ആര്‍.എസ്. ശശികുമാര്‍
മുന്‍ സിന്‍ഡിക്കേറ്റ് അംഗം

ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ചോ സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തെ കുറിച്ചോ ഒരു കാഴ്ചപ്പാടും ഇല്ലാത്ത മന്ത്രി ജലീലും നട്ടെല്ല് പണയപ്പെടുത്തിയ കുറെ വി.സി മാരും ഒത്തുചേര്‍ന്ന് തയ്യാറാക്കിയ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നു

അധ്യയന നഷ്ടവും പരീക്ഷാനടത്തിപ്പും ക്രമീകരിക്കുന്നത് സംബന്ധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സമിതിയെ ചുമതലപെടുത്തിയതായും തിങ്കള്‍ മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കേണ്ടതാണെന്നും പൂര്‍ത്തിയാക്കാനുള്ള പരീക്ഷകള്‍ മെയ് 11 ന് ആരംഭിക്കണമെന്നുമാണ് ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍വകലാശാലയുടെ ബന്ധപ്പെട്ട സമിതികളില്‍ ഉടനടി ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാമെന്നായിരുന്നു വി.സിമാര്‍ മന്ത്രിയോട് പറയേണ്ടിയിരുന്നത്. സര്‍വകലാശാലകളെ തന്റെ അധീനതയിലാക്കാന്‍ സ്വയം കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശുംഭനായ മന്ത്രിയാകട്ടെ വിസിമാരുമായി ചര്‍ച്ചചെയ്ത് കൈകൊണ്ട തീരുമാനമെന്ന നിലയില്‍ ഉത്തരവിറക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍വകലാശാല ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പാടില്ലെന്ന ചാന്‍സിലറുടെ നിര്‍ദേശത്തിന് കടകവിരുദ്ധമാണ് സര്‍ക്കാര്‍ ഉത്തരവ്.

കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ പൂര്‍ണ്ണമായും ഹോട്ട്‌സ്‌പോട്ടുകളിലാണ്. മറ്റു സര്‍വകലാശാലകളിലെ ജീവനക്കാര്‍ക്കും പരീക്ഷ എഴുതേണ്ട വിവിധ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഹാജരാകാന്‍ വ്യക്തമായ നിയന്ത്രണങ്ങളുമുണ്ട്. പരീക്ഷകള്‍ നടത്തുന്നതിനും മൂല്യനിര്‍ണയം ആരംഭിക്കുന്നതിനും വ്യത്യസ്തങ്ങളായ തയ്യാറെടുപ്പുകള്‍ അതത് സര്‍വ്വകലാശാലകള്‍ നടത്തേണ്ടതുണ്ട്. സര്‍വ കലാശാലാധികൃതര്‍ക്കു മാത്രമേ അതനുസരിച്ച തീയതികളുടെ ഷെഡ്യൂളുകള്‍ തയ്യാറാക്കാനാവൂ. ഇവയെക്കുറിച്ച് പ്രാഥമിക ജ്ഞാനം പോലുമില്ലാത്ത മന്ത്രി, വി.സി പുങ്കവന്മാര്‍ ഒത്തുചേര്‍ന്ന് എടുത്ത തീരുമാനങ്ങളുടെ പ്രായോഗികത പരിശോധിക്കാതെ ഉത്തരവില്‍ ഒപ്പുവയ്ക്കുന്ന ഐ.എ.എസുകാരിയായ സെക്രട്ടറിയെ ഓര്‍ത്തും സഹതപിക്കാം.

സര്‍ക്കാരിന് സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകള്‍ക്ക് ഉത്തരവിലൂടെ നിര്‍ദ്ദേശം നല്‍കാന്‍ അധികാരമില്ലെങ്കിലും വി.സി മാരുടെ സമ്മതപ്രകാരമാണ് ഇത്തരമൊരു ഉത്തരവിറക്കിയത് എന്ന ന്യായവാദം സര്‍ക്കാരിന് പറയാനുണ്ടാകും.

എന്തായാലും സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ കടലാസ്സില്‍ മാത്രം ഒതുങ്ങുമ്പോള്‍ മാത്രമേ തീരുമാനമെടുത്ത പഹയന്മാരുടെ കണ്ണ് തുറക്കൂ !

LEAVE A REPLY

Please enter your comment!
Please enter your name here