രമേശ് ചെന്നിത്തല എന്തുകൊണ്ട് മോശക്കാരനാകുന്നു?

സൈബര്‍കാലത്തെ സത്യാന്വേഷണം

കലിയുഗത്തില്‍ ധര്‍മ്മത്തിനു മൂല്യച്യുതി സംഭവിക്കുമെന്നു പുരാണം പറയുന്നു. ധര്‍മ്മത്തിന്റെ നാലുകാലുകളില്‍ ‘ദയ, ദാനം, ശുചിത്വം എന്നിവയെ നശിപ്പിക്കാനാകുമെങ്കിലും ‘സത്യം’ എന്ന അവസാനപൊരുളിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പണ്ഡിത മതം. കേരള രാഷ്ട്രീയ ചരിത്രത്തിലെഏറ്റവും നിര്‍ണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നപശ്ചാത്തലത്തിലാണ് ഈ കലിയുഗ പുരാണത്തെക്കുറിച്ച് ഓര്‍ക്കുന്നത്.

‘കോണ്‍ഗ്രസ് മുക്ത ഭാരത’ മെന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അജണ്ട എത്രത്തോളം നടപ്പാക്കാന്‍ കഴിഞ്ഞുവെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യമേറ്റുന്ന ഘടകമാണ്. കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും അധികാരത്തിന് പുറത്തായി ശക്തിക്ഷയം സംഭവിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ‘കേരളം’ ചവിട്ടുപടിയാകുമെന്ന് തിരിച്ചറിഞ്ഞ
അമിത്ഷായുടെ നീക്കത്തിന് ഇടതുപക്ഷവും അഭിനവ ‘ക്യാപ്റ്റനും’ എത്രത്തോളം ഒത്താശ ചെയ്തുവന്നതും അതു തിരിച്ചറിഞ്ഞ കേരളസമൂഹത്തിന് ഇതിനെ എത്രത്തോളം പ്രതിരോധിക്കാന്‍ സാധിച്ചൂവെന്നതുമാണ് മെയ് 2-ന് ശേഷമുള്ള കേരള രാഷ്ട്രീയത്തെ പ്രസക്തമാക്കുന്നത്.

കേരള ചരിത്രത്തില്‍ ഭരണപക്ഷത്തിന്റെ അഴിമതിയെയും ധാര്‍ഷ്ട്യത്തെയും കൊള്ളരുതായ്മകളെയും പൊള്ളത്തരങ്ങളെയും ഇത്രയേറെ മികവോടെയും ഫലപ്രദമായും പൊളിച്ചടുക്കിയ ഒരു പ്രതിപക്ഷ നേതാവിനെ ചൂണ്ടിക്കാണിക്കാനാവില്ല. കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവിന്റെ റോള്‍ ഭംഗിയായി ചെയ്തിട്ടും രമേശ് ചെന്നിത്തലയ്ക്ക് മാധ്യമ സര്‍വ്വേകളില്‍ ‘മാര്‍ക്ക്’ കുറഞ്ഞതും(?), നവ മാധ്യമങ്ങളിലൂടെ സൈബര്‍ സഖാക്കള്‍ നിരന്തരമായി ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ക്കും, കള്ളത്തരങ്ങള്‍ കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യതയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ
‘മാനസികനില’യെവരെ ചോദ്യചെയ്ത് നടത്തിയ അവഹേളനങ്ങള്‍ക്കുമുള്ള കേരളത്തിന്റെ മറുപടി കൂടി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിലുണ്ടാകുമെന്ന് ഉറപ്പാണ്.

സെല്‍ഫിക്കു ശ്രമിച്ച ഒരു സ്‌കൂള്‍ കുട്ടിയോടു പോലും മാന്യമായി പെരുമാറാനറിയാത്ത, സാനിറ്റൈയ്സര്‍ നല്‍കിയ പെണ്‍കുട്ടിയുടെ കൈതട്ടി മാറ്റുന്ന, ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുന്ന, അഞ്ചുവര്‍ഷത്തിനിടെ ഒരുതവണപോലും സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങാന്‍ ഇഷ്ടപ്പെടാത്ത, പാര്‍ട്ടി സ്തുതിപാഠകരുടെ നടുവില്‍ അഭിരമിച്ച ഒരു മുഖ്യമന്ത്രിയെ
മഹദ്വ്യക്തിത്വമായും മറുവശത്ത് ഭരണപോരായ്മകള്‍ കൃത്യമായ തെളിവുകളോടെ കേരളത്തിനു മുന്നിലെത്തിച്ച പ്രതിപക്ഷ നേതാവ് മോശക്കാരനായി ചിത്രീകരിക്കപ്പെടുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ടതുണ്ട്.

