ഡോ. തോമസ് ഐസക് (സംസ്ഥാന ധനമന്ത്രി)

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഉപജീവന പാക്കേജ് സ്വാഗതം ചെയ്യുന്നു. ഇതുപോലുള്ളൊരു പാക്കേജ് നേരത്തേ വേണ്ടിയിരുന്നു എന്നുള്ളതാണ് കേരളം പോലുളള സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ഇപ്പോഴത്തെ പ്രഖ്യാപനം പ്രതിസന്ധിയിലായ ജനതയ്ക്ക് തെല്ലൊരു ആശ്വാസം നല്‍കും.

പക്ഷേ, 1.7 ലക്ഷം കോടിയുടെ പകുതി മാത്രമേ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നിന്ന് അധികച്ചെലവായി വരികയുള്ളൂ എന്നാണ് പ്രാഥമിക നിഗമനം. അഞ്ചുകിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും കുടുംബത്തിനാണോ വ്യക്തിയ്ക്കാണോ എന്ന് വ്യക്തമല്ല. ധനമന്ത്രി 80 കോടി വ്യക്തികളെക്കുറിച്ചു പറഞ്ഞപ്പോള്‍ സഹമന്ത്രി അനുരാഗ് താക്കൂര്‍ എണ്‍പതു ലക്ഷം ഗുണഭോക്താക്കളെക്കുറിച്ചാണ് പരാമര്‍ശിച്ചത്. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു പരിശോധന ഉത്തരവു വരാന്‍ കാത്തിരിക്കണം.

ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശം 20.46 കോടി ജന്‍ധന്‍ അക്കൗണ്ടില്‍ മാസം 500 രൂപ വീതം (മൂന്നു മാസം) കൊടുക്കുന്നതാണ്. ഇത് തികച്ചും അപര്യാപ്തമാണ്. കേരളം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി 7300 രൂപ ക്ഷേമപെന്‍ഷനായി 55 ലക്ഷം പേര്‍ക്ക് നല്‍കുന്നു എന്നോര്‍ക്കണം. ഇതിനു പുറമെ ക്ഷേമപെന്‍ഷന്‍ ഇല്ലാത്ത പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതവും കേരളം നല്‍കുന്നുണ്ട്.

സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാഞ്ഞ ചെയ്യേണ്ടത്. കേന്ദ്ര പെന്‍ഷന്‍ തുക 200-300 രൂപയില്‍ നിന്ന് 1000 രൂപ ആക്കണം. സാധാരണക്കാരുടെ കൈയില്‍ പണം എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഇതാണ്.
പ്രധാന്‍മന്ത്രി കൃഷി യോജനയില്‍ അല്ലെങ്കിലും ആറായിരം രൂപയാണ് വര്‍ഷത്തില്‍ നല്‍കുന്നത്. അതില്‍ ഏപ്രിലിലെ രണ്ടായിരം രൂപം നല്‍കുന്നത് ഒരു അധികസഹായമല്ല.

തൊഴിലുറപ്പു കൂലി 20 രൂപ വര്‍ദ്ധിക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇതുപക്ഷേ, ഏപ്രില്‍ മുതല്‍ നടപ്പാക്കാന്‍ മുമ്പ് തീരുമാനിച്ചിരുന്നതാണ്. കൂലി അമ്പതു രൂപയും പ്രവൃത്തി ദിനങ്ങള്‍ 150 ആയി ഉയര്‍ത്തണമെന്നതുമായിരുന്നു നമ്മുടെ ആവശ്യം. തൊഴിലുറപ്പു കൂലിയുടെ അഡ്വാന്‍സായി തൊഴിലാളികളുടെ അക്കൌണ്ടിലേയ്ക്ക് ഫെബ്രുവരിയിലെ തൊഴിലുറപ്പു കൂലി നല്‍കണം. കാരണം, ലോക്ഡൗണ്‍ ഘട്ടത്തില്‍ തൊഴിലുറപ്പു നടപ്പാക്കാനാവില്ല. ഇങ്ങനെ നല്‍കുന്നതുകൊണ്ട് ഒരു അധിക സാമ്പത്തികഭാരവുമില്ല. ഒരു വര്‍ഷം കൊണ്ട് ഈ അഡ്വാന്‍സ് തിരിച്ചു പിടിക്കാവുന്നതാണ്. വീട്ടില്‍ അടച്ചുപൂട്ടിയിരിക്കുന്നവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ദേശീയ ആരോഗ്യമിഷന്റെ വിഹിതം ഇരട്ടിയാക്കണം. മൂന്നു മാസത്തേയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച ഇന്‍ഷ്വറന്‍സ് അപര്യാപ്തമാണ്.

