”പിണറായിയിലെ സൗമ്യയെ കൊലയാളിയാക്കിയത് ആണ്‍കോയ്മ സമൂഹം”

0
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷമെന്നാണ് ചൊല്ല്. എന്നിരുന്നാലും കാര്യംപറയുന്നതില്‍ രണ്ടുപക്ഷത്തും ന്യായംമുണ്ടെങ്കിലോ. നവമാധ്യമങ്ങള്‍ വന്നതുകൊണ്ട് അങ്ങനൊരു ഗുണവും ഉണ്ടായി. ഏതുപ്രശ്‌നത്തിലും വേറിട്ട ചിന്തകളുടെ കുത്തൊഴുക്കാണ്. സമൂഹത്തിലെ ആണ്‍മേല്‍ക്കോയ്മയാണ് പിണറായിയിലെ കൂട്ടക്കൊലയ്ക്ക് സൗമ്യയെ പ്രേരിപ്പിച്ചതെന്നാണ് ഒരു വാദം.
പ്രീത ജി.പി. എഴുതിയ
ഫെയ്‌സ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
” ഇന്നു രാവിലെ പേപ്പര്‍ വായിച്ചു നിറകണ്ണുകളോടെയാണ് അത് മടക്കി വച്ചത്. പരപുരുഷന്മാര്‍ക്കൊപ്പം തന്നിഷ്ട പ്രകാരം ജീവിക്കാന്‍ മക്കളേയും മാതാപിതാക്കളേയും കൊല ചെയ്തുവെന്ന പൊതുബോധത്തിനു വികാരത്തള്ളല്‍ ഉണ്ടാക്കുന്ന പോലീസ് ഭാഷ്യം അതേപോലെ പകര്‍ത്തി ഓണ്‍ലൈന്‍ / ഓഫ് ലൈന്‍ വാര്‍ത്തകള്‍ ആ സ്ത്രീ കടന്നു പോയ സകല സങ്കീര്‍ണ്ണമായ അവസ്ഥകളേയും ലഘൂകരിച്ചു.
ഭര്‍ത്താവിനൊപ്പം താമസിക്കുമ്പോള്‍ ഇളയ മകള്‍ അയാളുടേതാണെന്നു തെളിയിക്കാന്‍ എലിവിഷം വാങ്ങി കുടിക്കേണ്ടി വന്ന സ്ത്രീ. എത്ര നിസാരമായാണ് ‘ എല്ലാവരും ‘ അതു കേസാക്കണ്ടന്നു പറഞ്ഞത്. രക്ഷയില്ലെന്നു തോന്നിയപ്പോള്‍ വീടു വിട്ടു പോരുകയായിരുന്നത്രേ. കുട്ടികളെ അവിടെ ഉപേക്ഷിച്ചു പോരാനുള്ള സാഹചര്യം പോലുമില്ലാതിരുന്ന സ്ത്രീ. കുട്ടികള്‍ അയാളുടെ തല്ലല്ലോ , അയാളുടെ ഭാഷ്യത്തില്‍. കോടതിയില്‍ പോകാനും DNA Test നടത്താനും ഒക്കെയുള്ള സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കെ പി ത്യത്വം തെളിയിക്കാന്‍ എലിവിഷം കുടിക്കേണ്ടി വന്ന സ്ത്രീ ആണ്‍കോയ്മ സമൂഹത്തെ തെല്ലും അസസ്ഥമാക്കുന്നില്ല.
അതിനു ശേഷം മക്കളും രോഗികളായ മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തെ സ്വന്തം അധ്വാനം കൊണ്ടു പോറ്റാന്‍ ശ്രമിച്ചു പറ്റാഞ്ഞിട്ടു ലൈംഗീകത്തൊഴില്‍ ചെയ്യേണ്ടി വന്ന സ്ത്രീ. ഈ അവസ്ഥയെയാണ് പോലീസും മാധ്യമങ്ങളും പരപുരുഷന്മാര്‍ക്കൊപ്പം തന്നിഷ്ടത്തോടെയുള്ള ജീവിതമെന്നു നിസാരവല്‍ക്കരിച്ചത്. അതില്‍ വീട്ടിലെത്തിയ ഇടപാടുകാരനുമായുള്ള ബന്ധം മകള്‍ കണ്ടതാണ് അവളെ കൊല്ലാന്‍ കാരണം. ആരാണിവിടെ കൊലയാളി? ലൈംഗികതയെ ഇത്ര കണ്ടു പാപവല്‍ക്കരിച്ച സമൂഹമല്ലേ. അപ്പോള്‍ അമ്മ ലൈംഗീകത്തൊഴില്‍ ചെയ്യുന്നുവെന്നോ അല്ലെങ്കില്‍ അച്ഛനില്‍ നിന്നു വേര്‍പിരിഞ്ഞ് താമസിക്കുന്ന അമ്മക്കു ഒരു പുരുഷ സുഹൃത്ത് ഉണ്ടന്നതോ പോലും എത്ര കണ്ടു തെറ്റാണ് എന്നത് . ഇങ്ങനെ സ്ത്രീകളെ പരുവപ്പെടുത്തിയെടുത്ത ഒരു വ്യവസ്ഥ , അവസാനം ആ സ്ത്രീയെ , അവള്‍ കടന്നു പോയ മുഴുവന്‍ അവസ്ഥകളേയും റദ്ദു ചെയ്തു ഒറ്റ വരിയില്‍ അവളെ പൊതുബോധ വിചാരണക്കിട്ടു കൊടുത്തു.
ആണ്‍കോയ്മ സമൂഹമേ , നിങ്ങളാണ് അവളെ കൊലയാളിയാക്കിയതു……”


Loading...

LEAVE A REPLY

Please enter your comment!
Please enter your name here