ബെന്‍സില്‍ ക്ഷേമപെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ 61, ബിഎംഡബ്ല്യൂവില്‍ 28, ഇന്നോവയില്‍ 2465….

0

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്ന സമ്പന്നരുടെ കണക്കുകള്‍ പുറത്തുവിട്ട് തോമസ് ഐസക്. ബെന്‍സ്, ബിഎംഡബ്ല്യൂ, ഇന്നോവ തുടങ്ങിയ കാറുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെന്ന് തോമസ് ഐസക് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം:

ഒന്നേമുക്കാല്‍ക്കോടിയുടെ ബിഎംഡബ്ല്യൂ. ഒന്നരക്കോടിയുടെ മെഴ്‌സിഡസ് ബെന്‍സ്. ഇതൊക്കെ സ്വന്തമായിട്ടുണ്ടെന്നു പറഞ്ഞിട്ടെന്തുകാര്യം. പെട്രോള്‍കാശു തരപ്പെടുത്താന്‍ പെടുന്ന പാടു ചില്ലറയല്ല. ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍ തന്നെ വലിയ കാശാകും. അതിനുള്ള പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കിട്ടിയാല്‍ കയ്ക്കുമോ? അതുകൊണ്ടവര്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപെന്‍ഷനു കൈനീട്ടുന്നു.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ തിരഞ്ഞു പോയപ്പോഴാണ് ചോര തിളപ്പിക്കുന്ന ഈ അല്‍പ്പത്തരം ശ്രദ്ധയില്‍പ്പെട്ടത്. പാവങ്ങളില്‍ പാവങ്ങള്‍ക്ക് പട്ടിണിയകറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന തുഛമായ പെന്‍ഷന്‍ തുകയ്ക്കു കൈ നീട്ടാന്‍ സ്വന്തമായി ബെന്‍സും ബിഎംഡബ്ലൂവും ഇന്നോവയുമൊക്കെ സ്വന്തമായുള്ളവരുണ്ട്. സ്വന്തമായി കാറുള്ള 64473 പേരെയാണ് ഇത്തരത്തില്‍ കണ്ടെത്തിയത്.

ഇതില്‍ ബെന്‍സ് കാറുള്ള 61 പേരും ബിഎംഡബ്ല്യൂ കാറുള്ള 28 പേരും ഇന്നോവയുള്ള 2465 പേരും സ്‌കോഡയുടെ ഏറ്റവും ഉയര്‍ന്ന മോഡലുള്ള 64 പേരും ഹോണ്ടകാറുള്ള 296 പേരും സ്‌കോര്‍പിയോ ഉള്ള 191 പേരും പട്ടികയിലുണ്ട്. ഒരു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കാണ് പെന്‍ഷന് അര്‍ഹത. ഇത്തരം ആഡംബര വാഹനങ്ങള്‍ ഉള്ളവരുടെയൊക്കെ പെന്‍ഷന്‍ ഓണത്തിന് തടഞ്ഞുവെയ്ക്കാന്‍ ആവശ്യപ്പെട്ടുണ്ട്.

ഇനി വേറൊരു വിഭാഗമുണ്ട്. റേഷന്‍ കാര്‍ഡില്‍ മകനോ മകള്‍ക്കോ വലിയ കാറുണ്ടാകും. പക്ഷേ, മാതാപിതാക്കള്‍ക്ക് ക്ഷേമപെന്‍ഷന്‍. ഇത്തരത്തില്‍ 94043 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പെന്‍ഷന്‍ ഇപ്പോള്‍ തല്‍ക്കാലം നിര്‍ത്തിവെയ്ക്കുന്നില്ല. എന്നാല്‍ സാമ്പത്തികസ്ഥിതി പരിശോധിക്കും.

പഞ്ചായത്തു തിരിച്ച് പട്ടിക സെക്രട്ടറിയ്ക്കു കൈമാറും. എല്ലാവരുടെയും സാമ്പത്തികസ്ഥിതി പരിശോധിച്ച് പെന്‍ഷന് അര്‍ഹതയുണ്ടോ എന്ന് റിപ്പോര്‍ട്ടു ചെയ്യണം.

ഇത്തരക്കാര്‍ക്കും സ്വമേധയാ പെന്‍ഷന്‍ ആനുകൂല്യം വേണ്ടെന്നു വെയ്ക്കാം. നടപടിയുണ്ടാവില്ല. സര്‍ക്കാര്‍ കണ്ടെത്തുന്നവരില്‍ നിന്ന് പണം തിരിച്ചുപിടിക്കുന്നതിനു പുറമെ മറ്റെന്തെങ്കിലും പിഴ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here