കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചത് മാധ്യമങ്ങൾ ദുരുദ്ദേശപരമായാണ് ചർച്ചയാക്കിയതെന്ന് സിപിഎം നേതാവ് പി ജയരാജൻ. എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജയരാജൻ വിഷയത്തിൽ പ്രതികരിച്ചത്.

പിണറായി തന്നെയാണ് ടീം ലീഡറെന്ന് ജയരാജൻ പറയുന്നു. ‘എൽഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാർഥികളെയാണ് അണിനിരത്തിയത്. അതിന്‍റെ ടീം ലീഡറാണ് സ: പിണറായി’ ജയരാജൻ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും, നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നൽകിയ പിണറായിക്കെതിരെ കേന്ദ്ര സർക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ ആദരവും സ്നേഹവായ്‌പും പ്രകടിപ്പിക്കും. ഇതിൽ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്‍റെ അടിസ്ഥാനമിതാണെന്നും ജയരാജൻ വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് കെ സുധാകരന്‍റെ പ്രതികരണം കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലുള്ള നൈരാശ്യമാണെന്നും അദ്ദേഹം ജയരാജൻ പറഞ്ഞു. ‘പാർട്ടി എന്നെ ഒതുക്കിയെന്നും, സ്ഥാനാർഥിത്വം നൽകാത്തതിൽ ജനങ്ങളിൽ അതൃപ്തി ഉണ്ടെന്നും കെ സുധാകരൻ പ്രതികരിച്ചു കണ്ടു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ തനിക്കുള്ള നൈരാശ്യം സുധാകരൻ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലിൽ കെട്ടിവെക്കണ്ടതില്ല’ അദ്ദേഹം പറഞ്ഞു.

സിപിഎം സ്ഥാനാർഥി പട്ടിക അംഗീകരിച്ചത് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ചാണ്. എല്ലാ തീരുമാനങ്ങളിലും ഞാനും ഭാഗഭാക്കാണ്. അതനുസരിച്ച് എൽഡിഎഫിന്‍റെ ഭരണത്തുടർച്ചയ്ക്കായി ഞങ്ങൾ എല്ലാവരും പ്രവർത്തിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here