മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മാധ്യമ സിന്‍ഡിക്കേറ്റ് വിവാദം ഒന്നുകൂടി കൊഴുപ്പിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ജനകീയാസൂത്രണ വിവാദവും ലാവ്‌ലിന്‍ വിവാദവും സ്പിംക്ലര്‍ വിവാദത്തിന്റെ അതേ ഉറവിടത്തില്‍ നിന്നുതന്നെ ഉടലെടുത്തതാണെന്നും ഐസക് പറഞ്ഞുവയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാധ്യമസിന്‍ഡിക്കേറ്റിന് ചരടുവലിക്കുന്നവര്‍ക്കും പ്രായത്തിന്റെ അവശതകള്‍ ബാധകമാണ്. പല്ലും നഖവും കൊഴിയും. വീര്യം ചോരും. മനസെത്തുന്നിടത്ത് ശരീരമെത്താതെ വരും. എത്ര ശത്രുക്കള്‍ക്കും സങ്കടം തോന്നുന്ന അവസ്ഥയിലേയ്ക്ക് അവര്‍ക്കും എത്താതെ വയ്യ.

സ്പ്രിംക്ലര്‍ വിവാദം നോക്കൂ. സിന്‍ഡിക്കേറ്റിന്റെ അഭ്യാസങ്ങള്‍ തീരെ ഏല്‍ക്കുന്നില്ല. അമേരിക്കയിലെ ഫൈസര്‍ കമ്പനിയുടെ പേരില്‍ കൊണ്ടുവന്ന ബോംബ് പൊട്ടിച്ച സ്ഥലത്തുവെച്ച് ചീറ്റി. ടെലിവിഷന്‍ സ്‌ക്രീനില്‍ മത്തങ്ങാവലിപ്പത്തില്‍ തലക്കെട്ടുകള്‍, സാധാരണയില്‍ കവിഞ്ഞ വലിപ്പത്തില്‍ സ്‌ക്രോള്‍, ശ്വാസമെടുക്കാതെയുള്ള റിപ്പോര്‍ട്ടറുടെ കണ്ഠക്ഷോഭം, ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ബലംപ്രയോഗിച്ച് കൂട്ടിക്കെട്ടുന്നതിന്റെ വെപ്രാളം തുടങ്ങി സിന്‍ഡിക്കേറ്റ് വാര്‍ത്തകളുടെ ഉസാഘ തെറ്റിക്കാതെയാണ് ഫൈസര്‍ ബോംബ് ചാനലുകളില്‍ പൊട്ടിച്ചത്. പക്ഷേ, ചാനലിന്റെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍പ്പോലും ഒരു കോളം സെന്റീമീറ്റര്‍ വാര്‍ത്ത വന്നില്ല. ഡെസ്‌കുകളിലെ ഏമാന്മാര്‍ക്ക് കൈവിറച്ചു തുടങ്ങിയെന്നര്‍ത്ഥം.

നേരത്തെ അതായിരുന്നില്ല സ്ഥിതി. ജനകീയാസൂത്രണ, ലാവലിന്‍ വിവാദങ്ങള്‍ ഓര്‍മ്മയുള്ളവര്‍ക്കറിയാം. വക്രീകരണം, തമസ്‌കരണം, പെരുപ്പിച്ചു കാണിക്കല്‍ തുടങ്ങിയ സുകുമാരകലകളിലൂടെ വിവാദം ഏറെക്കാലത്തേയ്ക്കു കത്തിച്ചു നിര്‍ത്തിയത് പത്രങ്ങളാണ്. ഫൈസറും സ്പ്രിംക്ലറും തമ്മിലുള്ള ബന്ധം ചാനലുകളില്‍ ആഘോഷിച്ച രീതി നോക്കുക. റിച്ചാര്‍ഡ് ഫ്രാങ്കി, വൈബ്‌സൈറ്റ്, ലിങ്ക്, സിഐഎ ബന്ധം എന്ന ക്രമത്തില്‍ വിവാദം വാറ്റിയെടുത്ത അതേ കോടയും കുക്കറും! പക്ഷേ, കിക്ക് മാത്രമില്ല. പത്രങ്ങള്‍ക്കെങ്കിലും.

