തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍, കണ്ണൂര്‍… ചെറുവളളിയിലേതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് അദാനിയുടെ കടന്നു വരവ്. അദാനി തിരുവനന്തപുരം വിമാനത്താവളത്തെ നന്നാക്കുമോ അതോ അതുവഴി സ്വര്‍ണ്ണം ഒഴുക്കുമോയെന്നൊക്കെ ചിന്തിച്ചുകൂട്ടുന്ന തിരക്കിലാണ് പലരും. ഭാവന വിടര്‍ന്ന് വിടര്‍ന്ന് പോകുന്ന പോക്കു കണ്ടപ്പോ ഒന്നുറപ്പായി. തിരുവനന്തപും വിമാനത്താവള കാരണവര്‍ക്ക് കഞ്ഞി ഇനിയും കുമ്പിളില്‍ തന്നെയായിരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തോട് വല്ലാതൊരു സ്‌നേഹമാണ് എല്ലാവര്‍ക്കും. ഇപ്പോള്‍ മാത്രമല്ല. 1935 ല്‍ സര്‍ സി.പി. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്താവളത്തെ പറിച്ചു നട്ടതു മുതല്‍ അതങ്ങനെയാണ്. 77 ല്‍ ആദ്യത്തെ രാജ്യാന്തര സര്‍വീസ് ഓപ്പറേറ്റ് ചെയ്യപ്പെട്ട തിരുവനന്തപുരം വിമാനത്താവളത്തിന് 1991 ജനുവരി ഒന്നുവരെ കാത്തിരിക്കേണ്ടി വന്നു അന്താരാഷ്ട്ര വിമാനത്താവളമെന്ന പദവി ലഭിക്കാന്‍. പ്രധാനമന്ത്രയായിരുന്ന വി.പി. സിംഗിന്റെ പ്രഖ്യാപനത്തോടെ രാജ്യാന്തര വിമാനത്താവള പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട രാജ്യത്തെ അഞ്ചാമത്തെ എയര്‍പോര്‍ട്ടായി തിരുവനന്തപുരം മാറി. സ്വതന്ത്ര ഭാരതത്തില്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ട രാജ്യാന്തര വിമാനത്താവളവും തിരുവനന്തപുരമാണ്.

രാജ്യാന്തര പദവി നിലനില്‍ക്കണമെങ്കില്‍, മാനദണ്ഡപ്രകാരമുള്ള സംവിധാനങ്ങള്‍ വിമാനത്താവളത്തില്‍ ഉണ്ടാകണം അല്ലെങ്കില്‍ ഒരുക്കണം. അങ്ങനെ വിമാനത്താവളം വികസിപ്പിക്കാന്‍ നടപടി തുടങ്ങി. കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനായി 93ല്‍ എ. ചാള്‍സിന്റെ നേതൃത്വത്തില്‍ ഡല്‍ഹിക്കു തിരിച്ച സംഘത്തില്‍ എം.എ. ബേബി, എന്‍.ഇ. ബല്‍റാം, എം.എം ജേക്കബ്, പി.ജെ.കുര്യന്‍, എസ്.കൃഷ്ണകുമാര്‍, എന്‍.ഇ. ബല്‍റാം, കെ.വി. തോമസ്, കെ. മുരളീധരന്‍, ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. മുരളീധരന്‍ തുടങ്ങി നിരവധി പേര്‍ അണിചേര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ 190 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായി. ഇതില്‍ രാജ്യാന്തര നിലവാരത്തിലുള്ള ടെര്‍മിനല്‍ നിര്‍മിക്കാന്‍ നീക്കിവച്ചത് 27 ഏക്കറാണ്. സംസ്ഥാന സര്‍ക്കാരിന് തിരുവനന്തപുരം വിമാനത്താവളത്തിനായി ഏറ്റെടുക്കാനായതും ഈ ഭൂമിയാണ്. ഏറ്റെടുക്കലിനും നിര്‍മ്മാണത്തിനുമായി വേണ്ടി വന്നതാകട്ടെ, പതിമൂന്നര വര്‍ഷവും. ഇതേസമയത്താണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (സിയാല്‍) ജീവന്‍ വയ്ക്കുന്നത്. അന്നത്തെ എറണാകുളം കലക്ടര്‍ വി.ജെ. കുര്യന്റെ നിര്‍ദേശത്തിന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പച്ചക്കൊടി കാട്ടിയപ്പോള്‍ 93ല്‍ ഇതിനായി സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു.

