എസ്. ശ്രീജിത്ത്

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു പെണ്ണുകാണല്‍ ചടങ്ങ്. അന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ഉയര്‍ത്തിയ ‘മൗത്ത്‌വാഷ്’ ചോദ്യത്തിന്റെ ഉള്ളറകള്‍ പെണ്ണുകാണാന്‍ പോയ സുഹൃത്തിനു മനസിലായത് കഴിഞ്ഞ ദിവസമാണ്. അതും ഭാര്യയുമായി നടന്ന ഡേറ്റാ സംവാദത്തില്‍.

കാര്യം വ്യക്തമാക്കാം. സുഹൃത്തിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. കല്ല്യാണത്തിനു മുന്നോടിയായി നടന്ന പെണ്ണുകാണലില്‍ പെണ്‍കുട്ടിയുടെ പിതാവ് സ്ഥിരമായി മൗത്ത്‌വാഷ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് സംസാരിച്ചു. മൗത്ത്‌വാഷ് സ്ഥിരമായി ഉപയോഗിക്കാത്ത സുഹൃത്ത് അത്തരത്തിലാണ് ചോദ്യങ്ങളെ നേരിട്ടത്. കഴിഞ്ഞ ദിവസം ഡേറ്റാ ചോര്‍ച്ചയെക്കുറിച്ച് വാദിക്കുന്നതിനിടെ ഭാര്യ ചോദിച്ചത്, നിങ്ങള്‍ സ്ഥിരമായി വാങ്ങിയിരുന്ന മൗത്ത്‌വാഷ്‌വരെ അച്ഛന്‍ അന്നു കണ്ടി പിടിച്ചില്ലേയെന്നാണ്.

ഭാവി മരുമകനെ കുറിച്ച് അന്വേഷിക്കാന്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ആശ്രയിച്ച ഏജന്‍സി സുഹൃത്ത് സ്ഥിരമായി വാങ്ങിയിരുന്ന മൗത്ത്‌വാഷിനെക്കുറിച്ചുവരെ കണ്ടെത്തി അറിയിച്ചു. വിവാഹത്തിനു മുമ്പ്, ജോലി സ്ഥലത്ത് ഫഌറ്റ്‌ ഷെയര്‍ ചെയ്തിരുന്ന സുഹൃത്തിനൊപ്പമുള്ള പ്രതിമാസ പര്‍ച്ചേഴ്‌സുകളില്‍ മൗത്ത്‌വാഷ് സ്ഥിരമായി ഉള്‍പ്പെട്ടിരുന്നു. ഡിസ്‌ക്കൗണ്ട് കാര്‍ഡുളളതിനാല്‍, പലപ്പോഴും ബില്ലടയ്ക്കുമ്പോള്‍ കൗണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത് സുഹൃത്തിന്റെ നമ്പറും. ഫഌറ്റ് മേറ്റ് ഉപയോഗിച്ചിരുന്ന മൗത്ത്‌വാഷിന്റെ ബ്രാന്‍ഡും ഭാര്യ പറഞ്ഞ് വാദിച്ചത് കൃത്യം തന്നെ.

സാധനം വാങ്ങുമ്പോള്‍ നല്‍കുന്ന മൊബൈല്‍ നമ്പറിനോ, ഉപയോഗിച്ച ഡിസ്‌കൗണ്ട് കാര്‍ഡിനോ ഇത്രയും ‘ഉപകാരം’ ചെയ്യാന്‍ സാധിക്കുമെങ്കില്‍ കുറച്ചുകൂടി സ്വകാര്യമായ വിവരങ്ങള്‍ കച്ചവട ചരക്കായാല്‍ ഓരോരുത്തരുടെയും സ്വകാര്യത എവിടെ നില്‍ക്കും.

ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പഠിച്ചുവെന്നല്ലാതെ, ഇന്റര്‍നെറ്റില്‍ എന്തു നടക്കുന്നുവെന്നോ, ഇന്റര്‍നെറ്റില്‍ നടത്തുന്ന ഇടപെടലുകള്‍ തന്റെയും തനിക്കു വേണ്ടപ്പെട്ടവരുടെയും കാര്യത്തില്‍ സംസാരത്തിലോ ഭാവിയിലോ ഏതൊക്കെ രീതിയില്‍ ബാധിക്കുമെന്നോ അറിവില്ലാത്തവരാണ് നമ്മുക്കു ചുറ്റുമുള്ളവരില്‍ പകുതിയില്‍ അധികവും. പൗരന്മാര്‍ക്ക് പ്രാമുഖ്യം നല്‍കി വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് ശക്തമായ ഒരു നിയമം ഇന്ത്യയില്‍ പിറന്നിട്ടില്ല.

ഒരു ഫ്രിഡ്ജ് വാങ്ങാന്‍ അല്ലെങ്കില്‍ വാഷിംഗ് മെഷീന്‍ വാങ്ങാന്‍ സേര്‍ച്ച് എന്‍ജിനിലോ, ഇ കൊമേഴ്‌സ് സൈറ്റുകളിലോ ഒന്നു എത്തിനോക്കിയാല്‍ പിന്നെ നിങ്ങള്‍ കമ്പ്യൂട്ടറിലും/മൊബൈല്‍ ഫോണിലും കാണുന്നതു മുഴുവന്‍ ഇതുസംബന്ധിച്ച പരസ്യങ്ങളായിരിക്കും. ഇതിന്റെ കാരണമറിയാതെ റെയില്‍വേയുടെ സൈറ്റില്‍ ലൈംഗിക ചുവയുള്ള പരസ്യങ്ങള്‍ കാണിക്കുന്നുവെന്നുവരെ പരാതിപ്പെട്ടവര്‍ നമ്മുക്കിടയിലുണ്ട്. പറഞ്ഞുവന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിച്ചവച്ചു തുടങ്ങിയിരിക്കുന്ന കാലം കൂടിയാണിത്. മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനെ ബാധിക്കാതിരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പരിധി നിശ്ചയിക്കണമെന്ന വാദം ഉയര്‍ന്നിട്ടുള്ള സമയം.

രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകളില്‍ ചിലതെങ്കിലും അടുത്തിടെ ചില പോളിസി അപ്‌ഡേഷനുകള്‍ നിങ്ങളെ അറിയിച്ചിരിക്കും. ഒന്നു വായിക്കുകപോലും ചെയ്യാതെ അത് അംഗീകരിക്കാനുള്ള ബട്ടണില്‍ അമര്‍ത്തി ഒഴിവാക്കിയിട്ടുമുണ്ടാകും. വെബ്‌സൈറ്റുകള്‍ താങ്ങളെ അറിയിച്ച, യൂറോപ്യന്‍ യൂണിയന്റെ വ്യക്തിവിവര സംരക്ഷണത്തിനുള്ള ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജി.ഡി.പി.ആര്‍) നിയമത്തിന്റെ ചുവടുപിടിച്ച് അതുപോലുള്ള ഒന്ന് ഉണ്ടാക്കാനുള്ള ശ്രമം ഇന്ത്യയില്‍ പുരോഗമിക്കുന്നതേയുള്ളൂ. നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ, ഉപയോക്താക്കളുടെ ഡേറ്റയിലേക്കു വിവിധ സര്‍വീസ് പ്രൊവൈഡര്‍മാര്‍ നിര്‍ബാധം കടന്നുകയറികൊണ്ടിരിക്കും.

