എന്തുകൊണ്ട് ഒരാള്‍ എഴുതുന്നു എന്നത് വായനക്കാര്‍ ചിന്തിക്കുന്നുണ്ടാവും. ഓരോ എഴുത്തും എഴുത്തായിത്തീരുന്നത് അറിയുന്നതില്‍നിന്നും അറിയാത്ത മേഖലകളിലേക്ക് എഴുത്തനുഭവം എത്തുമ്പോഴാണ്. എഴുത്ത് എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്ന് എഴുതാത്ത ഏതൊരാളും അറിയുന്നതുപോലെ എഴുതുന്നവരും അറിയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ എല്ലാ എഴുത്തുകാരും അവരവരെ ആവിഷ്‌കരിക്കുകയാണ് ചെയ്യുന്നത്. സ്വയം അറിഞ്ഞോ അറിയാതെയോ ആവിഷ്‌കരിക്കുന്ന എഴുത്തിന്റെ ലോകം ഒരു എഴുത്തുകാരന്/എഴുത്തുകാരിക്ക് വിലപ്പെട്ടതാണ്. ജീവിതത്തെ സ്‌നേഹിക്കുകയും ജീവിതത്തിന്റെ വിഭിന്നതകള്‍ മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം താനനുഭവിക്കുന്ന, തന്റെ വിചാരധാരകള്‍ പങ്കുവയ്ക്കാനും എഴുത്തുകാര്‍ ശ്രമിക്കാറുണ്ട്. അറിഞ്ഞതില്‍നിന്നും അറിയാത്തതിലേക്ക് അനുഭവിച്ചതില്‍നിന്നും അനുഭവിക്കാത്തതിലേക്ക് ആളിക്കത്തുന്ന കാന്തികചലനമാണ് എഴുത്ത്. മുന്‍വിധികളോടെ എഴുതുമ്പോഴും അല്ലാത്തപ്പോഴും എഴുത്ത് എഴുത്തുകാരറിയാത്ത ഉള്‍വിളിയുടെ ഉണര്‍ത്തുപാട്ടായി മാറുന്നു. ഒരിക്കലെഴുതിയ എഴുത്ത് പിന്നീടൊരിക്കലും എഴുതാനാകാത്ത അവസ്ഥയുണ്ടാകുന്നുവെങ്കില്‍ അതാണ് ഏറ്റവും യഥാര്‍ത്ഥമായ എഴുത്ത് എന്നു പറയാം.
കഥയുടെ ലോകം സാഹിത്യത്തിന്റെ ഇതര ശാഖകളെക്കാള്‍ നിത്യമായ മാറ്റങ്ങള്‍ക്ക് വിധേയമാണ്. വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരില്‍ തുടങ്ങിയ മലയാളകഥ ബഹുദൂരം മുന്നോട്ടുപോയി. എത്രയെത്ര പരീക്ഷണങ്ങളും പരിമിതികളുമാണ് നമ്മുടെ കഥ പിന്നിട്ടത്? സാമൂഹ്യമോ, രാഷ്ട്രീയമോ, വൈയക്തികമോ, കുടംബപരമോ ആയ മേഖലകള്‍ കഥകള്‍ കൈകോര്‍ത്തുപിടിച്ചു. വായനക്കാര്‍ കഥയെ ജീവിതവുമായി ചേര്‍ത്തുവച്ചു. മാറുന്ന ലോകത്തിന്റെ സാക്ഷ്യപത്രമായി കഥ ജീവിച്ചു. ജീവിതംപോലെ കഥയും കഥപോലെ ജീവിതവും ഇഴപിരിഞ്ഞു; വലിയ പരിവര്‍ത്തനങ്ങളുടെ പരവതാനി വിരിച്ചു. അങ്ങനെ ജീവിതത്തിന്റെ അകംപുറമായ അവബോധങ്ങള്‍ക്ക് കഥ ആവേശമായിത്തീര്‍ന്നു.