രാഷ്ട്രീയനേതാവിനെ ചമച്ചൊരുക്കിയെടുക്കുന്നതില്‍ ‘പി.ആര്‍.’ ഏജന്‍സികളുടെ ഇടപെടല്‍ എങ്ങനെയെന്നതിനെക്കുറിച്ച് ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സാധാരണക്കാര്‍ക്കു വരെ മനസിലായിട്ടുണ്ട്. എന്നാല്‍ ഇവിടെ
എതിരാളികളെ എത്രത്തോളം മോശക്കാനാക്കാമെന്നും സത്യത്തെ എങ്ങനെയെല്ലാം വികൃതമാക്കാമെന്നും പരീക്ഷിക്കപ്പെട്ട സര്‍ക്കാര്‍ അനുകൂല ‘പി.ആര്‍.’ നീക്കമാണ് ഇത്തവണ കേരളത്തില്‍ നടന്നത്.

‘സത്യം’ വിളിച്ചു പറയുന്ന പ്രതിപക്ഷനേതാവിനെ നവമാധ്യമങ്ങളിലൂടെയും സൈബര്‍ ഗ്രൂപ്പുകളിലൂടെയും നിരന്തരം തേജോവധം ചെയ്യുകയായിരുന്നു. മന്ത്രിമാര്‍ അടക്കം ഏറ്റവും മോശപ്പെട്ട രീതിയിലൂടെയുള്ള പ്രതികരണത്തിലൂടെ രമേശ് ചെന്നിത്തലയെക്കുറിച്ച് മോശപ്പെട്ട ‘ഇമേജ്’ പൊതുസമൂഹത്തിനു മുന്നില്‍ എത്തിച്ചുകൊണ്ടുമിരുന്നു.

എന്നാല്‍ കലിയുഗമാണെങ്കിലും മറ്റെല്ലാ ദുര്‍നടപ്പുകള്‍ ഉണ്ടായാലും ‘സത്യം’ എന്ന പൊരുളിനെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല. ഇടതുപക്ഷ നേതാക്കളടക്കം അധിക്ഷേപിക്കാനും ഒറ്റപ്പെടുത്താനും നിരന്തരം ശ്രമിച്ചിട്ടും ഒരു പരാതിയും കൂടാതെ പ്രതിപക്ഷനേതാവിന്റെ ധര്‍മ്മം അദ്ദേഹം നിര്‍വഹിച്ചുകൊണ്ടിരുന്നു. ദുഷ്പ്രചരണങ്ങളില്‍ ആദ്യം ഒന്നുലഞ്ഞുപോയ കേരള മനസ്സ് ക്രമേണ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളുടെ വസ്തുതകള്‍ പതിയെ തിരിച്ചറിയാന്‍ തുടങ്ങിയിരുന്നു.

മന്ത്രി ഇ.പി.ജയരാജന്റെ ബന്ധു നിയമനത്തില്‍ തുടങ്ങി വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടിനു പിന്നിലെ ഗൂഢാലോചനവരെ രമേശ് ചെന്നിത്തല പൊതു സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നു. കോവിഡ് കാലത്തെ ആരോഗ്യവിവരങ്ങള്‍ വിദേശത്തേക്കു
ചോര്‍ത്തിയ ‘സ്പ്രിങ്ക്ളര്‍’ കരാര്‍ മുതല്‍ ആഴക്കടല്‍ മത്സ്യബന്ധന കരാറും ലോഡ്ഷെഡ്ഡിങ്ങ് ഒഴിവാക്കാനാനെന്നപേരില്‍ അദാനിയുമായി നടത്തിയ വൈദ്യുത വകുപ്പിന്റെ കരാര്‍ വരെ കേരളമറിഞ്ഞത് പ്രതിപക്ഷനേതാവിന്റെ ഇടപെടലോടെയാണ്.

പമ്പ മണല്‍ക്കടത്ത്, ബ്രൂവറി അനുവദിച്ചതിലെ അഴിമതി, മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തില്‍നടത്തിയ സര്‍വ്വകലാശാല മാര്‍ക്ക് ദാനം, ഇ-മൊബിലിറ്റി പദ്ധതി, സഹകരണ ബാങ്കുകളില്‍ കോര്‍ബാങ്കിങ് സോഫ്റ്റ്വെയര്‍ സ്ഥാപിക്കുന്നതിലെ അഴിമതി, മാധ്യമങ്ങളുടെയും ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനുള്ള പോലീസ് നിയമഭേദഗതി തുടങ്ങി നിരവധിയായ പ്രശ്നങ്ങള്‍ പൊതു സമൂഹത്തിനു മുന്നിലെത്തിച്ചതും പ്രതിപക്ഷനേതാവാണ്. സാധാരണഗതിയില്‍ ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയും പ്രതിപക്ഷം അത് ഏറ്റെടുക്കുകയുമാണ് പതിവ്. എന്നാല്‍ പ്രതിപക്ഷനേതാവ് മാധ്യമങ്ങളുടെ റോള്‍ കൂടി ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് ആരും സമ്മതിക്കും.