ഡേറ്റാ പ്രൈവസിക്കു നിയമങ്ങളില്ലാത്ത രാജ്യത്തെ സ്ഥിതി നിയമ നിര്‍മ്മാണത്തിലൂടെ മറികടക്കുമെന്ന് ആദ്യം വാഗ്ദാനം നല്‍കിയ ദേശീയ പാര്‍ട്ടി സി.പി.എമ്മാണ്. ജനങ്ങളുടെ ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ ശക്തമായ ആശങ്ക വളരെ നേരത്തെ ഉയര്‍ത്തിയ സി.പി.എമ്മിന്, ഇത്തരം നിയമങ്ങളെ പിന്തുണയക്കുന്ന ഐ.ടി. വിദഗ്ധര്‍ക്കിടയില്‍ അതിന്റേതായ സ്വീകാര്യത ലഭിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരു പാര്‍ട്ടിയുടെ ദേശീയ നേതുത്വത്തില്‍ ഉള്‍പ്പെട്ടവര്‍ അടക്കം സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അവര്‍ക്ക് ഡേറ്റാ പ്രൈവസിയില്‍ കൃത്യമായ ധാരണയില്ലെന്ന് തെളിയിക്കുന്നതാണ്. അങ്ങനെയല്ലെങ്കില്‍, പരമോന്നത കമ്മിറ്റിയിലെ അംഗങ്ങളില്‍ ചിലര്‍ പോലും സ്പ്രിംക്ലര്‍ കരാറില്‍ കണ്ണടച്ച് ഇരുട്ടുണ്ടാക്കുന്നുവെന്ന് സമ്മതിക്കേണ്ടിവരും.

വിഷയം ഡാറ്റാ പ്രൈവസി തന്നെയാണ്. ഇതുവരെ പറഞ്ഞത് ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന വിവര ചോര്‍ച്ചയാണെങ്കില്‍, സ്പിംക്ലറില്‍ വിവാദത്തില്‍ നാം ശേഖരിച്ച് ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ സുരക്ഷിതമാണോയെന്ന വിഷയത്തിലാണ ആശങ്ക. സ്വകാര്യ ചികിത്സാ വിവരങ്ങള്‍ ചോരുമോയെന്ന ഭയം തന്നെയാണ് കാര്യങ്ങള്‍ മനസിലാക്കുന്ന ഓരോ സാധാരണക്കാരനും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, വീട്ടിലെ സ്വകാര്യ മുറിയില്‍ ഭദ്രമെന്നു വിശ്വസിച്ചു പൂട്ടിവച്ചു സൂക്ഷിച്ചിട്ടുള്ള രേഖകള്‍ മറ്റാരെങ്കിലും കാണുന്നുണ്ടോയെന്ന ആകുലത. വിറ്റുകാശാക്കുന്നുണ്ടോയെന്ന ഭയം.

വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ ഉള്‍പ്പെടുന്ന സെന്‍സിറ്റീവ് ഡാറ്റയ്ക്ക് രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്റാണ്. പ്രാദേശികമായും ആവശ്യക്കാരുണ്ടെന്നുള്ളതിന്റെ തെളിവാണ് കാസര്‍കോട് കൊറോണ ചികിത്സ കഴിഞ്ഞവര്‍ക്ക് തുടര്‍ചികിത്സയുമായി ബന്ധപ്പെട്ട് ലഭിച്ചതായി പറയുന്ന ഫോണ്‍ സന്ദേശങ്ങള്‍. സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ വ്യക്തിയും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതെങ്കില്‍, അതു ശേഖരിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ആഗോള വിപണിയില്‍ പരസ്യമായി അവ വില്‍ക്കാന്‍ സാധിക്കില്ലേ.