തനിക്കറിയാവുന്നതിനെക്കുറിച്ചും തനിക്കിണങ്ങുന്നതിനെക്കുറിച്ചും മാത്രം എഴുതാനാഗ്രഹിക്കുന്ന കഥാകൃത്താണ് സുബി സൂസന്‍. കഥകള്‍കൊണ്ട് ചെയ്യാന്‍ കഴിയുന്നതിനെക്കുറിച്ചും ചെയ്യാന്‍ കഴിയാത്തതിനെക്കുറിച്ചും ഈ കഥാകൃത്തിന്് ഉത്തമബോധ്യമുണ്ട്. ജീവിതത്തിന്റെ കഷ്ടനഷ്ടങ്ങളിലും ദുരിതദുഃഖങ്ങളിലും ഈ കഥാകാരി കടന്നുചെല്ലുന്നു. ഒറ്റപ്പെടലിന്റെ, ദൈന്യതയുടെ കൂട്ടായി, കഥാപാത്രങ്ങള്‍ക്കൊപ്പം അലയുന്നു. വേദനയുടെ വേദാന്തവുമായി ജീവിക്കുന്നവര്‍ക്ക് തുണയായി തുഴയാനൊരുങ്ങുന്ന സുബി, കഥയുടെ ക്രാഫ്റ്റ് കൈമോശം വരാതെ സൂക്ഷിക്കുന്നു.
സമകാലിക യാഥാര്‍ത്ഥ്യങ്ങളെ നേരിട്ടല്ലാതെ എങ്ങനെ ഒരു ചെറുകഥയില്‍ അവതരിപ്പിക്കാമെന്ന് ‘നിഴലുകള്‍ക്കിടയില്‍’ എന്ന കഥയില്‍ പറഞ്ഞുതരുന്നു. മനുഷ്യര്‍ എത്തപ്പെട്ടിരിക്കുന്ന സങ്കീര്‍ണ്ണമായ സംഭവബഹുലതയെ ‘ഗോമാംസം’ എന്ന ഒറ്റപ്രയോഗത്തിലൊതുക്കിയാണ് ആവിഷ്‌കരിക്കുന്നത്. വിശപ്പിനായി മോഷ്ടിക്കുന്ന ‘ചോട്ടു’വിന് യാദൃച്ഛികമായി കിട്ടിയ ഗോമാംസം എന്തു പ്രതികരണമാണ് നല്‍കുന്നതെന്ന് വായനക്കാര്‍ അറിയാതെ ചിന്തിക്കുന്നു. കാലുഷ്യങ്ങളുടെയും കലാപങ്ങളുടെയും കടുത്ത യാതനകളില്‍പ്പെട്ടുഴലുന്ന മനുഷ്യബോധം അവ്യക്തമായ ‘നിഴലുക’ളെപ്പോലും ഭയക്കുന്നു. ആ നിഴലുകള്‍ അനാരോഗ്യകരമായ സാഹചര്യങ്ങളുടെ സംഭാവനയാണെന്നു തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്കുമുമ്പില്‍ ഈ കഥ ചോദ്യച്ചിഹ്നമായി മാറുന്നു.
‘അപരാഹ്നത്തി’ലെ മനുക്കുട്ടനും മീനൂട്ടിയും വായനക്കാരെ വല്ലാതെ ആകുലപ്പെടുത്തുന്നു. ഒപ്പം അവരുടെ തണലും താങ്ങുമായ അബൂട്ടിക്കയും രേവതിടീച്ചറുമെല്ലാം നിസ്സഹായരായിപ്പോകുന്ന, നിയമപാലകരുടെ നിഷ്ഠൂരതയും ചോദ്യം ചെയ്യപ്പെടുന്നു. മക്കള്‍ ചെയ്യുന്ന കുറ്റത്തിന് അച്ഛനമ്മമാരെ അറസ്റ്റുചെയ്യുന്നതു കണ്ടും കേട്ടും അറിയുന്നുണ്ടെങ്കില്‍ ഇവിടെ അച്ഛനമ്മമാരുടെ കുറ്റത്തിന് കൊച്ചുമക്കള്‍ ശിക്ഷിക്കപ്പെടുന്ന ദയനീയമായ നിയമബോധത്തെയാണ് കഥാകാരി ഭംഗ്യന്തരേണ അവതരിപ്പിക്കുന്നത്. എന്തിന്റെ അപരാഹ്നമാണിത്? നിയമത്തിന്റെയോ? കുറ്റവാസനയുടെയോ? ജീവിതത്തിന്റെയോ? എന്ന ചിന്തയില്‍നിന്നുണരുന്ന അനവധി സംശയങ്ങള്‍ അനുബന്ധമായെത്തുന്നു.