ഇതെങ്ങനെ സംഭവിച്ചു? സത്യത്തില്‍ മലയാള മാധ്യമമേഖലയില്‍ ഒബ്ജക്ടിവിറ്റിയെ അടിസ്ഥാനമാക്കി ഒരു പുതിയ ചേരിതിരിവ് ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്ന രീതി ശ്രദ്ധിച്ചാല്‍ അറിയാം. 24 ന്യൂസും അതിനു ചുക്കാന്‍ പിടിക്കുന്ന ശ്രീകണ്ഠന്‍ നായരും ഡോ. അരുണ്‍കുമാറും ഒരു പടി മുകളില്‍ നില്‍ക്കുന്നു.

മുഖ്യധാരാ മാധ്യമങ്ങളില്‍ വസ്തുതയ്ക്കു പ്രാധാന്യം നല്‍കുന്ന ഒരു പുതിയ വാര്‍ത്താസംസ്‌ക്കാരം രൂപപ്പെട്ടിരിക്കുന്നു. ഫൈസര്‍ വിവാദം ന്യൂസ് 18 ഏറ്റെടുത്തില്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. 24 ന്യൂസ് ആണെങ്കില്‍, തങ്ങളുടെ വാര്‍ത്തകള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ സ്റ്റുഡിയോ ഫ്‌ലോറില്‍ നിന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്നു, ഏറ്റു പറയുന്നു, വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കുന്നു. അതൊരു ബ്രാന്‍ഡ് വാല്യൂ ആയി വളര്‍ത്തിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തങ്ങളെ അതിനു നിര്‍ബന്ധിതരാക്കുന്നത് സോഷ്യല്‍ മീഡിയയുടെ ശക്തിയാണ് എന്നവര്‍ തുറന്നു സമ്മതിക്കാനും തയ്യാറാകുന്നു. ഇതൊരു മാറ്റമാണ്. ഗുണകരമായ മാറ്റം.

ഇവിടെ ഞാന്‍ ജനകീയാസൂത്രണ, ലാവലിന്‍ വിവാദങ്ങളുടെ പശ്ചാത്തലം ഓര്‍മ്മിക്കുകയാണ്. അന്ന്, ദേശാഭിമാനി മാത്രമാണ് ആശ്രയം. ഈ രണ്ടുവിവാദങ്ങളിലെയും മാധ്യമങ്ങളുടെ പങ്കാളിത്തം ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ച അനുഭവത്തില്‍ നിന്നു പറയാം, എന്തൊരു പിന്തുണയായിരുന്നു യുഡിഎഫുകാരുടെ നുണ പ്രചരണത്തിന് മഹാമാധ്യമങ്ങള്‍ നല്‍കിയത്. ഞങ്ങളുടെയൊക്കെ പ്രസ്താവനകള്‍ക്കും വിശദീകരണങ്ങള്‍ക്കും വേണ്ടുവോളം എഡിറ്റോറിയല്‍ ടിപ്പണിയുണ്ടായിരുന്നു. പറഞ്ഞ ഒരുകാര്യവും അതുപോലെ കൊടുത്തിട്ടില്ല. ബാലന്‍സ് അഭിനയിക്കാന്‍ ഒരു പത്രം രണ്ടോ മൂന്നോ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങളുടെ പ്രസംഗവും പ്രസ്താവനകളുമൊക്കെ മറ്റു പേജുകളില്‍ റിപ്പോര്‍ട്ടു ചെയ്തത് അക്ഷരാര്‍ത്ഥത്തില്‍ എഡിറ്റോറിയല്‍ വൈകൃതങ്ങളായിരുന്നു. വളച്ചൊടിക്കലും വക്രീകരണവും സിപിഎമ്മിനും പിണറായി വിജയനും. പെരുപ്പിക്കലും പൊലിപ്പിക്കലും യുഡിഎഫിന്. അങ്ങനെയാണവര്‍ നിഷ്പക്ഷത വിളമ്പിയത്.