വ്യത്യസ്തരായ രോഗികളുടെ വിവരങ്ങള്‍. അതാകട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ വഴി ശേഖരിക്കുന്നതു മാത്രമാകണമെന്നില്ല. മറിച്ച് സമൂഹ മാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളിലൂടെയും മറ്റു പല സോഴ്‌സുകളിലൂടെയും സൈബര്‍ ലോകത്ത് എത്തിയതുകൂടി തേടിപ്പിടിച്ച് ഉള്‍പ്പെടുത്തുന്നതും ചേര്‍ത്തുള്ളത്. കോവിഡ് 19 നെ അടുത്ത ഘട്ടത്തില്‍ പ്രതിരോധിക്കാന്‍ അവയെല്ലാം ക്രോഡീകരിച്ച് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞാല്‍ അതൊരു നല്ലകാര്യമാണ്. ഇതിനു കഴിയാത്തവരാണ് സര്‍ക്കാരിനു കീഴിലുള്ളതെന്ന് തിരിച്ചറിയുന്നതും തെറ്റല്ല. രാജ്യത്തുതന്നെ കൊള്ളാവുന്നവര്‍ ഇല്ലെന്നു കണ്ടാല്‍ രാജ്യാന്തരതലത്തില്‍ നിന്ന് തെരഞ്ഞെടുക്കുക തന്നെ വേണം.

പൊതുജനത്തിനു ബോധ്യപ്പെടും വിധം, നിയമങ്ങളെ ബൈപ്പാസ് ചെയ്യാതെ, ഡേറ്റാ പ്രൈവസി ഉറപ്പുവരുത്തിക്കൊണ്ട് ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ പോയതാണ് ഐ.ടി. സെക്രട്ടറി ഒപ്പുവച്ച സ്പ്രിംക്ലര്‍ കരാറിനെ വിവാദമാക്കുന്നത്. ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമല്ലാത്ത, ഇന്ത്യന്‍ സര്‍ക്കാരിന്റെ ഡാറ്റാ പ്രൈവസി മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമല്ലാത്ത, ന്യൂയോര്‍ക്കില്‍ പോയി കേസ് നടത്തേണ്ട സ്ഥിതിയില്‍ ഒരു കരാറുണ്ടായത് അധികൃതരുടെ വീഴ്ച തന്നെയാണ്.

സ്പ്രിംക്ലര്‍ കമ്പനി അവരുടെ പ്രൈവസി പോളിസിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്ന് വ്യക്തമാകുന്നു. ശേഖരിക്കുന്ന ഡേറ്റ മറ്റേതെങ്കിലും ആവശ്യത്തിന് വിനിയോഗിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തത കുറവുണ്ട്. കരാറിനു പിന്നാലെ 11, 12 തീയതികളിലുണ്ടായ കത്തിടപാടുകളില്‍ ഡേറ്റയുടെ പൂര്‍ണ്ണാവകാശം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്നു. ഡേറ്റ അപ്‌ലോഡ് ചെയ്യുമ്പോള്‍ പാലിക്കേണ്ട ഒരു വ്യവസ്ഥ ഇങ്ങനെയും. ഓരോ പൗരനും സ്വന്തം സമ്മതത്തോടെ, അതുതെളിയിക്കുന്ന ഇലക്‌ട്രോണിക് രൂപത്തിലുള്ള സമ്മതപത്രം കൂടി വിവരങ്ങള്‍ക്കൊപ്പം അപ്‌ലോഡ് ചെയ്യണം. അത്തരത്തിലല്ല, ഇതുവരെയും രേഖകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ നിയമ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന ഈ നിബന്ധനകള്‍ ന്യൂയോര്‍ക്ക് കോടതിയില്‍ കേസുണ്ടായാലും അവരുടെ നില ഭദ്രമാക്കാനുള്ളതല്ലെങ്കില്‍ പിന്നെ എന്തിനാണ്.  

രോഗവിവരം ആളുകളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ സ്വകാര്യതയുടെ ഭാഗമാണ്. ഇക്കാര്യം വ്യക്തമാക്കുന്നത് സുപ്രിം കോടതിയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ആരോപണങ്ങള്‍ക്കപ്പുറം ചോര്‍ന്നുവെന്ന് തെളിയിക്കാന്‍ ആരും മുന്നോട്ടു വന്നിട്ടില്ല. സാമ്പത്തിക ഇടപാടുകള്‍ക്കോ, ഇടപെടലുകള്‍ക്കോ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നിട്ടില്ല. സംശയങ്ങള്‍ മാത്രം.