മഴയെ ഇഷ്ടപ്പെടാത്ത എഴുത്തുകാരില്ല. കവികള്‍ക്കും കാഥികര്‍ക്കും മഴ വലിയൊരനുഭവമാണ് സമ്മാനിക്കുന്നത്. അനന്തമായ രക്ഷപ്പെടലിന്റെ, ആനന്ദത്തിന്റെ മോചനമാകാമത്. ”മഴ തോര്‍ന്നിട്ടും ഇലച്ചാര്‍ത്തുകളില്‍നിന്നും ഇറ്റിറ്റുവീഴുന്ന ജലക ണങ്ങള്‍ പോലെയാണ് ജീവിതം. അത് പെയ്തുകൊണ്ടേ യിരിക്കും.” എന്നവസാനിക്കുന്ന ‘തോരാത്തമഴ’യും ”അത്യധികം ആഹ്ലാദത്തോടെ അവനെ സ്വീകരിക്കാന്‍ ആ അമ്മ മഴയിലേക്ക് ഓടിയിറങ്ങി.” എന്നവസാനിക്കുന്ന ‘വേനല്‍മഴ’യും ഈ സമാഹാരത്തിലെ രണ്ടുതരത്തിലുള്ള മഴയനുഭവങ്ങളാണ്. വേദനയുടെ വേരറ്റുപോകാനിഷ്ടപ്പെടുന്നവരുടെ വേദാന്തവിഹായസ്സാണ് മഴ. മരണത്തിന്റെയും വേര്‍പാടിന്റെയും വിറങ്ങലിച്ച വിശ്വരൂപവും അതിനുണ്ട്.
മരണമെന്ന സത്യത്തെ എങ്ങനെ നേരിടാമെന്ന ‘സാന്ത്വനസ്പര്‍ശം’ നവ്യാനുഭവംതന്നെ. കൊലപാതകിയുടെ മുന്നിലകപ്പെട്ട യുവതി ജീവിതത്തെയും മരണത്തെയും തിരിച്ചറിയുന്നു. തന്റെ അമ്മയുടെ അര്‍ബുദരോഗത്തിനു ശമനമുണ്ടാക്കാനായി പണാപഹരണത്തിനിറങ്ങിയ യുവാവിനെ ജീവിതത്തിന്റെ നൈമിഷികത, ധൈഷണികമായി ബോധ്യപ്പെടുത്തുന്നു. പണംകൊണ്ടു മാത്രം നേടാന്‍ കഴിയുന്ന ജീവിതത്തിന്റെ പച്ചയായ പാരവശ്യത്തെ ശമിപ്പിക്കുന്ന ഈ കഥ ദാര്‍ശനികമായ ഔന്നത്യം പുലര്‍ത്തുന്നു. അതിവാചാലതയോ, അതിഭാവുകത്വമോ അല്പവും ഇഷ്ടപ്പെടാത്ത കഥാപ്രകൃതമാണ് സുബിയുടെ ശക്തിയെന്ന് വെളിവാകാന്‍ ഈ സമാഹാരത്തിലെ മറ്റുചില കഥകള്‍പോലെതന്നെ ‘സാന്ത്വനസ്പര്‍ശ’വും ഉദാഹരിക്കാം.
