എല്ലാ വൈദികരെക്കുറിച്ചും ഒരു പോലെയുള്ള ആരോപണമല്ല, അക്രൈസ്തവരായ രണ്ടു വ്യക്തികളും ഈ സ്ത്രീയുമായി ബന്ധപ്പെടുന്നതായി സത്യപ്രസ്താവന പറയുന്നു

0

ഓര്‍ത്തഡോക്‌സ് സഭയില്‍ അഞ്ചു വൈദികള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ലൈംഗിക ആരോപണം പുതിയ തലങ്ങളിലേക്ക്. പോലീസില്‍ പരാതി നല്‍കാന്‍ ഭര്‍ത്താവിനോട് നിര്‍ദേശിച്ചിരുന്നുവെന്നും വൈദികരെ കൂടാതെ മറ്റ് രണ്ട് അക്രൈസ്തവ വ്യക്തികളുമായും പരാതിക്കാരന്റെ ഭാര്യയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി സഭാ വൈദിക ട്രസ്റ്റിയായ ഫാദര്‍ എം.ഒ. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സഭ നിയോഗിച്ച കമ്മിഷന്‍ അംഗം കൂടിയാണ് ഇദ്ദേഹം.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഞ്ചു വൈദികരെക്കുറിച്ചുള്ള പരാതി