ഈ പ്രചാരവേലയെ നേര്‍ക്കുനേര്‍ പ്രതിരോധിച്ചത് ദേശാഭിമാനിയായിരുന്നു. ന്യൂജെന്‍ ഭാഷയില്‍പ്പറഞ്ഞാല്‍ മാഹാമാധ്യമങ്ങളുടെ നുണകളെല്ലാം ദേശാഭിമാനിയിലെ സഖാക്കള്‍ പൊളിച്ചടുക്കിയിട്ടുണ്ട്. പിന്നെ ചിന്ത വാരിക. വേട്ടയാടപ്പെടുന്നവരുടെ ഭാഗത്തു നില്‍ക്കാനും അവര്‍ക്കു പറയാനുള്ളത് സംപ്രേക്ഷണം ചെയ്യാന്‍ കൈരളിയും വന്നു. എന്നാല്‍ ദേശാഭിമാനിയും കൈരളിയും ചിന്ത വാരികയും നുണകള്‍ പൊളിച്ചടുക്കുമ്പോഴും മറുഭാഗത്തിന് കൂസലൊന്നുമുണ്ടായില്ല. വരദാചാരിയുടെ തലക്കറി പാചകം ചെയ്ത് വിളമ്പിയവരൊന്നും ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ലല്ലോ. സര്‍ക്കുലേഷന്റെ മസിലും പെരുപ്പിച്ച് പിന്നെയും പെരുംനുണകളുടെ എത്രയോ പൊതുപ്രദര്‍ശനങ്ങള്‍.

എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. നുണയെഴുതിയാല്‍ സോഷ്യല്‍ മീഡിയയില്‍ സെക്കന്‍ഡുകള്‍ക്കകം മിഠായി കിട്ടും. ഏതു കൊലകൊമ്പനായ വാര്‍ത്താ പ്രമാണിയെയും സര്‍വജ്ഞപീഠത്തില്‍ നിന്ന് വലിച്ചിറക്കി കളസം കീറി വിചാരണ ചെയ്യും, പുതിയ തലമുറ. അല്‍പവിഭവരായ സിന്‍ഡിക്കേറ്റ് ഭൃത്യന്മാരുടെ പടം മടങ്ങുന്നത് സോഷ്യല്‍ മീഡിയയിലാണ്. അറിവും കഴിവും സാങ്കേതികവിദ്യയിലെ കൈയടക്കവുമായി പുതിയൊരു പ്രേക്ഷകസമൂഹം സോഷ്യല്‍ മീഡിയയിലുണ്ട്. അവരോട് മുട്ടി നില്‍ക്കാന്‍ നില്‍ക്കാന്‍ സിന്‍ഡിക്കേറ്റ് പാഠശാലയിലെ അഭ്യാസവും അടവുകളും പോര. നിങ്ങളുടെ പുരഞ്ജയവും സൌഭദ്രവുമൊക്കെ ഫേസ്ബുക്കിലും വാട്‌സാപ്പിലുമിട്ട് ചവിട്ടിക്കൂട്ടും. അതിനു പുറമെയാണ്, വസ്തുതയ്ക്കു പ്രാധാന്യം നല്‍കാന്‍ മുന്നോട്ടു വരുന്ന 24 ന്യൂസ്, ന്യൂസ് 18 തുടങ്ങിയ പൊതു മാധ്യമങ്ങളുടെ സാന്നിധ്യം. ഈ സാഹചര്യം സൃഷ്ടിക്കുന്ന സമ്മര്‍ദ്ദത്തില്‍ മുഖ്യധാരാ നുണ ഫാക്ടറിയ്ക്ക് ഇനി ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെയൊരു മാറ്റം സംഭവിക്കുകയാണ്. അതിനെ സ്വാഗതം ചെയ്യുന്നു.