സ്‌നേഹത്തിനും സ്‌നേഹരാഹിത്യത്തിനും ഇടയിലെ സന്ദിഗ്ദ്ധാവസ്ഥകള്‍ ഈ കഥകളില്‍ കടന്നുവരുന്നുണ്ട്. ഒപ്പം വേദനിക്കുന്ന കഥാപാത്രങ്ങളോടുള്ള മനപ്പൊരുത്തവും കഥാകാരിക്ക് നന്നേ ഇണങ്ങുന്നുണ്ട്. ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുംകൊണ്ട് പൊറുതിമുട്ടുന്ന ജീവിതചക്രത്തില്‍ വൈരുദ്ധ്യങ്ങളും വൈപരീത്യങ്ങളും ആവോളം അനുഭവിക്കേണ്ടതുണ്ടെന്നും അവ പലപ്പോഴും നമ്മുടെ കൂട്ടുകാരോ, ഉറ്റ ചങ്ങാതിമാരോ ആയിത്തീരുന്നുവെന്നും പറഞ്ഞുവയ്ക്കുന്നു. ജീവിതത്തിന്റെ സ്ഥായിഭാവം ദുഃഖമാണെന്നും ആ ദുഃഖത്തില്‍ നിന്നുമാത്രമേ മനുഷ്യബന്ധങ്ങളും പ്രണയബന്ധങ്ങളും ഉടലെടുക്കുകയുള്ളൂവെന്നും അറിയുന്ന കഥാകാരി അര്‍ത്ഥവത്തായ ‘മൗനവാചാലത’ പലകഥകളിലും പാലിക്കുന്നതായി സൂക്ഷ്മവായനയില്‍ കാണാം.
‘അവകാശി’യില്‍ കുടുംബ ബന്ധത്തിന്റെ മാധുര്യത്തിനായി, രോഗബാധിതയായ ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന പമീലാറാണിയുടെ പരിദേവനങ്ങള്‍ വായനക്കാര്‍ക്ക് നീറുന്ന അനുഭവമാണ്. ഒരു സ്ത്രീയുടെ നിസ്സാഹായതയുടെ പ്രതീകാത്മകത്വം, പുരുഷന്റെ മേല്‍ക്കോയ്മയ്ക്കു വഴങ്ങേണ്ടിവരുന്ന സഹനീയത, സൗഹൃദത്തിന്റെ സമാധാനപരമായ സഹിഷ്ണുത എന്നിവയെല്ലാം വായനയുടെ പിന്‍വിളിയായി മാറുന്നുണ്ടിതില്‍. ഒരു സ്ത്രീക്ക് സഹിക്കാനും അനുസരിക്കാനുമല്ലേ കഴിയു എന്ന സാമൂഹ്യമര്യാദക്രമത്തെ മറികടക്കാനല്ല, മറിച്ച് ഓര്‍മ്മിപ്പിക്കാനാണ് കഥകൃത്ത് ഇവിടെ ശ്രമിക്കുന്നത്. വ്യക്തി, കുടുംബം, സമൂഹം എന്ന സദാചാരക്കോണുകളില്‍ തളയ്ക്കപ്പെടുന്ന മനുഷ്യാവസ്ഥയുടെ ജൈവചോദനകളെ ബോധ്യപ്പെടുത്താനും ശ്രമിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ സാന്നിദ്ധ്യസഹായത്താല്‍ ബന്ധങ്ങളെ എങ്ങനെ കൂട്ടിമുട്ടിക്കാം; അവ സൃഷ്ടിക്കുന്ന ചലനങ്ങളെ, പ്രതികരണങ്ങളെ, പ്രതിഷേധങ്ങളെ, അനുകൂലപ്രതികൂലങ്ങളെ, അപകീര്‍ത്തികളെയൊക്കെ എങ്ങനെ മറികടക്കാമെന്ന സാഹചര്യമാണ് ‘ഏയ്ഞ്ചലിനുമുണ്ടൊരുസമയ’ത്തിലുള്ളത്. വായനയുടെ സംവേദനത്വത്തെ സഹായിക്കുന്ന കല്പനകള്‍ മാത്രമേ സുബി സ്വീകരിക്കുന്നുള്ളൂ. തന്റെ വായിലൊതുങ്ങാത്ത ഒരു വാക്കും ഈ കഥാകൃത്ത് ഉപയോഗിക്കുന്നില്ല. ഒരര്‍ത്ഥത്തില്‍ നിശ്ശബ്ദതയുടെ എഴുത്തുകാരിയാണ് സുബി സൂസന്‍. വലിയ ഒച്ചപ്പാടുകള്‍ക്കോ കോലാഹലങ്ങള്‍ക്കോ ആഗ്രഹിക്കാത്ത തികച്ചും നിതാന്തനിശ്ശബ്ദതയുടെ കഥാമുഹൂര്‍ത്തങ്ങളില്‍ നിന്ന് അനുഭവങ്ങളെ ചിത്രീകരിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഈ സമാഹാരത്തിലുണ്ട്.
