ബ്രിട്ടന്‍ നാടുവിടുമ്പോള്‍ നാട്ടുരാജ്യങ്ങള്‍ ഉടമ്പടി പ്രകാരം പാകിസ്ഥാന്റെയും ഇന്ത്യയുടെയും ഭാഗമായി. എന്നാല്‍ ജമ്മു കാശ്മീരിലെ ഹിന്ദുമത വിശ്വാസിയായ മഹാരാജാ ഹരിസിങ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.

മുസ്ലിം സമുദായാംഗങ്ങള്‍ ഭൂരിപക്ഷമായിരുന്ന പ്രദേശത്തെ ഗോത്ര വര്‍ഗക്കാരായ റസാകര്‍ സേനയെ പാകിസ്ഥാന്‍ ഇളക്കി വിട്ടു. രാജ്യത്തിന്റെ നല്ലൊരു പങ്കും കൈയടക്കപ്പെടുന്നതു കണ്ട് രാജാവ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ മറ്റൊരു രാജ്യത്തെ പ്രശ്‌നത്തില്‍ ഇടപെടാന്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ആദ്യം തയാറായില്ല. ഒടുവില്‍ രാജാവ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിട്ടു. ഇതോടെയാണ് ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി തീര്‍ന്നത്.

എല്ലാ നാട്ടുരാജ്യങ്ങള്‍ക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങള്‍ ഫെഡറല്‍ സമ്പ്രദായത്തില്‍ വേര്‍തിരിച്ചു രേഖപ്പെടുത്തണമെന്നും ഭരണഘടന നിര്‍മാണസഭ തീരുമാനിച്ചു. അപ്പോഴും ജമ്മു കാശ്മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്തമായി തുടര്‍ന്നു. ലയന ഉടമ്പടിയില്‍ ഇന്ത്യയ്ക്കു പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം എന്നിവയില്‍ മാത്രമായിരുന്നു അധികാരം കൈമാറിയിരുന്നത്. ഉടമ്പി വ്യവസ്ഥകള്‍ നടപ്പാക്കാനാണ് സ്വയംഭരണാവകാശം വിഭാവം ചെയ്യുന്ന 370 വകുപ്പിലുടെ പ്രത്യേക പദവി ജമ്മു കാശ്മീരിനു നല്‍കിയിരുന്നത്. രാഷ്ടപതിയുടെ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ചുള്ള വിജ്ഞാപനത്തിലൂടെയാണ് ജമ്മു കാശ്മീരിനു സ്വയംഭരണം ലഭിച്ചത്. ഭരണഘടനയിലെ താല്‍ക്കാലിക വ്യവസ്ഥയെന്ന നിലയില്‍കൂടി കൊണ്ടുവന്നതാണു 370 -ാം വകുപ്പ്.

ജമ്മു, കാശ്മീര്‍, ലഡാക് എന്നിവിടങ്ങളിലെ സ്ഥിരം താമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്നതാണ് ഭരണഘടനയിലെ 35 എ വകുപ്പ്. 1954 മേയ 14നാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെ സ്ഥിരം വകുപ്പായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തയത്. ഈ വകുപ്പിലൂടെയാണ് സ്ഥിരം താമസക്കാരെ നിര്‍വചിക്കുന്നതും ഭൂമി, തൊഴില്‍ എന്നിവ സ്ഥിരം താമസക്കാര്‍ക്കായി നിര്‍വചിക്കുന്നതും. മറ്റു സംസ്ഥാനക്കാര്‍ക്ക് ഇവിടെ സ്‌കോളര്‍ഷിപ്പിനുപോലും നിലവില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.

370 വകുപ്പിന്റെ ബലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് നടപ്പാക്കിയ പല നിയമങ്ങളും ബാധകമായിരുന്നില്ല. ബാധകമാകണമെങ്കില്‍ ജമ്മു കാശ്മീര്‍ നിയമസഭ അവ വീണ്ടും പാസാക്കണമായിരുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാനോ വോട്ട് അവകാശമോ ഇതുവരെയും കഴിഞ്ഞിരുന്നില്ല.

1950 ല്‍ ഭരണഘടന നിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നല്‍കുന്ന 370 വകുപ്പിനെ ബി.ജെ.പിയും ആര്‍.എസ്.എസും എതിര്‍ത്തിരുന്നു. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ് പ്രചാരണത്തിനു തുടക്കം കുറിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here