ഇതില്‍ ഒട്ടുമിക്ക ആരോപണങ്ങളും വരുമ്പോള്‍ അത്തമൊരു സംഭവമേ ഇല്ലായെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റേയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ആദ്യ പ്രതികരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. പക്ഷേ, ആഴക്കടല്‍ മത്സ്യബന്ധന കരാറിലടക്കം ഫിഷറീസ് മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ പൊള്ളത്തരങ്ങള്‍ ദിനംപ്രതി തുറന്നുകാട്ടിയതിനു ശേഷമാണ് ഇടതുനേതാക്കളുടെയും ഇടതുസര്‍ക്കാരിന്റെയും പൊയ്മുഖം ‘കേരളം’ ഗൗരവതരമായി ചര്‍ച്ചചെയ്തു തുടങ്ങിയതെന്നുവേണം നിരീക്ഷിക്കാന്‍.

രമേശ് ചെന്നിത്തല എന്ന നേതാവിനെ ആര്‍.എസ്.എസുകാരനാക്കുന്നതും ‘താക്കോല്‍സ്ഥാന’ വിവാദത്തിലൂന്നി എന്‍.എസ്.എസിന്റെ ‘നോമിനി’ എന്ന നിലയിലേക്കു മാത്രം ചുരുക്കിക്കാട്ടുന്നതുമെല്ലാം ഒരേ അജന്‍ണ്ടയുടെ
ഭാഗമാണ്. ഇതില്‍ ഇടതുപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലെയും ചിലര്‍ക്കെങ്കിലും പങ്കുണ്ടെന്നത് വെറും ആരോപണമായി തള്ളിക്കയാന്‍ കഴിയില്ല.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ ഘട്ടത്തില്‍ ‘ഓപറേഷന്‍ കുബേര’ എന്നപേരില്‍ സാധാരണക്കാരെ കൊള്ളയടിക്കുന്ന വട്ടിപ്പലിശക്കാരെ അഴിക്കുള്ളിലാക്കിയ നടപടി എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ തുടര്‍ന്നില്ല എന്നതുതന്നെ ഇതിന്റെ സൂചനയാണ്.

പെരുന്നയും കണിച്ചുകുളങ്ങരയും പാലായും മലബാറും വാണരുളുന്ന സാമുദായിക നേതാക്കന്‍മാര്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയെ നിയന്ത്രിക്കാന്‍ വേണ്ടി ആവോളം ശ്രമിച്ചിരുന്ന 2013 -ല്‍ കെ.പി.സി.സി. പ്രസിഡന്റ്
എങ്ങനെയായിരിക്കണം എന്ന് സി.കെ ഗോവിന്ദന്‍ നായരുടെ നിരീക്ഷണത്തെ ഉദ്ധരിച്ച് നടത്തിയ പ്രസംഗത്തിലൂടെ കേരളത്തെ ഞെട്ടിച്ചയാളാണ് രമേശ് ചെന്നിത്തലയെന്നു നാം മറക്കരുത്. ഈ പ്രസംഗത്തിലൂടെ രമേശ് ചെന്നിത്തല
ചിലര്‍ക്കൊക്കെ അനഭിതനായി മാറുകയും ചെയ്തു. പിന്നീട് പ്രസംഗം പിന്‍വലിച്ച് ഖേദം പ്രകടനം നടത്തിയെങ്കിലും അന്നുതൊട്ടിങ്ങോട്ട് കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയെ നായര്‍ കോണ്‍ഗ്രസ് ആക്കി മാറ്റാന്‍ നടത്തിയ നീക്കങ്ങള്‍ക്ക് പലരും ചൂട്ടുപിടിച്ചുവെന്നു പറയാതെ വയ്യ.

