”മുതലാളിമാരോടുള്ള നന്ദിയും കടപ്പാടും കാണിച്ച് പിണറായി വിജയന്‍ മാതൃകയായി”

0
വരാപ്പുഴയില്‍ പോലീസ് ചവിട്ടിക്കൊന്ന ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്ത, മരണപ്പെട്ട വിദേശവനിതയുടെ സഹോദരിയെ കാണാന്‍ കൂട്ടാക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു. ഓഖി ദുരന്തബാധിതമേഖലകള്‍ സന്ദര്‍ശിക്കാന്‍ മെനക്കാടാത്ത മുഖ്യമന്ത്രി ഗോകുലം ഗോപാലന്റെ പിതാവിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിക്കാനും ബിജുരമേശിന്റെ മകളുടെ വിവാഹത്തില്‍ പങ്കുചേരാനും ഏറ്റവുമൊടുവില്‍ അന്തരിച്ച കേരളാകൗമുദി പത്രാധിപര്‍ എം.എസ്. രവിയുടെ കുടുംബത്തെക്കാണാനും മനസുകാണിച്ചു.
ഇത്തരത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള സന്മനസ് കാട്ടാത്ത മുഖ്യമന്ത്രിക്കെതിരേ പലകോണില്‍നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെയാണ് മാധ്യമപ്രവര്‍ത്തനകനായ റോയ് മാത്യുവും പരസ്യമായി മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
”മൊതലാളിമാരോടുള്ള തന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മാതൃക കാണിച്ചു”- എന്നാണ് പിണറായിയുടെ നിലപാടിനെ അദ്ദേഹം പരിഹസിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ഉത്തമപുരുഷന്‍ പിണറായി വിജയന്‍.
നമ്മുടെ മുഖ്യമന്ത്രിക്ക് കോവളത്ത് ദുരുഹമായ സാഹചര്യത്തില്‍ മരിച്ച ലിത്വാനിയക്കാരി ലിഗയുടെ സഹോദരിയെ കാണാന്‍ നേരവും മനസുമുണ്ടായില്ല. നിസ്സഹായയായ ആ സ്ത്രീ പിണറായി വിജയനെ കാണാന്‍ മൂന്ന് മണിക്കൂര്‍ നിയമസഭയ്ക്കു വെളിയില്‍ കാത്തു നിന്നു. അദ്ദേഹം അവര്‍ക്ക് മുന്നിലൂടെ ലൈറ്റിട്ട് പറന്നു പോയി
പിണറായിയുടെ പോലീസ് വരാപ്പുഴയില്‍ ശ്രീജിത്ത് എന്നൊരു ചെറുപ്പക്കാരനെ ഇടിച്ചു കൊന്നു. ആ വീട്ടില്‍ ആ യുവാവിന്റെ മാതാപിതാക്കളും വിധവയായ ഭാര്യയും മൂന്ന് വയസുള്ള കുഞ്ഞുമുണ്ട്.
അവരെയൊന്നും കാണാന്‍ നേരവുമില്ല – മനസുമില്ല –
ഏതായാലും പണക്കാരനും കേരളകൗമുദി പത്രാധിപരുമായ എം എസ് രവിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി ഭാര്യാസമേതം എത്തിയതില്‍ അഗാധമായ കൃതജ്ഞത മലയാളികള്‍ക്കു വേണ്ടി രേഖപ്പെടുത്തുന്നു.
ഓഖി ദുരന്തമുണ്ടായപ്പോള്‍ നാല് ദിവസം കടപ്പുറത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന അദ്ദേഹം
അഞ്ചാം ദിവസം രാവിലെ ഗോകുലം ഗോപാലന്റെ അച്ഛന്റെ മൃതദേഹം കാണാന്‍ ഭാര്യാ സമേതം ആശുപത്രിയിലെത്തി – അന്ന് വൈകുന്നേരം ബാര്‍ മൊതലാളി ബിജു രമേശിന്റെ മകളുടെ വിവാഹ സല്‍ക്കാരത്തിലും പങ്കെടുത്ത് മൊതലാളിമാരോടുള്ള തന്റെ നന്ദിയും കടപ്പാടും പ്രകടിപ്പിച്ച് മലയാളികള്‍ക്ക് മാതൃക കാണിച്ചു.”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here