50 ദിവസം കാത്തിരുന്നു, ഇനി

0
9

ഡല്‍ഹി/തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് ഇന്നേക്ക് 50 ദിവസം. പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം കഴിഞ്ഞിട്ടും സാധാരണക്കാരന്റെ ദുരിതം തീരുന്നില്ല. നോട്ടിന്റെ ഉപയോഗം കുറച്ച് മറ്റു മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ ഒരു വഴിക്കു നടക്കുമ്പോള്‍, അത്തരത്തില്‍ പണം സ്വീകരിക്കാന്‍ സാധിക്കാത്ത പത്രക്കാരനും പാലുകാരനും സാധാരണക്കാരന്റെ അലട്ടുന്ന പ്രശ്‌നങ്ങളായി തുടരുന്നു.

പ്രശ്‌ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. നിലവില്‍ എ.ടി.എമ്മില്‍ നിന്ന് പിന്‍വലിക്കാവുന്നത് 2500 രൂപ മാത്രമാണ്. ബാങ്കുകളില്‍ നിന്ന് നേരിട്ട് ഒരാഴ്ച പിന്‍വലിക്കാവുന്നത് 24,000 രൂപയും. ജനുവരി ഒന്നു മുതല്‍ ഈ നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുമോയെന്ന് വ്യക്തത വന്നിട്ടില്ല.

അതേസമയം, ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണെന്നും നികുതി വരുമാനം കൂടിയിട്ടുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. പ്രത്യക്ഷ നികുതി വരുമാനത്തില്‍ 14.4 ശതമാനവും പരോക്ഷ നികുതി വരുമാനത്തില്‍ 26.2 ശതമാനവും വര്‍ദ്ധനയുണ്ടായി. എക്‌സൈസ് തീരുവ 43.3 ശതമാനവും കസ്റ്റംസ് തീരുവ ആറു ശതമാനവും വര്‍ദ്ധിച്ചു. സമ്പദ് വ്യവസ്ഥയുടെമൂന്നു മാസത്തെ വളര്‍ച്ചയെ ബാധിക്കുമെങ്കിലും പലരും പ്രവചിക്കന്നതുപോലെ അത്രയും മോശമാകില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നു.

വാണിജ്യ, വിനേദ സഞ്ചാര മേഖലകളിലടക്കം നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്ക് മോചനമായിട്ടില്ല. നികുതി വരുമാനത്തിലെ കുറവ് സര്‍ക്കാരുകളുടെ കണക്കൂ കൂട്ടലുകളെയും തെറ്റിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ അത് കൂടുതല്‍ പ്രകടമാകുമെന്നാണ് വിലയിരുത്തലുകള്‍. കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനു ശേഷമേ കേരള ബജറ്റ് അവതരിപ്പിക്കൂവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here