ആത്മാവിന്റെ വിശപ്പിനെയും വിശപ്പിന്റെ ആത്മാവിനെയും പ്രത്യക്ഷമായിട്ടല്ലെങ്കിലും അവതരിപ്പിക്കുന്ന കഥകളും ഇക്കൂട്ടത്തിലുണ്ട്. അവയെല്ലാം കലര്‍പ്പില്ലാത്ത ഭാഷയിലൂടെയും കല്പനകളിലൂടെയുമാണ് കടന്നുവരുന്നതെന്ന വസ്തുതയും ഓര്‍ത്തുവയ്ക്കപ്പെടും. എല്ലാം വായിക്കപ്പെടണമെന്ന സദുദ്ദേശപരമായ നിഷ്ഠ ഉള്ളതുപോലെ ചെറിയ ക്യാന്‍വാസിലൊതുക്കാനാണ് കഥാകാരിക്ക് ഇഷ്ടം.
ഓരോ കഥയിലും ഓരോതരത്തിലുള്ള വിഷയങ്ങളെ, കഥാമുഹൂര്‍ത്തങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന കല്പനാവൈഭവമാണ് ഈ സമാഹാരത്തെ നിലനിര്‍ത്തുന്നത്. താന്‍ നിലനില്‍ക്കുന്നത് ഏതു സാഹിത്യസിദ്ധാന്തത്തിലാണെന്ന സങ്കല്പവും യാഥാര്‍ ത്ഥ്യവും കഥാകൃത്തിന് തീരെയില്ലതന്നെ. എന്നാല്‍ തന്റെ എഴുത്ത് തന്റെ ആശയഗതികളുടെ അവതരണമാണെന്ന ഉറച്ചവിശ്വാസവും കഥാകൃത്ത് പുലര്‍ത്തുന്നു. സ്വതവേ സ്വതന്ത്രമായ കാഴ്ചപ്പാടും ജീവിതാവതരണരീതികളും പുലര്‍ത്തുന്ന കഥനമാണ് സുബിയുടേത്. എന്തിനെയും പിടിച്ചുലയ്ക്കുന്ന സംവേദനത്വമല്ല ഈ കഥകളുടെ കാതല്‍; എന്നാല്‍ എല്ലാത്തിലും കടന്നുചെല്ലുന്ന സൂക്ഷ്മസംവേദിയായ വീക്ഷണമാണിവ.
എല്ലാം പറയുകയല്ല ഏതൊരു എഴുത്തിന്റെയും ലക്ഷ്യം. മറിച്ച് പറഞ്ഞതില്‍നിന്ന് പറയാത്തതിലേക്കുള്ള വായനയുടെ അനന്തരയാത്രയാണ് വേണ്ടത്. ഇരുളില്‍നിന്ന് വെളിച്ചത്തിലേക്ക്, തിന്മയില്‍നിന്ന് നന്മയിലേക്ക് കടന്നുകയറുന്ന കാലബോധവും കാരുണ്യനീതിയും കഥകളില്‍ കോര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്ന കഥാതന്തുവാണ് സുബി സൂസന്റേത്. അത് എല്ലാത്തിനേയും സ്പര്‍ശിക്കുന്നില്ല; എന്നാല്‍ ഒന്നിനെയും ഉപേക്ഷിക്കുന്നുമില്ല. കാരുണ്യത്തിന്റെയും കൃപയുടെയും കടാക്ഷം കൊണ്ട് ധന്യമായ അനുഭവമേഖലകളിലൂടെ വായനയുടെ സുഖകരമായ ആസ്വാദനം ഈ കഥകള്‍ സമ്മാനിക്കുന്നു. വായനാനന്തരമുള്ള ആലോചനകളും ചിന്തകളും അവശേഷിപ്പിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here