കൊള്ളാവുന്ന പത്രപ്രവര്‍ത്തകരാണ് എന്നു വ്യക്തിപരമായി തോന്നിയ പുതിയതലമുറയിലെ ചില മാധ്യമപ്രവര്‍ത്തകരെ അപ്രതീക്ഷിതമായി ഇക്കൂട്ടത്തില്‍ കണ്ടു. അവര്‍ക്ക് ചെറിയൊരുപദേശം നല്‍കാം. എല്ലാവരെയും കുറച്ചുകാലത്തേയ്ക്കും കുറച്ചുപേരെ എല്ലാക്കാലത്തേയ്ക്കും കബളിപ്പിക്കാം എന്നു തുടങ്ങുന്ന എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഉദ്ധരണി നിങ്ങളും കേട്ടിട്ടുണ്ടാകും. എല്ലാക്കാലത്തേയ്ക്കും കബളിപ്പിക്കപ്പെടുന്നവരുടെ പട്ടികയില്‍ തങ്ങളുണ്ടാവില്ല എന്ന ജാഗ്രതയെങ്കിലും നിങ്ങള്‍ക്കുണ്ടാകണം. സ്ഥിരമായി കബളിപ്പിക്കപ്പെടാന്‍ നിന്നുകൊടുക്കുന്നവരെ നമുക്കു വിടാം. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ ഈ മാഫിയയുടെ ഭാഗമാണ്. അവര്‍ അവരുടെ നിലവാരം ഉയരാതെ സൂക്ഷിക്കട്ടെ. നിങ്ങള്‍ക്കൊരു വീണ്ടുവിചാരം വേണം.

ഏഷ്യാനെറ്റിലെ ജിമ്മി ജെയിംസിന്റെ കാര്യം പേരെടുത്തു തന്നെ പറയാനാഗ്രഹിക്കുന്നു. എന്നെയും ജിമ്മി പലതവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പൊതുവേ മതിപ്പു തോന്നിയ ഒരു ചെറുപ്പക്കാരന്‍. സ്പ്രിംക്ലര്‍ വിവാദത്തില്‍ പക്ഷേ ജിമ്മി എന്താണ് ചെയ്തത്. ഈ മേഖലയില്‍ ജിമ്മിയ്ക്ക് ഒരു വൈദഗ്ധ്യവുമില്ലെന്ന് ജിമ്മിയ്ക്കുമറിയാം, ശിവശങ്കരനുമറിയാം, ജിമ്മിയുടെ സഹപ്രവര്‍ത്തകര്‍ക്കുമറിയാം, കാണുന്നവര്‍ക്കുമറിയാം. എന്നിട്ടും എന്തായിരുന്നു ഭാവം? തനിക്കറിയാത്ത ഒരു മേഖലയില്‍ കൈവെയ്ക്കുമ്പോള്‍, ചുരുങ്ങിയ പക്ഷം മര്യാദയോടെ വേണം ഇടപെടാന്‍ എന്നെങ്കിലും തോന്നാത്തത് കഷ്ടമാണ്. ചാരക്കേസൊക്കെ ജിമ്മി മനസിരുത്തി പഠിക്കണം. താങ്കളേക്കാള്‍ എത്രയോ വലിയ മഹാരഥന്മാരാണ് ക്രയോജനിക് സാങ്കേതികവിദ്യയെക്കുറിച്ചും റോക്കറ്റ് എഞ്ചിനീയറിംഗിനെക്കുറിച്ചുമൊക്കെ ബൈലൈന്‍ സഹിതം ആധികാരികമായി എഴുതിക്കൂട്ടിയത്. ചെയ്തത് തെറ്റായിപ്പോയി എന്ന് പലരും ജേണലിസം ക്ലാസുകളില്‍ ഏത്തമിടുകയാണ്. അതിലേയ്‌ക്കൊരു മുതല്‍ക്കൂട്ടാവും, സ്പിംക്ലര്‍ വിവാദത്തില്‍ ജിമ്മി നടത്തിയ പോയിന്റ് ബ്ലാങ്ക്. ഐടി സെക്രട്ടറി ഒരുതവണയേ വിചാരണയ്ക്കിരുന്നുള്ളൂ. ആ എപ്പിസോഡ് വരും തലമുറകളുടെ വിചാരണയ്ക്ക് ചരിത്രത്തിലേയ്‌ക്കെടുത്തു കഴിഞ്ഞു.

