‘… വിയോജിക്കാനുള്ള അവകാശത്തെ ഇന്ത്യയില്‍ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്..’

0
11

ലോകത്ത് ഇന്നു നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ചര്‍ച്ച ചെയ്ത് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സില്‍. കാശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വിഷയങ്ങള്‍ മനുഷ്യാവകാശ പ്രഖ്യാപനമുണ്ടായതിന്റെ 70 ാം വര്‍ഷത്തിലെ സമ്മേളനത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ശ്രീലങ്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയവിടങ്ങളിലെ വിഷയങ്ങളില്‍ പ്രത്യേക റിപ്പോര്‍ട്ടുകള്‍ തന്നെ സമ്മേളനത്തില്‍ ഉണ്ടായി.

കേരളത്തില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആര്‍. അജയന്റെ കൗണ്‍സിലിലെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ വായിക്കാം:

ബഹുമാനപ്പെട്ട അധ്യക്ഷന്‍,

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ ആധാരശിലയാണ്. ഇന്ത്യയില്‍ വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയത്തെ നിരന്തരം എതിര്‍ത്തു പോന്നിരുന്ന ഗൗരി ലങ്കേഷ് എന്ന ജനകീയ പത്രപ്രവര്‍ത്തക 2017 സെപ്തംബര്‍ 5ന് വെടിയേറ്റ് മരിച്ചു. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രതികള്‍ പിടിക്കപ്പെടാതെയും ശിക്ഷാനടപടികള്‍ നേരിടാതെയും ഇപ്പോഴും സ്വൈരവിഹാരം നടത്തുകയാണ്.

ബ്രസീലില്‍ രാഷ്ടീയ കുടിപ്പക നിത്യസംഭവമായിട്ടുണ്ട്. കടക്കെണിയില്‍പ്പെട്ട ബ്രസീലിനെ പുനരുജ്ജീവിപ്പിച്ച മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സില്‍വയ്‌ക്കെതിരെ ഭരണകക്ഷി അഴിമതിക്കുറ്റം ചുമത്തിയിരിക്കുകയാണ്. വരുന്ന ഇലക്ഷനില്‍ മത്സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയുകയാണ് ലക്ഷ്യം.

മെയ് 17 മൂവ്‌മെന്റിന് തുടക്കം കുറിക്കുകയും തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതുമായും സേലത്തു നിന്ന് ചെന്നൈ വരെ 8 വരിയുള്ള ഇടനാഴി നിര്‍മ്മിക്കുന്നതുമായും ബന്ധപ്പെട്ട് അധികാരികളെ ചോദ്യം ചെയ്യുകയും ചെയ്ത തിരുമുരുകന്‍ ഗാന്ധി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഇപ്പോഴും തടവിലാണ്.

കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇപ്പോഴും വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണ്. ഈ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രൊഫസര്‍മാരും അഭിഭാഷകരും വലതുപക്ഷ ഹിന്ദുത്വ ദേശീയ വാദികളെ പിന്‍തുണയ്ക്കുന്ന ഗവണ്‍മെന്റിന്റെ സമീപനങ്ങര്‍ക്കെതിരെ നിലകൊണ്ടവരാണ്. വിയോജിക്കാനുള്ള അവകാശത്തെ ഇന്ത്യയില്‍ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

സംസാരിക്കാനും ആശയ പ്രകടനത്തിനും ഇഷ്ടമുള്ള മതം പിന്‍തുടരാനുമുള്ള സ്വാതന്ത്യം ലോകത്താകമാനമുള്ള ജനാധിപത്യ രാജ്യങ്ങളിലെ ഭരണഘടനകള്‍ ഉറപ്പു വരുത്തുന്നു. ഈ അവകാശങ്ങള്‍ പൂര്‍ണ്ണതോതില്‍ വ്യക്തികള്‍ക്ക് ലഭ്യമാക്കാനും വിയോജിക്കാനുള്ള സ്വാതന്ത്ര്യം ജനാസിപത്യത്തിന്റെ സുരക്ഷാ വാല്‍വായി അംഗീകരിക്കാനും വികസ്വര രാഷ്ട്രങ്ങള്‍ തയാറാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here