തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചും മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചും ധനമന്ത്രി തോമസ് ഐസക്. ജനകീയ കര്‍ഫ്യൂ പ്രസക്തമാണ്. പക്ഷേ ജനങ്ങളെങ്ങനെ ഉപജീവനം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നില്ല. കേരളമാണെങ്കിലോ ? 20000 കോടി രൂപയുടെ പാക്കേജ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രഖ്യാപിച്ചുവെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കോറോണാ പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന നടത്തിയ ദിവസം തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ കോവിഡ് 19 പാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ നിരാശപ്പെടുത്തുമ്പോള്‍, കേരള മുഖ്യമന്ത്രി ജനങ്ങളില്‍ പ്രത്യാശയും അതിജീവനത്തിനുള്ള ഊര്‍ജവും നിറയ്ക്കുകയാണ്. ഈ രണ്ടു നിലപാടും താരതമ്യപ്പെടുത്തിയായിരുന്നു എന്‍ഡി ടിവിയില്‍ ഇന്നലത്തെ ചര്‍ച്ച. ടെലഗ്രാഫ് പത്രവും ഇത്തരമൊരു താരതമ്യത്തിന് മുതിര്‍ന്നിട്ടുണ്ട്. ധനശേഷിയില്‍ കേന്ദ്രമെവിടെ; കേരളം പോലൊരു കൊച്ചുസംസ്ഥാനമെവിടെ? തുകയേക്കാളുപരി രണ്ടുപേരുടെയും സമീപനമാണ് താരതമ്യത്തിന്റെ കേന്ദ്രബിന്ദു.

കൊവിഡ് സാമൂഹ്യവ്യാപനമുണ്ടായാല്‍ രാജ്യത്ത് അപ്രഖ്യാപിത കര്‍ഫ്യൂ അല്ലെങ്കില്‍ വ്യാപക ക്വാറന്റൈന്‍ വേണ്ടിവരും. ഇതുസംബന്ധിച്ച ഒരു ബോധവല്‍ക്കരണമെന്ന നിലയില്‍ പ്രധാനമന്ത്രി ഞായറാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ജനകീയ കര്‍ഫ്യൂ പ്രസക്തമാണ്. പക്ഷെ, കാതലായ പ്രശ്‌നമുണ്ട്. ക്വാറന്റൈനിലാകുന്ന ജനങ്ങള്‍ എങ്ങനെ ഉപജീവനം നടത്തും? അതിന് ഒരു പ്രതിവിധിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക പാക്കേജ് ഉണ്ടാക്കാന്‍ ധനമന്ത്രി അധ്യക്ഷയായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. അത്രമാത്രം. മുന്‍കാല അനുഭവം വച്ചാണെങ്കില്‍ കോര്‍പ്പറേറ്റ് ടാക്‌സ് ഇളവ് പോലുള്ള പരിഷ്‌കാരങ്ങള്‍ക്കായിരിക്കും പ്രാമുഖ്യം. ഇന്നേവരെ ഇന്ത്യയിലെ മാന്ദ്യം ഡിമാന്റിന്റെ ഇടിവുകൊണ്ടാണെന്ന് കേന്ദ്രസര്‍ക്കാരിലെ ഒരാളുപോലും സമ്മതിച്ചു തന്നിട്ടില്ല.

കേരളമാണെങ്കിലോ? 20000 കോടി രൂപയുടെ പാക്കേജ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഈ പണം എവിടെനിന്നുകിട്ടും എന്നാണ് വിമര്‍ശകര്‍ക്ക് അറിയേണ്ടത്. സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അപ്പോള്‍ പണം എവിടെ നിന്ന് എന്നാണ് അറിയേണ്ടത്. ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്ന ലളിതമായൊരു കാര്യമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്ത വര്‍ഷത്തേയ്ക്ക് അനുവദിക്കപ്പെട്ട വായ്പയുടെ പകുതിയെങ്കിലും വര്‍ഷാരംഭത്തില്‍ തന്നെ എടുക്കും. 12 മാസംകൊണ്ട് ചെലവഴിക്കേണ്ട സ്‌കീമുകളില്‍ ജനത്തിന്റെ കൈയില്‍ പണം എത്തിക്കാന്‍ കഴിയുന്ന പലതും ആദ്യ രണ്ടുമാസംകൊണ്ടു തന്നെ നടപ്പിലാക്കും.

ഉദാഹരണത്തിന് ഓണത്തിനാണ് വിശപ്പുരഹിത ഭക്ഷണശാലകള്‍ തുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവ ഏപ്രിലില്‍ തന്നെ തുടങ്ങും. അതുവഴി ജനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ രൂപത്തില്‍ സമാശ്വാസമൊരുക്കും. പെന്‍ഷന്‍ മുഴുവന്‍ കുടിശിക തീര്‍ത്ത് കൊടുക്കുകയോ അഡ്വാന്‍സായി കൊടുക്കുകയോ ചെയ്യും. സാമൂഹ്യപെന്‍ഷന്‍ ഇല്ലാത്ത സാധുക്കള്‍ക്ക് ചെറിയൊരു ധനസഹായം (1000 രൂപ വീതം) പുതിയതായി നല്‍കും. റേഷന്‍ സൗജന്യം കൊടുക്കും. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും അധികമായി വായ്പ കൊടുക്കും. വര്‍ഷം മുഴുവന്‍ നീളുന്ന അടുത്ത വര്‍ഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ ഏപ്രില്‍-മെയ് മാസത്തില്‍ തന്നെ നടത്തും.