ഇപിഎഫ് പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന് വെച്ചിരിക്കുന്ന നിബന്ധനകള്‍ മൂലം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും അതിന്റെ ഗുണം ലഭിക്കുകയില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജില്‍ ജനങ്ങളുടെ കടബാധ്യതകളെക്കുറിച്ചൊന്നും പറയുന്നില്ല. കേരളമാണ് ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി വിളിച്ചുകൂട്ടി എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് മൊറട്ടോറിയം ആവശ്യപ്പെട്ടത്. ബാങ്കുകള്‍ ഇതിന് സന്നദ്ധരാണെങ്കിലും റിസര്‍വ്വ് ബാങ്ക് ഒന്നും ഉരിയാടിയിട്ടില്ല. ഏതായാലും ബാങ്കേതര മൈക്രോ ഫിനാന്‍സ് പിരിവ് പോലുള്ളവ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്. അമേരിക്കയും ബ്രിട്ടണും പോലുള്ള രാജ്യങ്ങള്‍ ഇതു സംബന്ധിച്ച് ഉത്തരവുകള്‍ ഇറക്കിക്കഴിഞ്ഞു. അവ പ്രകാരം എല്ലാ തിരിച്ചടവുകള്‍ക്കും മൂന്നു മാസത്തെ പേയ്‌മെന്റ് ഹോളിഡേ നല്‍കിയിരിക്കുന്നു. എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തി വെച്ചു. പ്രശ്‌നത്തിലായ വായ്പകള്‍ റീസ്ട്രക്ച്ചര്‍ ചെയ്യുന്നതിന് സ്‌കീമുകള്‍ രൂപീകരിച്ചു. ഇന്ത്യന്‍ റിസര്‍വ്വ് ബാങ്ക് എന്നാണ് ഉറക്കമുണരുക?

ഏറ്റവും ഗൗരവമായ വീഴ്ച സംസ്ഥാന സര്‍ക്കാരുകളെ പാടെ അവഗണിച്ചതാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം ചെലവിന്റെ 60 ശതമാനം സംസ്ഥാനങ്ങളുടേതാണ്. അടച്ചുപൂട്ടലോടെ സംസ്ഥാനങ്ങളുടെ വരുമാന മാര്‍ഗ്ഗങ്ങളും അടഞ്ഞിരിക്കുകയാണ്. കച്ചവടമില്ലെങ്കില്‍ പിന്നെന്ത് ജിഎസ്ടി? ശരാശരി മാസം 3000 കോടി കിട്ടുന്ന സ്ഥാനത്ത് കേരളത്തിന് 500 കോടി പ്രതീക്ഷിക്കാം. നഷ്ടപരിഹാരം തരാനുള്ള ഭാവം കേന്ദ്രസര്‍ക്കാരിനില്ല. ബിവറേജസില്‍ നിന്നുള്ള വരുമാനം ഏപ്രിലില്‍ പൂജ്യമായിരിക്കും. മോട്ടോര്‍ വാഹന നികുതിയില്‍ ഏപ്രിലില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ വരുമാനവും ഏപ്രിലില്‍ തുച്ഛമേ പ്രതീക്ഷിക്കുന്നുള്ളൂ. ലോട്ടറി ഇല്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും കിട്ടുന്ന നികുതി വിഹിതം കുത്തനെ ഇടിയാന്‍ പോവുകയാണ്. സാധാരണഗതിയില്‍ കിട്ടേണ്ട വരുമാനത്തിന്റെ മൂന്നിലൊന്നുപോലും ഈ ഏപ്രിലില്‍ കിട്ടില്ല. വായ്പയെടുക്കുന്നതെല്ലാം കുടിശിക തീര്‍ക്കാനേ തികയൂ.

കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനവും ഇടിയുകയാണ്. പക്ഷെ, അവര്‍ക്ക് മറ്റു പല വരുമാന മാര്‍ഗ്ഗങ്ങളുമുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും എടുക്കാം; പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാം. സംസ്ഥാനങ്ങള്‍ എന്തു ചെയ്യും? അതുകൊണ്ട് അടിയന്തിരമായി കേരളം പല വട്ടം ആവശ്യപ്പെട്ടതുപോലെ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമാക്കണം. ജിഎസ്ടി നഷ്ടപരിഹാരത്തുക നല്‍കണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം കുറയ്ക്കണം.

ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുമായുള്ള അടിയന്തര യോഗം പാര്‍ലമെന്റു കഴിഞ്ഞാലുടനെ വിളിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നതാണ്. ഇന്നത്തെ അടിയന്തര സാഹചര്യത്തില്‍ ഏറ്റവുമടുത്ത ദിവസം ഒരു വീഡിയോ കോണ്‍ഫറന്‍സെങ്കിലും വിളിച്ചു ചേര്‍ത്ത് സംസ്ഥാനങ്ങളിലെ ധനപ്രതിസന്ധി ചര്‍ച്ച ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here