എന്നാല്‍, സ്പ്രിംക്ലറും അവരെ കൂടെ കൂട്ടിയ സംസ്ഥാന സര്‍ക്കാരും പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേടുകള്‍ ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സംശയങ്ങളുണ്ടാക്കുന്നു. സെന്‍സിറ്റീവ് ഡാറ്റകള്‍ കൈകാര്യം ചെയ്യാറില്ലെന്ന് പറയുന്ന സ്പ്രിംക്ലര്‍ കമ്പനി, തങ്ങള്‍ കൂടുതലും സോഷ്യല്‍ മീഡിയാ ഇടപെടലുകളിലാണ് ഏര്‍പ്പെടുന്നതെന്നും സ്ഥിരമായി ഉയരുന്ന ചോദ്യങ്ങള്‍ക്കുളള മറുപടിയില്‍ വിശദീകരിക്കുന്നുണ്ട്. എല്ലാത്തിനും ഉപരി, അമേരിക്കന്‍ നിയമങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്, ആരോഗ്യ സംബന്ധമായ സെന്‍സിറ്റീവ് ഡാറ്റകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഉണ്ടായിരിക്കേണ്ട അവിടത്തെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോര്‍ട്ടബിളിറ്റി ആന്റ് അക്കൗണ്ടബിളിറ്റി ആക്ട് (ഹിപ) സര്‍ട്ടിഫിക്കറ്റും ഇല്ല. സെന്‍സിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യാറില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഹിപ ബാധകമല്ലെന്നാണ് കമ്പനിയുടെ നിലപാട്. കേസുണ്ടെങ്കില്‍ മലയാളികള്‍ സമീപിക്കേണ്ടത് ന്യൂയോര്‍ക്ക് കോടതിയെയും.

വസ്തുത ഇതായിരിക്കെ, സ്പ്രിംക്ലറിനെ ഒഴിച്ചു നിര്‍ത്തി കോവിഡ് പോരാട്ടം സാധ്യമല്ലെന്ന് അസന്നിഗ്ദ്ധമായി കേരള സര്‍ക്കാര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ജനം മനസിലാക്കിയിട്ടില്ലാത്ത, സര്‍ക്കാര്‍ തുറന്നു പറഞ്ഞിട്ടില്ലാത്ത, പുറത്തുവന്നിട്ടില്ലാത്ത കാരണങ്ങള്‍ വേറെ ഉണ്ടെന്നുവേണം അനുമാനിക്കാന്‍. കാരണം, ഈ അസാധാരണ സാഹചര്യത്തിലും, ഏവരെയും ഒറ്റക്കെട്ടായി നിര്‍ത്തി കൊറോണ പ്രതിരോധത്തില്‍ എല്ലാം ശരിയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

എന്നാല്‍, ഡേറ്റാ പ്രൈവസിക്കും ഇതുസംബന്ധിച്ച രാജ്യത്തുള്ള പരിമിതമായ നിയമങ്ങള്‍ക്കും പുറത്ത് ഒപ്പുവച്ച കരാറിലെ ചട്ടലംഘനങ്ങള്‍ അസാധാരണ സാഹചര്യത്തിന്റെ ബലത്തില്‍ മറികടക്കാന്‍ കഴിയുമോയെന്ന് കാത്തിരുന്നു കാണണം. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 299 പ്രകാരം വിദേശ കമ്പനിയുമായി ഒരു കരാറിലേര്‍പ്പെടാന്‍ ഐ.ടി. സെക്രട്ടറിക്കാകില്ല. എന്നാല്‍, ഗവര്‍ണര്‍ക്കുവേണ്ടി, അല്ലെങ്കില്‍ ഗവര്‍ണറുടെ പേരിലാകാം. അങ്ങനെയെങ്കില്‍ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം കരാര്‍ നിയമവകുപ്പ് തയാറാക്കണം. അതിനി സൗജന്യ സേവനമാണെങ്കിലും.

LEAVE A REPLY

Please enter your comment!
Please enter your name here