മലങ്കര സഭയിലെ നിരണം ഭദ്രാസനത്തില്‍ സേവനമനുഷ്ഠിക്കുന്ന മൂന്നു വൈദികരെക്കുറിച്ചും തുമ്പമണ്‍, ഡല്‍ഹി, ദദ്രാസനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഓരോ വൈദികരെക്കുറിച്ചും നിരണം ദദ്രാസനത്തില്‍ പെട്ട ഒരു വിശ്വാസിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സ്‌കൂള്‍ അദ്ധ്യാപികയായ അദ്ദേഹത്തിന്റെ ഭാര്യ ഈ വൈദികരുമായി അവിഹിത ബന്ധം പുലര്‍ത്തുന്നു എന്നതാണ് പരാതിയുടെ ഉള്ളടക്കം. വൈദികര്‍ തന്റെ ഭാര്യയെ ലൈംഗീകമായി ചൂഷണം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ഈ വൈദികര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നിരണം ഭദ്രാസന മെത്രാപ്പോലീത്തായക്കു നല്‍കിയിരിക്കുന്ന പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിയുടെ കോപ്പി അദ്ദേഹം പ.ബാവാ തിരുമേനിക്കും ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തന്മാര്‍ക്കും നല്‍കിയിട്ടുണ്ട്. വേണമെങ്കില്‍ പോലീസില്‍ പരാതിപ്പെട്ടുകൊള്ളുവാന്‍ പരാതി ലഭിച്ച ഉടന്‍ തന്നെ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പരാതി നല്‍കുന്നത്. ബന്ധപ്പെട്ട മെത്രാപ്പോലീത്തന്മാര്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയും ആരോപണ വിധേയരായ വൈദികരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല പ.ബാവാ തിരുമേനിയുടെ നിര്‍ദ്ദേശ പ്രകാരം ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ വൈദികരും വക്കീലന്മാരും അടങ്ങുന്ന കമ്മീഷനെ നിയമിക്കുകയും ചെയ്തു. വൈദിക ട്രസ്റ്റി എന്ന നിലയില്‍ ഞാനും അതിലൊരു കമ്മീഷന്‍ അംഗമാണ്. പരാതിക്കാരന്‍ നല്‍കിയിരിക്കുന്ന പരാതിയോടൊപ്പം അയാളുടെ ഭാര്യയുടെ ഒരു സത്യപ്രസ്താവനയും നല്‍കിയിട്ടുണ്ട്. ആ പ്രസ്താവനയില്‍ ഈ വൈദികരല്ലാതെ അക്രൈസ്തവരായ രണ്ടു വ്യക്തികളും ഈ സ്ത്രീയുമായി ഈ നിലയില്‍ ബന്ധപ്പെടുന്നതായി പറയുന്നുണ്ട്. കമ്മീഷന്‍ അംഗങ്ങള്‍ പരാതി വിശദമായി വായിച്ചു. അതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി ഈ വൈദികരുമായും പരാതിക്കാരനുമായും കമ്മീഷന് സംസാരിക്കാന്‍ സാധിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയുമായി ഇതുവരെ സംസാരിക്കാന്‍ സാധിച്ചിട്ടില്ല.
ഇക്കാര്യങ്ങള്‍ ഇങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് സോഷ്യല്‍ മീഡിയായിലും മറ്റു മാധ്യമങ്ങളിലും ഇതു വലിയ വാര്‍ത്തയും ചര്‍ച്ചാ വിഷയവുമാകുന്നത്. അനുകൂലമായും പ്രതികൂലമായും അനേക പ്രസ്താവനകള്‍ ഉണ്ടാകുന്നുണ്ട്. സഭ ഇതിനെ വളരെ ഗൗരവത്തോടു കൂടിയാണ് കണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സഭാ കേന്ദ്രത്തില്‍ നിന്നു തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടുണ്ട്.
ഒരു പരാതി ലഭിച്ചാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യത്തെ നടപടി. അതല്ലാതെ ഉടനെ തന്നെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയല്ല നീതി. അത് നീതി നിഷേധമാകും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം, നീതിയുക്തമായ അന്വേഷണങ്ങള്‍ നടക്കണം. മാധ്യമവിചാരണയുടെയോ ഉണ്ടാകുന്ന എതിര്‍ പ്രചരണങ്ങളുടെയോ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. ഈ അവസരം മുതലാക്കി സഭയ്‌ക്കെതിരെ ദുഷ്പ്രചരണം നടത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുമുണ്ട്. അതാണ് വലിയ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലം.
ഇതിനിടെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ തന്നെ ആരോപണമുന്നയിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വൈദികര്‍ ആരോപണവിധേയര്‍ മാത്രമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളു. വൈദികരുടെ മുന്‍കാല പ്രവര്‍ത്തനങ്ങളും ഇടവകയിലെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. ഇതെല്ലാം വിശദമായി പഠിച്ചും പരിശോധിച്ചും തീര്‍ച്ചയായും ഉചിതമായ നടപടി ഉണ്ടാകും. ഈ അഞ്ചു വൈദികരില്‍ എല്ലാ വൈദികരെക്കുറിച്ചും ഒരു പോലെയുള്ള ആരോപണമല്ല ഉള്ളത്. അതിന്റെ തീവ്രതയ്ക്കും വ്യത്യാസമുണ്ട്. ഈ ആരോപണങ്ങളുടെ പേരില്‍ സഭയേയോ വൈദികരേയോ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ വൈദികര്‍ അവരുടേതായ മേഖലകളിലും ഇടവകകളിലും പ്രശംസനീയമായ രീതിയില്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും ഏതെങ്കിലും വൈദികരോട് എന്തെങ്കിലും കാര്യത്തില്‍ വിരോധമുണ്ടെങ്കില്‍ അതു മുഴുവന്‍ ഇപ്പോള്‍ പുറത്തെടുത്ത് വൈദികരെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. കഴിഞ്ഞ ദിവസം എന്നെ ഫോണ്‍ ചെയ്ത പ്രായമുള്ള ഒരാള്‍ വളരെ രൂക്ഷമായി വൈദികരെ വിമര്‍ശിച്ചു. അച്ചന്മാര്‍ ശരിയല്ല എന്നു പറഞ്ഞു. ഞാന്‍ കാര്യം അന്വേഷിച്ചു. ശനിയാഴ്ച സന്ധ്യക്കോ ഞായറാഴ്ച രാവിലെ നമസക്കാരത്തിനു മുമ്പോ തലക്കു പിടിച്ച് പ്രാര്‍ത്ഥിക്കാത്തവര്‍ക്ക് അച്ചന്‍ കുര്‍ബ്ബാന കൊടുക്കുകയില്ല എന്നതാണ് അദ്ദേഹത്തിന്റെ ഗൗരവമേറിയ ആരോപണം. ഇങ്ങനെയുള്ള പല കാര്യങ്ങളും പലരും ഉന്നയിക്കുകയും അത് ഇതിനോട് ചേര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ മറവില്‍ സെമിനാരിയെ വിമര്‍ശിക്കുന്നു. പ്രീസെമിനാരി പഠനം വേണ്ടെന്നു പറയുന്നു. കുമ്പസാരം വേണ്ടെന്നു പറയുന്നു. ഭരണഘടന ഭേദഗതി ചെയ്യണമെന്നു പറയുന്നു. ആരോപണ വിധേയനായ ഒരു വൈദികന്‍ അഞ്ചുപേരുമല്ല ഒരു വൈദികന്‍ കുമ്പസാര രഹസ്യം പുറത്തുവിട്ടെന്നു പറയുന്നു. അതിന്റെ യഥാര്‍ത്ഥ സ്ഥിതി അറിയണമെങ്കില്‍ ആ സ്ത്രീയുമായും സംസാരിച്ചേ മതിയാവൂ. അതല്ലേ ന്യായം. അതിന്റെ പേരില്‍ കുമ്പസാരത്തേയും കൂദാശകളെയും മൊത്തത്തിലാക്ഷേപിക്കുന്നതു ശരിയല്ല.
ഇപ്പോഴത്തെ ആരോപണങ്ങളുടെ ഗൗരവം കുറച്ചു കാണുകയല്ല ചെയ്യുന്നത്. സഭ ഉചിതമായ ഒരു നടപടിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും നിരപരാധികള്‍ രക്ഷിക്കപ്പെടും, യാതൊരു സംശയവും വേണ്ട. സഭക്കെതിരെ തന്നെ ഉയര്‍ന്നിരിക്കുന്ന ഒരാരോപണമായി ഇതിനെ മനസ്സിലാക്കി മലങ്കര സഭ ഒറ്റക്കെട്ടായി ഇതിനെ നേരിടും. തിരുത്തേണ്ടത് യുക്തമായി തിരുത്തപ്പെടും.

ഫാ.ഡോ.എം.ഒ.ജോണ്‍
വൈദിക ട്രസ്റ്റി

LEAVE A REPLY

Please enter your comment!
Please enter your name here