‘ശരിയാണ് പ്രമോദ് രാമന്‍, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല…’

0

മനോരമന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടെ സിപിഎമ്മിനെ ന്യായീകരിക്കാന്‍ ശ്രമിച്ച അവതാരകന്‍ പ്രമോദ്‌രാമനെ വിമര്‍ശിച്ച് വി.ടി. ബല്‍റാം. തന്റെ വാഹനത്തിനുനേരെ അക്രമം നടത്തിയെന്ന് പറയാനാകില്ലെന്നമട്ടില്‍ അവതാരകന്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ശ്രമിച്ചതാണ് ബല്‍റാമിനെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ലെന്നും ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമമെന്നും ബല്‍റാം പറഞ്ഞു.

പൂപ്പല്‍ ചാനല്‍ പോലും ചെയ്യാത്ത മട്ടില്‍ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സി.പി.എമ്മിന്റെ ആഭാസസമരത്തെ ന്യായീകരിച്ചെടുക്കാന്‍ നോക്കിയ താങ്കളുടെ മാധ്യമ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇതിനെ സിപിഎം അക്രമം എന്ന് വിളിക്കാന്‍ പാടില്ല എന്ന് മനോരമ ന്യൂസിലെ പ്രമോദ് രാമന്റെ കല്‍പ്പന. മുന്നില്‍ പോകുന്ന പൈലറ്റ് ജീപ്പിന്റെ മാത്രം വേഗതയില്‍ റോഡിന്റെ പരിധിയും കഴിഞ്ഞ് പരമാവധി വലത്തേക്ക് ഒതുങ്ങിപ്പോവുന്ന എന്റെ വാഹനത്തിന് മുന്നിലേക്ക് ഇരച്ചുകയറി വന്നതിന്റെയും തടയാന്‍ ശ്രമിച്ച പോലീസുകാരനെ കഴുത്തിന് പിടിച്ച് തള്ളി വാഹനത്തിലേക്ക് വീഴ്ത്താന്‍ നോക്കിയതിന്റെയും ഭാഗമായി സൈഡ് വ്യൂ മിറര്‍ തകര്‍ന്നതിനെ പിന്നെ എന്താണ് വിശേഷിപ്പിക്കേണ്ടത്! തട്ടിയത് പോലീസുകാരന്റെ കയ്യാണോ അതിനും മുന്നില്‍ നില്‍ക്കുന്ന ഡിഫിക്കുട്ടന്റെ കയ്യാണോ എന്നതിന് ഇവിടെ എന്താണ് പ്രസക്തി? പോലീസ് വന്നത് ഏതായാലും എന്റെ കാറിന്റെ ചില്ല് തകര്‍ക്കാനല്ലല്ലോ, അങ്ങനെ ചെയ്യാന്‍ വേണ്ടി തള്ളിക്കയറി വന്നവരെ തടയാനല്ലേ പോലീസ് നോക്കിയത്? നടന്ന അനിഷ്ട സംഭവങ്ങള്‍ക്ക് സിപിഎം സമരക്കാരല്ലാതെ വേറാരാണ് ഉത്തരവാദികള്‍, ISIS തീവ്രവാദികളോ? സമരം സമാധാനപരമായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു സിറ്റുവേഷന്‍ അവിടെ ഉണ്ടാകുമായിരുന്നോ?

ശരിയാണ് പ്രമോദ് രാമന്‍, സിപിഎമ്മിന്റെ പതിവു രീതി വച്ച് ഇതൊന്നും ഒരു അക്രമമല്ല. ബോംബേറും 51 വെട്ടുമൊക്കെയാണ് അവരുടെ മിനിമം അക്രമം. അതൊന്നും ഇവിടെയും ചെയ്യാന്‍ അവര്‍ക്ക് ആഗ്രഹമില്ലാത്തത് കൊണ്ടല്ല, തൃത്താലയിലെ സിപിഎം ഭീരുക്കള്‍ക്ക് അതിനുള്ള പാങ്ങില്ലാത്തത് കൊണ്ടാണ്. മുന്‍പ് കാഞ്ഞിരത്താണിയില്‍ ഒന്ന് ശ്രമിച്ച് നോക്കിയപ്പോള്‍ അവര്‍ക്ക് തന്നെ അത് ബോധ്യപ്പെട്ടതുമാണ്.

പൂപ്പല്‍ ചാനല്‍ പോലും ചെയ്യാത്ത മട്ടില്‍ ഇന്ന് മാധ്യമ ക്വട്ടേഷനുമായി സിപിഎമ്മിന്റെ ആഭാസ സമരത്തെ ന്യായീകരിച്ചെടുക്കാന്‍ നോക്കിയ താങ്കളുടെ മാധ്യമ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് ഡിഫി നേതാവ് പണ്ട് ഉപയോഗിച്ച വിശേഷണ പദം ഞാനേതായാലും ആവര്‍ത്തിക്കുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here