വിജയം വര്‍ഗീയ കാര്‍ഡ് ഇറക്കി നേടിയത്, തെരഞ്ഞെടുപ്പ് ഫലം ആപത് സൂചനയെന്ന് വി.എസ്‌

0
5

മോദി സര്‍ക്കാര്‍ ഏകാധിപത്യ ഫാസിസ്റ്റ് നടപടികള്‍‍ ശക്തിപ്പെടുത്തും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് വി.എസ്. അച്യുതാനന്ദന്‍.  ഇത് രാജ്യത്തിന് കൂടുതല്‍ ആപല്‍സൂചന നല്‍കുന്നതാണ്. ഇത് നേരിടാന്‍ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പ് വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണ്.

മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചും, വര്‍ഗീയ കാര്‍ഡ് തരാതരംപോലെ ഇറക്കിയും, കേന്ദ്ര ഭരണത്തിന്‍റെ സൗകര്യങ്ങളും സംവിധാനങ്ങളും ആവോളം ദുരുപയോഗം ചെയ്തുമാണ് ബിജെപി വലിയ വിജയം നേടിയിരിക്കുന്നത്.  മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അന്തഃസാരശൂന്യമായ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിക്കാനും അത് ബിജെപിക്ക് മുതലെടുക്കാനുമുള്ള അവസരവും സൃഷ്ടിച്ചു.  അതുകൊണ്ട് നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ല.

ഈ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതോടെ, രാജ്യസഭയിലും ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ കിട്ടുന്ന സ്ഥിതിയാണ്.  ഇതുപയോഗിച്ച് ഏത് തരത്തിലുള്ള നടപടിയിലേക്കും മോദി പോയെന്നും വരും.  ഇത്തരമൊരു പശ്ചാത്തലത്തില്‍ ആപല്‍സൂചന വ്യക്തമായി ബോദ്ധ്യപ്പെട്ട് രാജ്യതാല്‍പ്പര്യം മാനിച്ച് മുഴുവന്‍ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളും യോജിപ്പ് ശക്തിപ്പെടുത്തി മുന്നേറുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here