പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ ഏറ്റെടുക്കുന്നത് പോലീസിന്റെ ആത്മാഭിമാനം തകര്‍ക്കുമെന്ന വിചിത്രവാദവുമായി സുപ്രീംകോടതിയിലെത്തിയ പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടി കിട്ടിയതോടെ ഇടതുപക്ഷത്തിന് കനത്ത വിമര്‍ശമാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്. ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്നും മുടക്കി കേസ് നടത്തുന്നത് പ്രതികളെ സംരക്ഷിക്കാനാണെന്ന ആരോപണവും വീണ്ടും ശക്തമാകുകയാണ്.

ജനതാല്‍പ്പര്യം മുന്‍നിര്‍ത്തുന്ന ഒരു സര്‍ക്കാറും അതു ചെയ്യരുതാത്ത നടപടിയാണ് പിണറായി സര്‍ക്കാരിന്റേതെന്നും സര്‍ക്കാര്‍ ഹര്‍ജി തള്ളി അമ്മമാരുടെയും അച്ഛന്മാരുടെയും കണ്ണീരിനൊപ്പം സുപ്രീംകോടതിയും നിന്നപ്പോള്‍ തുറന്നുകണ്ടത് കൊലയാളികളും സര്‍ക്കാറും തമ്മിലുള്ള ബന്ധമാണെന്നും ഇടതുവിമര്‍ശകനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ആസാദ്.

കേരളത്തിലെ സാധാരണ മനുഷ്യരുടെ നികുതിപ്പണം അഥവാ പൊതുധനം ദുര്‍വിനിയോഗം ചെയ്ത് കൊലപാതക രാഷ്ട്രീയം വളര്‍ത്തരുതെന്നും പെരിയ കേസില്‍ കൊലചെയ്യപ്പെട്ടവരുടെ മാതാപിതാക്കളുടെ താല്‍പ്പര്യത്തിനെതിരെ കേസു നടത്താന്‍ ചെലവഴിച്ച തുക സിപിഎം പൊതുഖജനാവില്‍ തിരിച്ചടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ആസാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

പെരിയയിലെ ശരത് ലാല്‍ – കൃപേഷ് വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യത്തിനെതിരെ പ്രതികള്‍ക്കു സുപ്രീംകോടതിവരെ പോകാമോ എന്നറിയില്ല. പക്ഷെ ജനതാല്‍പ്പര്യം മുന്‍നിര്‍ത്തുന്ന ഒരു സര്‍ക്കാറും അതു ചെയ്യരുതാത്തതാണ്.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങളോ കോടികളോ ചെലവാക്കി കേസു നടത്തിയിട്ടും വിധി മാതാപിതാക്കള്‍ക്ക് അനുകൂലമായി. അവിടെ അവസാനിപ്പിക്കാതെ സുപ്രീംകോടതിയിലേക്കു പോയ സര്‍ക്കാര്‍ നടപടി അപലപനീയവും ലജ്ജാകരവുമാണ്. സര്‍ക്കാര്‍ ഹര്‍ജി തള്ളി അമ്മമാരുടെയും അച്ഛന്മാരുടെയും കണ്ണീരിനൊപ്പം സുപ്രീംകോടതിയും നിന്നപ്പോള്‍ തുറന്നുകണ്ടത് കൊലയാളികളും സര്‍ക്കാറും തമ്മിലുള്ള ബന്ധമാണ്.

കേരളത്തിലെ സാധാരണ മനുഷ്യരുടെ നികുതിപ്പണം അഥവാ പൊതുധനം ദുര്‍വിനിയോഗം ചെയ്ത് കൊലപാതക രാഷ്ട്രീയം വളര്‍ത്തരുത്. പെരിയ കേസില്‍ കൊലചെയ്യപ്പെട്ടവരുടെ മാതാ പിതാക്കളുടെ താല്‍പ്പര്യത്തിനെതിരെ കേസു നടത്താന്‍ ചെലവഴിച്ച തുക സി പി എം പൊതുഖജനാവില്‍ തിരിച്ചടയ്ക്കണം. സംസ്ഥാനത്തിന്റെ പൊതു താല്‍പ്പര്യത്തിനെതിരെ ചെലവഴിച്ച തുകയാണത്. സി ബി ഐക്കു കേസ് ഡയറി കൈമാറാന്‍ മടിക്കുന്ന പൊലീസ് സേനയും ജനാധിപത്യ മര്യാദയും സംസ്‌കാരവും നിയമവും പാലിക്കണം. അധികാരത്തിന്റെ ദുര്‍വിനിയോഗം മാനുഷിക മൂല്യങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും എതിരെയാവരുത്.
കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കേണ്ട സര്‍ക്കാര്‍ പക്ഷംചേരുന്നത് നല്ലതല്ല. പെരിയ കൊലപാതകക്കേസ് എല്‍ ഡി എഫ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതാണ്. ഇനിയത് ആവര്‍ത്തിക്കരുത്. സി ബി ഐ അന്വേഷണത്തെ തുണയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ആസാദ്
02 ഡിസംബര്‍ 2020

LEAVE A REPLY

Please enter your comment!
Please enter your name here