കോടിയേരിക്ക് കൈക്കൂലി നല്‍കിയെന്ന്, കാപ്പന്റെ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്‍, അങ്ങനൊന്നില്ലെന്ന് കാപ്പന്‍

0

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍ കൈക്കൊലി വാങ്ങിയെന്ന ആരോപണവുമായി ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. പാലാ നിയുക്ത എം.എല്‍.എ മാണി സി കാപ്പന്‍ സി.ബി.ഐക്കു നല്‍കിയ മൊഴി ഷിബു ബേബി ജോണ്‍ പുറത്തുവിട്ടു. അതേസമയം, ഷിബു ബേബി ജോണിന്റെ ആരോപണങ്ങള്‍ മാണി സി. കാപ്പന്‍ പൂര്‍ണ്ണമായൂം നിഷേധിച്ചു.

കോടിയേരി ബാലകൃഷ്ണനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ ഉന്നയിച്ചതുപോലൊരു കേസ് ഫയല്‍ ചെയ്തിട്ടില്ലെന്നും പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്നും കാപ്പന്‍ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണനുമായി സാമ്പത്തിക ഇടപാടുണ്ടായിട്ടില്ലെന്നും പണം വാങ്ങി വഞ്ചിച്ചത് മാണി സി. കാപ്പനാണെന്നും മുംബൈയിലെ വ്യവസായി ദിനേശ് മേനോന്‍ വ്യക്തമാക്കി. കാപ്പനെതിരെ സി.ബി.ഐക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ദിനേശ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിയേരിക്കും മകന്‍ ബിനീഷ് കോടിയേരിക്കും എതിരായ കാപ്പന്റെ മൊഴിയുടെ പകര്‍പ്പാണ് ഷിബു പുറത്തുവിട്ടിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സിബിഐക്ക് പരാതി നല്‍കിയിരുന്നു.!
സിബിഐയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ മാണി സി കാപ്പന്‍ പറയുന്നത്
‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ഷെയറുകള്‍ വിതരണം ചെയ്യാന്‍ പോകുമ്പോള്‍, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകന്‍ ബിനീഷിനെയും പരിചയപ്പെടണം, ഞാന്‍ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കല്‍ നടത്തിയതിന് ശേഷം ദിനേശ് മേനോന്‍ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്‌മെന്റുകള്‍ ദിനേശ് മേനോന്‍ നടത്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത്’
ഈ വിഷയത്തില്‍ ഉള്‍പ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞുവെന്നും മാണി സി കാപ്പന്‍ സിബിഐക്ക് നല്‍കിയ മറുപടിയില്‍ പറഞ്ഞിരിക്കുന്നു.!
ഇനി അറിയാന്‍ താല്‍പര്യം, ഇപ്പോള്‍ എല്‍ഡിഎഫ് എംഎല്‍എയായ മാണി സി കാപ്പന്‍, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ച് സിബിഐക്ക് എഴുതിനല്‍കിയ ഈ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ?
കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഇപ്പോഴത്തെ സിപിഐ (എം) സംസ്ഥാന സെക്രട്ടറിക്കും മകനും കൈക്കൂലി കൊടുത്തതു സംബന്ധിച്ച് സിബിഐയ്ക്ക് മൊഴി നല്‍കിയ മാണി സി കാപ്പന്‍ ഇപ്പോള്‍ ഇടതുമുന്നണിയുടെ എംഎല്‍എയാണ്. ഇക്കാര്യത്തില്‍ നിജസ്ഥിതി അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.!

LEAVE A REPLY

Please enter your comment!
Please enter your name here