ധാര്‍മികത പുരപ്പുറത്തുകയറിയുള്ള ഇടത് മുന്നണിയുടെ പ്രസംഗം മാത്രം

0
3

ധാര്‍മികതയെന്നത് ഇടത് മുന്നണിയുടെ പുരപ്പുറത്തുകയറിയുള്ള പ്രസംഗം മാത്രമെന്ന് ചെന്നിത്തല. എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണ്. അതുകൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും സംഭാഷണം തന്റേതല്ലെന്ന് ശശീന്ദ്രന്‍ നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

എ. കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ്.
ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍ പ്രസംഗിക്കാറുള്ള ഇടതു മുന്നണിയുടെ യഥാര്‍ത്ഥ മുഖമാണ് എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിലൂടെ പുറത്ത് വരുന്നത്.
കോടതിയില്‍ നടന്നത് ഒത്തുതീര്‍പ്പ് നാടകമാണ്. അത് കൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. ശശീന്ദ്രന്റെ സംഭാഷണം എല്ലാവരും കേട്ടതാണ്. അന്ന് സംഭാഷണം ടെലിവിഷന്‍ ചാനല്‍ പുറത്തു കൊണ്ടു വന്നപ്പോള്‍ സംഭാഷണം തന്റേതല്ല എന്ന് ശശീന്ദ്രന്‍ നിഷേധിച്ചിരുന്നില്ല. മറിച്ച് കയ്യോടെ രാജി വയ്ക്കുകയായിരുന്നു ചെയ്തത്. കുറ്റബോധം ഉണ്ടായിരുന്നതിനാലാണ് ഉടനടി അദ്ദേഹം രാജിവച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന കാലമാണിത്. സ്ത്രീ സംരക്ഷണം എന്ന മുദ്രാവാക്യം വോട്ട് തട്ടാനുള്ള ഇടത് മുന്നണിയുടെ മാര്‍ഗം മാത്രമാണ് എന്ന് ശശീന്ദ്രന്റെ സംഭവം ഓര്‍മിപ്പിക്കുന്നു. ധാര്‍മിക നിലവാരം കാത്തുസൂക്ഷിക്കേണ്ട ജനപ്രതിനിധികള്‍ വീഴ്ച വരുത്തുമ്പോള്‍ അത്തരക്കാരെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്തേണ്ടത് സാമാന്യ മര്യാദയാണ്.സ്ത്രീകളെ അപമാനിക്കുന്ന നീക്കത്തില്‍ നിന്നും ഇടത് മുന്നണി പിന്തിരിയണം.

LEAVE A REPLY

Please enter your comment!
Please enter your name here