പിന്നീട് യു.ഡി.എഫ് രാഷ്ട്രീയത്തില്‍ രൂപപ്പെട്ട കുറുമുന്നണി കൂടുതല്‍ ശക്തമാകുകയും അവര്‍ രമേശിനെ അധികാരത്തില്‍ നിന്ന്അകറ്റിനിര്‍ത്താന്‍ ആവുന്നത് ശ്രമിക്കുകയും ചെയ്തു. പലഘട്ടങ്ങളിലും ഉമ്മന്‍ചാണ്ടിസര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കി കാര്യം നേടാനുള്ള മുന്നണിയിലെ തന്ന ചിലരുടെ ശ്രമങ്ങളെ തടയാന്‍ രമേശിനായെങ്കിലും മുന്നണി രാഷ്ട്രീയത്തില്‍ ഇതിനെല്ലാം അദ്ദേഹത്തിനു വലിയ വില നല്‍കേണ്ടിയും വന്നു.

കേരളത്തിലെ കോണ്‍ഗ്രസിനെ പിളര്‍ത്തി പുറത്തുപോയ എ.കെ. ആന്റണിയ്ക്കും കൂട്ടര്‍ക്കും ബദലായി ലീഡര്‍ കെ. കരുണാകരന്‍ വാര്‍ത്തെടുത്ത യുവരക്തത്തിലെ പ്രമുഖനായിരുന്നു ചെന്നിത്തല മുപ്പതാം വയസില്‍ 1986-ലെ കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അംഗവുമായി. പിന്നീട് തിരുത്തല്‍വാദം ഉയര്‍ത്തി കെ. കരുണാകരനുമായി തെറ്റിയ ചെന്നിത്തല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് പടിപടിയായി ചുവടുറപ്പിക്കുകയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പ്രാവീണ്യമാണ് ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തില്‍ സ്വീകാര്യനാക്കിയത്.

ഇതോടൊപ്പം തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് നേടിയ നിയമബിരുദവും ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ നേടിയ ബിരുദവും അദ്ദേഹത്തെ ഡല്‍ഹി രാഷ്ട്രീയത്തില്‍ ഇടപെടലുകള്‍ നടത്താന്‍
ശേഷിയുള്ള നേതാവാക്കി മാറ്റി. എന്‍.എസ്.യു , യൂത്ത്‌കോണ്‍ഗ്രസ് നേതാവ് , എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി പ്രവര്‍ത്തക സമിതിയംഗം എന്നീ നിലകളിലുള്ള അനുഭവ പരിചയം അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ ദേശീയ രാഷട്രീയത്തില്‍
സ്വീകാര്യതയും സ്വാധീനവുമുള്ളയാളാക്കി മാറ്റി. പിന്നീട് കെ. കരുണാകരന്‍ ഡി.ഐ.സി. രൂപീകരിച്ച് പാര്‍ട്ടി വിട്ടതോടെ പ്രതിസന്ധിയിലായ കേരളത്തിലെ കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള
ഉത്തരവാദിത്വവുമായാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത് കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേറ്റ രമേശ് ചെന്നിത്തലയെ കേരളത്തിലെ കോണ്‍ഗ്രസിനെ വീണ്ടും കെട്ടിപ്പടുത്ത നേതാവ് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം
വിശേഷിപ്പിക്കാനാവും.

പിന്നീട് കെ.പി.സി.സി. പ്രസിഡന്റ് പദം ഒഴിഞ്ഞ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രി പദം സ്വീകരിക്കേണ്ടി വന്നത്
രമേശിനു സംഭവിച്ച വീഴ്ചയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ലീഗിന്റെ അഞ്ചാം മന്ത്രി വിവാദത്തിന്റെ തുടര്‍ച്ചയായി വന്ന പുനഃസംഘടനയില്‍ പെരുന്നയില്‍ നിന്നുയര്‍ന്നുവന്ന ‘താക്കോല്‍സ്ഥാനം’ എന്ന ആവശ്യത്തിന്റെ
ഫലമായി രൂപപ്പെട്ടതാണ് ആ സ്ഥാനലബ്ധിയെന്ന പ്രചാരണം രമേശിന്റെ രാഷ്ട്രീയ ജീവിതത്തെ ഇന്നും പിന്തുടരുന്നു. അന്നുമുതല്‍ അദ്ദേഹത്തെ എന്‍.എസ്.എസിന്റെ നേതാവാക്കി മാറ്റുന്നതിനായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നടത്തിയ ശ്രമത്തിനു മുന്നണിയിലെ ചിലര്‍ ആവോളം പിന്തുണയ്ക്കുകയും ചെയ്തു.