നിങ്ങളില്‍ പലരും ചേര്‍ന്നാണ് ജിമ്മീ, ഞങ്ങളെയൊക്കെ രാജ്യദ്രോഹികളും അമേരിക്കന്‍ ചാരന്മാരും ലാവലിന്‍ കള്ളന്മാരുമൊക്കെയാക്കി അരങ്ങുതകര്‍ത്തത്. ആ ഭൂതകാലം മറന്നുകൊണ്ടല്ല നിങ്ങളില്‍ പലരെയും അഭിമുഖീകരിക്കുന്നത്. ഒരേ വാര്‍ത്താ ഉറവിടം ഒരേ അടവും ഒരു ലക്ഷ്യവുമായി പത്തിരുപതുകൊല്ലമായി നിങ്ങള്‍ക്കു പിന്നാലെയുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതയും ഉറവിടത്തിന്റെ താല്‍പര്യങ്ങളും ഇനിയെങ്കിലും നന്നായി മനസിലാക്കണം. വാര്‍ത്താ ഉറവിടത്തെ സംബന്ധിച്ച പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനപാഠം മുറുകെപ്പിടിക്കണം.

ഒന്നോ രണ്ടോ മൂന്നോ തവണ അബദ്ധം പറ്റുന്നത് മനസിലാക്കാം. പക്ഷേ വികൃതമനസുകളായ വാര്‍ത്താ ഉറവിടത്തെ നിരന്തരമായി വിശ്വസിച്ചാല്‍, മഞ്ഞപ്പത്രക്കാരന്‍ എന്നേ ചരിത്രത്തില്‍ പേരു വീഴൂ. വീണുപോയവരെ വിട്ടു കളയുക. നിങ്ങളെങ്കിലും അതൊഴിവാക്കാന്‍ ശ്രമിക്കുക. നിരന്തരമായി വിഡ്ഢികളാക്കപ്പെടാന്‍ ഒരു വാര്‍ത്താ ഉറവിടത്തിനു മുന്നില്‍ നിന്നുകൊടുക്കുന്നതല്ല പ്രൊഫഷണല്‍ വൈദഗ്ധ്യം. ആ വാര്‍ത്താ ഉറവിടത്തെപ്പോലും ചോദ്യം ചെയ്യാനുള്ള ശേഷിയും വിവരങ്ങളെ മറുപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ജാഗ്രതയും വേണം. അല്ലെങ്കില്‍ ഫൈസര്‍പോലുള്ള നട്ടാല്‍ക്കുരുക്കാത്ത നുണകള്‍ വിട്ടുപോകാത്ത ജാള്യമായി നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെ വേട്ടയാടും.

സ്പ്രിംക്ലര്‍ വിവാദത്തിന് വിവരങ്ങള്‍ സപ്ലൈ ചെയ്യുന്ന ക്ലൌഡ് സെര്‍വെര്‍ തന്നെയായിരുന്നു ജനകീയാസൂത്രണ വിവാദത്തിലും വാര്‍ത്താ ഉറവിടം. അതേ വാര്‍ത്താ ഉറവിടം തന്നെയായിരുന്നു ലാവലിന്‍ വിവാദത്തിനു പിന്നിലും. അവര്‍ മെനഞ്ഞ് നിങ്ങളുടെ തൊട്ടുമുന്നിലുള്ളവര്‍ സംഭ്രമജനകമാക്കി പ്രസിദ്ധീകരിച്ച എത്രയോ ആരോപണങ്ങളുണ്ട്. ബൈലൈന്‍ ഉടമകളെയൊന്നും ആരും മറന്നിട്ടില്ല. ഈ വിഷയങ്ങളില്‍ പേരുവെച്ചെഴുതിയ ഒരാരോപണത്തിലെങ്കിലും ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്ന് പൊതുസമൂഹത്തില്‍ തന്റേടത്തോടെ പറയാന്‍ അവരിലെത്ര പേര്‍ക്കു കഴിയും? എത്രയോ കാലമായി ഞങ്ങള്‍ ആ വെല്ലുവിളി നടത്തുന്നു.

വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും പൊള്ളത്തരം പത്രങ്ങളില്‍നിന്നു തന്നെ തുറന്നു കാട്ടി എന്‍ പി ചന്ദ്രശേഖരനും ഞാനും ചേര്‍ന്ന് വ്യാജസമ്മതിയുടെ നിര്‍മ്മിതി എന്നൊരു പുസ്തകം തന്നെ എഴുതി. ആ പുസ്തകത്തില്‍ ഞങ്ങളുയര്‍ത്തിയ വെല്ലുവിളി ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. പക്ഷേ, അതേറ്റെടുക്കാന്‍ പഴയ ബൈലൈന്‍ ശൂരന്മാരൊന്നും ഇതേവരെ അരങ്ങത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല. ഞങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ഒരു ആരോപണത്തിന്റെ പേരിലും ഞങ്ങളുടെ ഇന്റഗ്രിറ്റി നഷ്ടപ്പെട്ടിട്ടില്ല. കുറച്ചുപേരെ കുറേക്കാലത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും. പക്ഷേ, കൊണ്ടുവന്നവരുടെ പ്രൊഫഷണല്‍ ജീവിതത്തിലെ ഇളിഭ്യച്ചിരി മാത്രമായി ആ വിവാദങ്ങള്‍ ഒടുങ്ങുകയായിരുന്നു.

വാര്‍ത്താ ഉറവിടങ്ങളെ കണ്ണുംപൂട്ടി വിശ്വസിച്ചു കുഴിയില്‍ ചാടിയവര്‍ക്ക് ഫൈസര്‍ വിവാദം ഒന്നാന്തരം കേസ് സ്റ്റഡിയാണ്. തങ്ങള്‍ ആത്മവിശ്വാസത്തോടെ കൊണ്ടാടിയ വാര്‍ത്ത പിറ്റേന്ന് തങ്ങളുടെ തന്നെ പത്രസ്ഥാപനം എന്തുകൊണ്ട് ഒരു കോളം സെന്റീമീറ്റര്‍ പോലും വാര്‍ത്തയാകാക്കിയില്ല എന്ന് പഠിക്കുക. പുറത്തു വന്ന് മൂന്നാം മിനിട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പൊളിഞ്ഞു പോയതുകൊണ്ട് പത്രങ്ങള്‍ തടി കഴിച്ചിലാക്കിയപ്പോള്‍ നഷ്ടം ആര്‍ക്ക്? മേല്‍പ്പറഞ്ഞ വാര്‍ത്താ ഉറവിടത്തെ കണ്ണുമടച്ചു വിശ്വസിച്ച് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം കളിച്ച നിഷ്‌കളങ്കര്‍ക്ക് (അങ്ങനെയൊരു നിഷ്‌കളങ്കത ഉണ്ടെങ്കില്‍)! എന്നേ കരിമ്പട്ടികയില്‍പ്പെടുത്തി പുറത്തു കളയേണ്ട ഒരു വാര്‍ത്താ ഉറവിടത്തിന്റെ അടിമകളായി സ്വന്തം തൊഴിലിനെ അധപ്പതിപ്പിച്ചതിനു ലഭിച്ച ശിക്ഷയാണത്.

ഹൈക്കോടതി വിധി സംബന്ധിച്ച അസംബന്ധവാര്‍ത്തകളുടെ സ്രോതസ് മറ്റൊന്നല്ല. ഹൈക്കോടതി പറയാത്ത കാര്യം പറഞ്ഞു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ഒന്നിലധികം വാര്‍ത്താ ചാനലുകളില്‍ ശ്രമം നടന്നു. കോടതി നടപടികളെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിതമായ ശ്രമവും നേരത്തെ പലതവണ നാം കണ്ടതാണ്. മോഡസ് ഓപ്പറാണ്ടിയിലൊന്നും ഒരു മാറ്റവുമില്ല.

