സംവിധായകന്‍ ശ്രീകുമാരന്‍ മേനോനെതിരേ മഞ്ജുവാര്യര്‍ പോലീസില്‍ പരാതിപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശാരദക്കുട്ടി. സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു വാര്യര്‍ രണ്ടാം തവണയും
രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍
അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ശാരദക്കുട്ടി എഴുതി.

ദിലീപിനെപോലെ നിയന്ത്രണങ്ങള്‍ അസഹ്യമായതോടെയാണ് മഞ്ജുവാര്യര്‍ ശ്രീകുമാരന്‍മേനോനെതിരേ രംഗത്തുവന്നതെന്നാണ് പറയപ്പെടുന്നത്. ഒടിയന്‍ റിലീസായശേഷം ചിത്രത്തിനെതിരേ വിമര്‍ശനങ്ങള്‍ വന്നപ്പോഴും മഞ്ജു പ്രതികരിക്കാതെ മാറിനിന്നിരുന്നു. ഇതിനുശേഷമാണ് ശ്രീകുമാരന്‍മേനോനുമായുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്. മഞ്ജുവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

ശാരദക്കുട്ടിയുടെ ഫെയസ്ബുക്ക് പോസ്റ്റ്:

സ്‌നേഹബന്ധങ്ങള്‍ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോള്‍ അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില്‍ കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്പോള്‍, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടുവാനും ശ്രമിക്കുന്നത് വിവേചന ശക്തിയുടെ, ബുദ്ധിശക്തിയുടെ, അതിജീവനത്തിന്റെ ലക്ഷണമാണ്. മഞ്ജു വാര്യര്‍ രണ്ടാം തവണയും രക്ഷപ്പെടുവാന്‍ സ്വയം ശ്രമിച്ചുവെങ്കില്‍, അതിനവര്‍ക്കു കഴിയുന്നുവെങ്കില്‍ അവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. അതിനവര്‍ തിരഞ്ഞെടുക്കുന്നത് ഏതു വഴിയായാലും അതിനൊരു നീതീകരണമുണ്ട്.
രക്ഷകന്മാരുടെ അവകാശവാദങ്ങളെ ഭയക്കാതെ, സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും കാണാച്ചരട് കഴുത്തില്‍ കുരുങ്ങിക്കുരുങ്ങി മുറുകി ശ്വാസം മുട്ടിച്ചത്താല്‍ മാത്രം കിട്ടുന്ന ആ സത്‌പേരിന് മോഹിക്കുന്നില്ല എന്നത് ഒരു സ്ത്രീയെങ്കില്‍ ഒരു സ്ത്രീ തെളിയിക്കട്ടെ.
അവരുടെ പ്രിവിലേജസ് അവരെ അതിനു സഹായിക്കുന്നുവെങ്കില്‍ സഹായിക്കട്ടെ. അവര്‍ എങ്ങനെയോ അങ്ങനെ ജീവിക്കട്ടെ. സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ നൃത്തം ചെയ്തു കടന്നു പോകട്ടെ…”

LEAVE A REPLY

Please enter your comment!
Please enter your name here