കേരള ജനതയുടെ പൊതു ആവശ്യങ്ങള്‍ക്കല്ലാതെ ഇടതുപക്ഷ രാഷ്ട്രീയവുമായോ ഇടതുനേതാക്കളുമായോ ഒരിക്കലും സന്ധി ചെയ്യാത്ത കോണ്‍ഗ്രസ് നേതാവാണ് രമേശ് ചെന്നിത്തല . മുന്നണിയിലെ ചിലകക്ഷികളും ഇടതു നേതാക്കളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളിലും, പങ്കുകച്ചവടങ്ങളിലും ചെന്നിത്തല എക്കാലവും എതിര്‍പക്ഷത്തായിരുന്നു എന്നും പറയാതെ വയ്യ. അതുകൊണ്ടതന്നെ പാര്‍ട്ടിയിലും മുന്നണിയിലും രമേശിന് പലപ്പോഴും ഏകനായി നില്‍ക്കേണ്ടിയും വന്നിട്ടുണ്ട്. .

ബാര്‍ കോഴയിലും പാലാരിവട്ടം പാലം അഴിമതിയിലും മുന്‍ വിധികളില്ലാതെ വിജിലന്‍സ് അന്വേഷണത്തിനുള്ള ഫയലില്‍ ഒപ്പിടാന്‍ ആഭ്യന്തരമന്ത്രിയായ രമേശിന് ഒരു മടിയുമുണ്ടായില്ലെന്നത് അദ്ദഹത്തിന്റെ അഴിമതിരഹിത നിലപാടിനും കര്‍ത്തവ്യ
ബോധത്തിനും ഉത്തമ ഉദാഹരണമാണ്.

ഇടതുപക്ഷ രാഷ്ട്രീയത്തിനോട് അടുത്തുനിന്ന എല്ലാ വിഭാഗങ്ങളില്‍നിന്നും ഒരേപോലെ അദ്ദേഹത്തെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്ന കാഴ്ചകളും കേരളം കണ്ടു. സോഷ്യല്‍ മീഡിയവഴി സര്‍വ്വസീമകളും ലംഘിച്ച് പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്നതിനു നേതൃത്വം നല്‍കിയതു പാര്‍ട്ടിയാല്‍ നേരിട്ടു നിയന്ത്രിക്കപ്പെടുന്ന പ്രൊഫൈലുകളില്‍നിന്നായിരുന്നുവെന്നത് വെറും ആരോപണമായി തള്ളിക്കളയാവുന്നതല്ല. ഭയപ്പെടുത്തിയും
ഭീഷണിപ്പെടുത്തിയും അനുസരിപ്പിക്കുന്ന കണ്ണൂര്‍ രാഷ്ട്രീയം ചെന്നിത്തലയ്ക്കു മുന്നില്‍ ദയനീയമായി അടിയറവ് പറയുകയായിരുന്നു. വെട്ടുകിളി കൂട്ടങ്ങളെപ്പോലെ പറന്നിറങ്ങിയ സൈബര്‍ പോരാളികള്‍ ചെന്നിത്തലയെന്ന നേതാവിനെ ഇകഴ്ത്താന്‍ നടത്തിയ ഹീന ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു തെരഞ്ഞെടുപ്പ് സര്‍വേകളുമെന്ന് വിലയിരുത്തപ്പെടുക തന്നെ ചെയ്യും. എന്നാല്‍ ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിക്കുന്ന ഒരു ജൈവ നേതാവായി രമേശ് ചെന്നിത്തല മാറിക്കഴിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെയും ക്ഷേമപെന്‍ഷനുകളുടെയും ബലത്തില്‍ തുടര്‍ഭരണം പ്രതീക്ഷിച്ചവരെ ഞെട്ടിക്കുന്ന നീക്കങ്ങളാണ് രമേശ് ചെന്നിത്തലയില്‍ നിന്നുണ്ടായത്. അവസാനനിമിഷം വോട്ടര്‍ പട്ടികയിലെ
ഇരട്ടിപ്പ് കണ്ടെത്തിയതുവഴി ഈ തെരഞ്ഞെടുപ്പിന്റെ അജന്‍ഡയെ തന്നെ അദ്ദേഹം മാറ്റി മറിച്ചു. ഇനി തെരഞ്ഞെടുപ്പുഫലം എന്തായാലും കേരളരാഷ്ട്രീയത്തില്‍ ഇനി സ്വന്തമായി ഇരിപ്പിടമുള്ള നേതാവാണ് രമേശ് ചെന്നിത്തല എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കലിയുഗത്തില്‍ ധര്‍മ്മച്യുതിയുണ്ടാകുക സ്വാഭാവികം. പക്ഷേ, സത്യത്തെ നശിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു പുരാണം തന്നെ പറയുന്നു. നമ്മുക്ക് കാത്തിരിക്കാം, കാലം എല്ലാറ്റിനും മറുപടിയാകുക തന്നെ ചെയ്യും.

(മാധ്യമപ്രവര്‍ത്തകനും പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറിയുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here