ഇങ്ങനെ വളരെ ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങളാണ് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. ഏറ്റവും സൂക്ഷ്മതലത്തില്‍ വരെ സര്‍ക്കാരിന്റെ കണ്ണെടുത്തുന്നുണ്ട്. രോഗപ്രതിരോധം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ ഏറ്റവും ശാസ്ത്രീയമായും ജാഗ്രതയോടും ആരോഗ്യമേഖലയിലും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ എന്ന നിലയില്‍ ഇവയെല്ലാം ഏകോപിപ്പിക്കുകയും ഉദ്യോഗസ്ഥ, ജനപ്രതിനിധി സംവിധാനങ്ങളെ മുഴുവന്‍ ഒറ്റ ലക്ഷ്യത്തോടെ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് പ്രതിസന്ധി ഇത്ര മൂര്‍ച്ഛിച്ചിട്ടും കേന്ദ്രസര്‍ക്കാരിന് ഇങ്ങനെയൊരു ഭാവനയോടെ ചിന്തിക്കാനാകാത്തത്? തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയും കൂലി നിരക്ക് 50 രൂപയും വര്‍ദ്ധിപ്പിക്കാമല്ലോ? വയോജന പെന്‍ഷന്‍ 300 ല്‍ നിന്നും 500-600 രൂപയായി ഉയര്‍ത്തുകയും സാര്‍വ്വത്രികമാക്കുകയും ചെയ്യാം?

കെട്ടിക്കിടക്കുന്ന അരി മുഴുവന്‍ പാവങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കാം. സമാനമായ മാന്ദ്യവിരുദ്ധ പാക്കേജുകള്‍ ലോകമെമ്പാടും രാജ്യങ്ങള്‍ പ്രഖ്യാപിക്കുകയാണ്. ഇന്ത്യാ സര്‍ക്കാര്‍ എന്തിനാണ് അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത്?

സംസ്ഥാനങ്ങള്‍ക്ക് അരശതമാനംകൂടി വായ്പാ പരിധി എന്തുകൊണ്ട് അനുവദിക്കുന്നില്ല? ഇത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട വഴികളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്കും ധനമന്ത്രിക്കും കേരളം കത്തുകള്‍ അയച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ സമയം മുഴുവന്‍ എന്‍ആര്‍സിയെയും പൗരത്വഭേദഗതിയേയും കുറിച്ചാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ല.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യത്തിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരുന്നു. എന്നാല്‍ ഇതിനൊരു പ്രതിവിധി മുന്നോട്ടുവയ്ക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. ഫലമോ? നാലു മാസത്തിനിടയില്‍ മൂന്നുവട്ടം ബജറ്റ് പ്രഖ്യാപനങ്ങള്‍ തിരുത്തേണ്ടിവന്നു. നാം കണ്ണടച്ചാല്‍ ഇല്ലാതാകുന്നവയല്ലല്ലോ യാഥാര്‍ത്ഥ്യങ്ങള്‍. ഇത്തവണത്തെ കേന്ദ്രബജറ്റിലും മാന്ദ്യത്തെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഇല്ല. സ്വാഭാവികമായി ഈ മാന്ദ്യകാലത്ത് ജനങ്ങളെ എങ്ങനെ സഹായിക്കാം? മാന്ദ്യത്തെ എങ്ങനെ പ്രതിരോധിക്കാം? തുടങ്ങിയ കാതലായ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെട്ടു. ഇനി അങ്ങനെ മുന്നോട്ടു പോകാനാവില്ലെന്നു വ്യക്തം.

അതേസമയം, കേരള ബജറ്റാവട്ടെ നമ്മളെ തുറിച്ചുനോക്കുന്ന മാന്ദ്യത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനാണ് മുന്‍ഗണന നല്‍കിയത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പാക്കേജില്‍ കൊറോണ പകര്‍ച്ചാവ്യാധിമൂലം തൊഴിലില്ലായ്മകൊണ്ട് വലയുന്ന ജനങ്ങളെ സഹായിക്കാനുള്ള പാക്കേജാണ്. അവരുടെ കൈയില്‍ പണം കിട്ടുമ്പോള്‍ കമ്പോളത്തില്‍ ചലനമുണ്ടാകും. അത് മാന്ദ്യത്തെ ഒരു പരിധിവരെ പ്രതിരോധിക്കും. അതോടൊപ്പം പകര്‍ച്ചാവ്യാധികള്‍ക്കെതിരെയുള്ള സാമൂഹ്യ മുന്‍കരുതലുകള്‍ക്ക് ഒരു കുറവും വരുത്തിയിട്ടില്ല. രണ്ടും ഒരുമിച്ച് കൊണ്ടുപോകണം.

LEAVE A REPLY

Please enter your comment!
Please enter your name here