തെരുവ് നായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴി മരിച്ച സംഭവത്തിൽ മുഖ്യപ്രതി സംസ്ഥാന സർക്കാർ:  വി.എം. സുധീരന്‍

0
2

തെരുവ് നായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴി മരിച്ച സംഭവത്തില്‍ മുഖ്യപ്രതി സംസ്ഥാന സര്‍ക്കാരെന്ന് കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍.

സുധീരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

തിരുവനന്തപുരം പുല്ലുവിളയിൽ അക്രമകാരികളായ തെരുവ് നായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളിയായ ജോസ്ക്ലിൻ  മരണപ്പെട്ടത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. അതീവ ദുഃഖകരമായ ഈ സംഭവത്തെ തുടർന്ന് ജോസ്ക്ലിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും ശക്തമായ പ്രതിഷേധസമരത്തിലാണ്. മനുഷ്യത്വമുള്ള ഏവരുടെയും പിന്തുണ ഈ സമരത്തിനുണ്ടാവും.

തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ ഓഗസ്റ്റിൽ പുല്ലുവിളയിൽ തന്നെ ശീലുവമ്മ എന്ന വയോധികയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തെത്തുടർന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതെ പോയതാണ് ജോസ്ക്ലിന്റെ ജീവൻ നഷ്ടപ്പെടുന്നതിന് ഇടവരുത്തിയത്.

യഥാർത്ഥത്തിൽ തെരുവുനായ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സംസ്ഥാന സർക്കാർ തന്നെയാണ് ഈ സംഭവത്തിലെ മുഖ്യപ്രതി. തെരുവുനായ്ക്കളുടെ അക്രമം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെയും അപായകരമായ രീതിയിൽ പരിക്കേൽക്കുന്നവരുടെയും യഥാർത്ഥ ചിത്രം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്. എന്നാൽ തെരുവ് നായ്ക്കൾ ഉയർത്തുന്ന വൻ ഭീഷണിയും കേരളസമൂഹത്തിന് ഏൽപ്പിക്കുന്ന വൻ ആഘാതവും സുപ്രീം കോടതിയുടെ മുന്നിൽ എത്തിക്കുന്നതിന് ഫലപ്രദമായി സർക്കാർ പ്രവർത്തിച്ചില്ല. നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ യഥാർത്ഥ വസ്തുതകൾ വേണ്ടപോലെ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന വിമർശനം ഉയർന്നിരുന്നു.

വന്ധീകരണം കൊണ്ടുമാത്രം ഗുരുതരമായ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാനാകില്ലെന്ന ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ഇനിയെങ്കിലും നിഷ്ക്രിയത്വത്തിൽ നിന്നും ഉണർന്ന് തെരുവ് നായ്ക്കളുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ജസ്റ്റിസ് സിരിജഗൻ കമ്മീഷൻ നിരീക്ഷിച്ചതുപോലെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.

LEAVE A REPLY

Please enter your comment!
Please enter your name here