മുറിയില്ലെന്നറിഞ്ഞിട്ടും അതേ പിച്ചാത്തിയുമായി വെട്ടാന്‍ നടക്കുന്നവരോട് സഹതപിക്കയല്ലാതെ എന്തു ചെയ്യാന്‍. വെട്ടിയിട്ട് മുറിയുന്നില്ല എന്നു തിരിച്ചറിയാനുള്ള ബോധമെങ്കിലും വേണമല്ലോ. എന്നാലല്ലേ വേറെ കത്തി വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാനാവൂ. ഏതായാലും ഒരുകാര്യം ഉറപ്പിച്ചു. സ്പ്രിംക്ലര്‍ വിവാദം കൂടി ഉള്‍പ്പെടുത്തി വ്യാജസമ്മതിയുടെ നിര്‍മ്മിതിയുടെ പുതിയ പതിപ്പിറക്കും. അന്ന് ടെലിവിഷന്‍ ചാനലുകളിലെ അസംബന്ധങ്ങള്‍ ഓര്‍മ്മയില്‍ നിന്നെഴുതാനേ കഴിഞ്ഞുള്ളൂ. ഇന്ന് ആ പരിമിതിയില്ല. ഈ തിരക്കൊന്നു കഴിഞ്ഞാല്‍ അതിന്റെ പണിപ്പുര തുറക്കാം.

ഇതുപറയുന്നതുകൊണ്ട്, സിപിഎമ്മോ സര്‍ക്കാരോ വിമര്‍ശനത്തിന് അതീതരാണ്, ഞങ്ങള്‍ക്കെതിരെ ഒരു വിമര്‍ശനവും പാടില്ല എന്നൊന്നുമല്ല വാദിക്കുന്നത്. വിമര്‍ശനത്തെയല്ല, നുണ വാര്‍ത്തകള്‍ സൃഷ്ടിച്ച് തേജോവധം ചെയ്തുകളയാം എന്ന ധാര്‍ഷ്ട്യത്തെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ക്രിയാത്മക വിമര്‍ശനങ്ങള്‍ക്ക് വഴങ്ങാന്‍ ഒരു മടിയുമില്ല. എന്നുവെച്ച് നുണപ്രളയം സൃഷ്ടിച്ച് ഞങ്ങളുടെ തല കുനിപ്പിക്കാമെന്നൊന്നും ആരും മനക്കോട്ട കെട്ടാന്‍ സ്ഥാനം നോക്കാനിറങ്ങണ്ട. മഹാരഥന്‍മാര്‍ കെട്ടിയ കോട്ട പൊളിഞ്ഞിട്ടേയുള്ളൂ. പിന്നെയല്ലേ ഇളമുറ.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതുപോലെ മടിയില്‍ കനമില്ലാത്തതുകൊണ്ട് വഴിയില്‍ ഒരു പേടിയുമില്ല. ഇല്ലാത്ത കനം ഞങ്ങളുടെ മടിയില്‍ കൃത്രിമമായി സൃഷ്ടിച്ചു വെച്ച്, അതിന്റെ പേരില്‍ പേടിപ്പിച്ചു കളയാമെന്നാണ് ചിലരുടെ വ്യാമോഹം. പത്തിരുപതു കൊല്ലത്തെ പഴക്കമുള്ള രോഗമാണത്. വിയറ്റ്‌നാം കോളനിയില്‍ ശങ്കരാടി കാണിച്ച ആ രേഖ അവര്‍ പല മാധ്യമപ്രവര്‍ത്തകരെയും കാണിച്ചിട്ടുണ്ട്. ആ രേഖയും പൊക്കിപ്പിടിച്ച് പലരും ചാനലുകളും പത്രങ്ങളും ഉറഞ്ഞാടിയിട്ടുണ്ട്.

ആ പെരുനാളു കണ്ട് അന്നും ചന്തയ്ക്കു പോയിട്ടില്ല. ഇനിയൊട്ടു പോവുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here