94 മാര്‍ച്ച് 30ന് സിയാല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. 1300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീടു നഷ്ടപ്പെട്ട 822 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയുമൊക്കെ ബലം പിടിച്ചുതന്നെ ചെയ്യേണ്ടി വന്നു. 99 മേയ് 25ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുവെന്നു കൂടി മനസിലാക്കുമ്പോളാണ് തിരുവനന്തപുരത്തെ വിമാനത്താവളത്തോടുള്ള ആരുടെയൊക്കെയോ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍ പറ്റുന്നത്. ടെര്‍മിനലിനു പുറമേയുള്ള വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടന്നില്ല. പലപ്പോഴായി ചര്‍ച്ചകള്‍ നടന്നു. ഏറ്റെടുക്കേണ്ട ഭൂമി 120 ഏക്കറായി കുറയ്ക്കാന്‍ ഈ ചര്‍ച്ചകളില്‍ സാധിച്ചു. എന്നു മാത്രമല്ല, 30 ഏക്കര്‍ കൂടി കണ്ടെത്തി രണ്ടും മൂന്നും സെന്റ് വിട്ടുകൊടുക്കുന്നവര്‍ക്കായി ഒരു കോളനി സ്ഥാപിച്ച് പുനരധിവാസം നടത്തുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതായിരുന്നു. പിന്നീട് ഇതും അട്ടിമറിക്കപ്പെട്ടു. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 90 ഏക്കറിലേക്ക് കുറയ്ക്കാനും ചര്‍ച്ചകളുണ്ടായി. ഒടുവില്‍ 18 ഏക്കര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. ഇന്റര്‍നാഷണല്‍ ടെര്‍മിനലിനോട് ചേര്‍ന്നു ഡൊമസ്റ്റിക് ടെര്‍മിനലിലും റണ്‍വേയ്ക്കു വേണ്ടിയും അതിന്റെ സുരക്ഷാ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാനുമാണ് ഈ 18 ഏക്കര്‍.

ഇതിനായി കണ്ടെത്തിയ ഭൂമിയില്‍ യാതൊരു പ്രവര്‍ത്തനങ്ങളും നടത്താന്‍ ഉടമകള്‍ക്ക് വര്‍ഷങ്ങളായി കഴിയുന്നില്ല. എന്നിട്ടും ഏറ്റെടുക്കല്‍ എങ്ങും എത്തിയിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനുള്ള രണ്ടാംഘട്ട 3000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാലും തിരുവനന്തപുരത്തെ കാരണവരുടെ കാര്യം എങ്ങുമെത്താനിടയില്ല. സ്ഥലമേറ്റെടുപ്പ് അടക്കം തടസപ്പെട്ടു കിടക്കുമ്പോള്‍ കാരണവരുടെ രാജ്യാന്തര പദവിപോലും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള ടെര്‍മിനലിനാണ് കൊച്ചിക്ക് തുടക്കത്തിലേ അനുമതി ലഭിച്ചത്. ഇപ്പോഴും 636 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള, തിരുവനന്തപുരത്ത് രാത്രി കാലങ്ങളില്‍ വിമാനമിറങ്ങാല്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ അടക്കം ശക്തമായ എതിര്‍പ്പ് മറികടന്നാണ് തിരുവനന്തപുരത്തുനിന്ന് രാത്രികാലങ്ങളില്‍ വിമാനം പറന്നുയര്‍ന്നതെന്നു പറയുന്നതാകും ശരി. ഈ അനുമതിക്കായി ഡല്‍ഹിക്ക് വിമാനം കയറിയ ഒരു കൂട്ടരുണ്ട്. പത്രപ്രവര്‍ത്തക യൂണിയര്‍ ഭാരവാഹികളായിരുന്ന എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍നായര്‍, ജേക്കബ് ജോര്‍ജ്, ആര്‍. അജിത് കുമാര്‍, ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. മുരളീധരന്‍, ബി.ജെ.പി നേതാവായിരുന്ന ബി.കെ. ശേഖര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പം ഡല്‍ഹിയില്‍ വര്‍ക്കല രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്‌ അടക്കമുള്ള അന്നത്തെ 23 എം.പിമാരും ഡല്‍ഹിയില്‍ ഒറ്റക്കെട്ടായി നിലകൊണ്ടു. തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചിരുന്ന തമിഴ്‌നാട്ടിലെ നാലു എം.പിമാരും സംഘത്തിനോടൊപ്പം ചേര്‍ന്നിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന ഒ. രാജഗോപാലിന്റെ ആത്മാര്‍ത്ഥമായ ഇടപെടലുകൂടി ഉണ്ടായപ്പോള്‍ 99ല്‍ തിരുവനന്തപുരം വിമാനത്താവളത്തിനുണ്ടായ രാത്രിയാത്രാ തടസങ്ങള്‍ നീക്കി കിട്ടി.

അദാനി വന്നാല്‍ തിരുവനന്തപുരം വിമാനത്താവളം നന്നാകുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ഭാവനകള്‍ വിരിയട്ടെ. എന്നാല്‍, കേരളത്തിലെ വിമാനത്താവളങ്ങളില്‍ തിരുവനന്തപുരത്തിനു മാത്രമായി അവകാശപ്പെടാന്‍ സാധിക്കുന്ന ചിലതുണ്ട്. പാര്‍വതി പുത്തനാര്‍ വഴി ദേശീയ ജലപാതയിലേക്ക്, മീറ്ററുകള്‍ അകലെ നില്‍ക്കുന്ന റെയില്‍പാളത്തിലേക്ക്, റോഡിലൂടെ… എല്ലാ രീതിയിലുമുള്ള കണക്ടിവിറ്റികള്‍ സാധ്യമാകുന്ന ലോകത്തെ അപൂര്‍വ്വം ചില വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം. വര്‍ഷങ്ങളായി ഫയലില്‍ ഉറങ്ങുന്ന, ശംഖുമുഖം വഴി സീ കണക്ടിവിറ്റി കൂടി സജ്്ജമാക്കിയാല്‍, അത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ വിമാനത്താവളമായി മാറാനും തിരുവനന്തപുരത്തിനു കഴിയും. കൊളംബോ സിംഗപ്പൂര്‍ രാജ്യാന്തര എയര്‍ റൂട്ടിനു കീഴെയാണ് തിരുവനന്തപുരം വിമാനത്താവളം. ഈ എയര്‍ റൂട്ടിലൂടെ പ്രതിദിനം കടന്നുപോകുന്നത് മുന്നൂറോളം വിമാനങ്ങളാണ്. അതിനാല്‍ തന്നെ വിമാനങ്ങളുടെ ഇന്ധനം നിറയ്ക്കല്‍, അതിനായി എത്തുന്ന വിമാനങ്ങള്‍ വഴി കാര്‍ഗോ കൈകാര്യം ചെയ്യല്‍ തുടങ്ങി അനന്തമായ സാധ്യതകള്‍ ഇവിടെ നിലനില്‍ക്കുന്നു. ഇവയൊക്കെ ഉപയോഗിപ്പെടുത്താന്‍ അദാനി തന്നെ വേണമെന്നില്ല. ആര്‍ക്കും ചെയ്യാം. ചെയ്യാമായിരുന്നു. അവയൊന്നും ഉപയോഗപ്പെടുത്താനോ വിമാനത്താവളത്തെ വികസിപ്പിക്കാനോ സര്‍ക്കാരുകളോ തലസ്ഥാനത്തിന്റെ ജനപ്രതിനിധികളോ ഇതുവരെ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയിട്ടില്ല. തിരുവനന്തപുരം വിമാനത്താവളം അഡ്‌വൈസറി കമ്മിറ്റി ചെയര്‍മാന്‍ സ്ഥലം എം.പിയാണ്. ഏഴു മുതിര്‍ന്ന എം.പിമാര്‍ തിരുവനന്തപുരം നഗരത്തില്‍ താമസമുണ്ടായിട്ടും 15 വര്‍ഷമായി തുടരുന്ന യൂസേഴ്‌സ് ഫീയില്‍ പോലും ഒരു ഇടപെടലുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

വികസനത്തിന് ഇത്രയും സാധ്യതകളുള്ള വിമാനത്താവളം ഇപ്പോള്‍ നേരിടുന്ന സാഹചര്യം കൂടി മനസിലാക്കിയാലേ പലരുടെയും കപട ‘സ്‌നേഹത്തി’ന്റെ ചിത്രം പൂര്‍ണമാകൂ. വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച്, അന്താരാഷ്ട്ര സര്‍വീസുകള്‍ കുറഞ്ഞ്, യുസേഴ്‌സ് ഫീ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ ചിത്രമാണത്.

ദുബായിലേക്ക് ആഴ്ചയില്‍ നാലു സര്‍വീസുകളുണ്ടായിരുന്ന ഫ്്‌ളൈ ദുബായ് ചിലരുടെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടേക്കു പോയി. സൗദി എയര്‍ലൈന്‍സിനെയും അടുത്തിടെ ചിലര്‍ കോഴിക്കോട്ടേക്കു മാടി വിളിച്ചു. സില്‍ക്ക് എയര്‍ ലക്ഷ്വറി സര്‍വീസ് അവസാനിപ്പിച്ച് ബജറ്റ് സര്‍വീസിലേക്കു ഷെഡ്യൂളുകള്‍ മാറ്റി. ദുബായിലേക്കു എമിറേറ്റ്‌സും അബുദാബിയിലേക്ക് എത്തിഹാദും സര്‍വീസ് പകുതിയാക്കി. ചുരുക്കത്തില്‍ ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് അഞ്ഞൂറോളം ഷെഡ്യൂളുകള്‍. സംസ്ഥാനത്തെ മറ്റെല്ലാ വിമാനത്താവളങ്ങളിലും ഷെഡ്യൂളുകള്‍ കൂടുമ്പോഴാണ് തിരുവനന്തപുരത്തിന് ചോദിക്കാനും പറയാനും ആരുമില്ലാത്ത ഈ ഗതി. ഇതിന്റെയൊക്കെ ഫലമോ, തിരുവനന്തപുരത്തുനിന്ന് യാത്ര ചെയ്താല്‍ രാജ്യാന്തര ടിക്കറ്റുകളില്‍ 3000 മുതല്‍ 10,000 രൂപ അധികം നല്‍കണം. ഡൊമസ്റ്റിക് യാത്രകള്‍ക്കാണെങ്കില്‍ ഈ വ്യത്യാസം 1000 മുതല്‍ 5000 വരെയാണ്. അപ്പോ പിന്നെ, ജനശതാബ്ദിയിലെ എ.സി കോച്ചില്‍ അഞ്ഞൂറു രൂപപോലും മുടക്കാതെ കൊച്ചിയിലെത്തി വിമാനം കയറുന്നതല്ലെ ഭംഗി. അങ്ങനെയെങ്കില്‍ കുറച്ചു ചില്ലറ പോക്കറ്റില്‍ അവശേഷിക്കുമെന്നുള്ളതുകൊണ്ട് തിരുവനന്തപുരത്തുകാരും ഹാപ്പി. തിരുവനനന്തപുരം വിമാനത്താവളം സ്‌നേഹികളും ഹാപ്പിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here