നു. ഒടിന്‍ സിനിമയുടെ നിര്‍മാണ കാലം മുതലാണ് വൈരാഗ്യം. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹ മാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായി മഞ്ജു പറഞ്ഞുവയ്ക്കുന്നു.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ആശങ്കയും നടി പങ്കു വച്ചിട്ടുണ്ട്. എന്നാലും എന്റെ പ്രീയപ്പെട്ട മഞ്ജു… നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നതെന്നു ചോദിച്ചുകൊണ്ടാണ് ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് മഞ്ജുവെന്ന് മഞ്ജുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞത് ഓര്‍മപ്പെടുത്തുന്ന ശ്രീകുമാര്‍ മേനോര്‍ ചെയ്തു നല്‍കിയ സഹായങ്ങളും വിശദീകരിച്ചിട്ടുണ്ട്.

വീട്ടില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ ബാങ്കില്‍ 1500 രൂപയെ ഉള്ളൂവെന്ന് ആശങ്കപ്പെട്ടുനിന്ന മഞ്ജുവിന്റെ കൈയിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വന്ന് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. ഗുരുവായൂരപ്പന്‍ ജീവിതത്തിലേക്കു അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്നു മഞ്ജു പറഞ്ഞത് അവര്‍ തന്നെ മറന്നു. മഞ്ജുവിനെ സഹായിച്ചതു മൂലമുണ്ടായ ശത്രുക്കളെക്കുറിച്ച് ഓര്‍മപ്പെടുത്തുന്ന ശ്രീകുമാര്‍ മേനോന്‍ കേസുമായി സഹകരിക്കുമെന്നും വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here