മറ്റുള്ളവരെ കേള്‍ക്കാനുള്ള സഹിഷ്ണുത മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും  ബിജെപിക്കുമില്ലെന്ന്  ഉമ്മന്‍ചാണ്ടി

0
മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ അഭിപ്രായങ്ങള്‍ അറിയാനും ഉള്ള ഒരു മനോഭാവം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ബിജെപിക്കും ഇല്ലെന്നും എതിര്‍ക്കുന്നവരെ ഏതു മാര്‍ഗ്ഗത്തിലൂടെയും ഇല്ലായ്മ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂരിലെ രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ചെങ്ങന്നൂരില്‍ വോട്ടുതേടിയുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

” ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഘടകം സഹിഷ്ണുതയാണ്. മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ അഭിപ്രായങ്ങള്‍ അറിയാനും ഉള്ള ഒരു മനോഭാവം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും ബിജെപിക്കും ഇല്ലാത്തതും അതു തന്നെയാണ്.
തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ കായികമായി കൈകാര്യം ചെയ്യാന്‍, എല്ലാ മാര്‍ഗ്ഗത്തിലൂടെയും ഇല്ലായ്മ ചെയ്യാന്‍, ബിജെപിയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ചെയ്യുന്ന ഗൂഢശ്രമങ്ങളെ ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും എതിര്‍ക്കുന്നു. അതിനെതിരായുള്ള ഒരു പോരാട്ടമാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ UDF കേരളത്തില്‍ നടത്തുന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യവും, ദേശീയ തലത്തിലുള്ള പ്രാധാന്യവും ഈ പശ്ചാത്തലത്തിലാണ്.
തങ്ങളെ എതിര്‍ക്കുന്നവരെ ഏതു മാര്‍ഗ്ഗത്തിലൂടെയും ഇല്ലായ്മ ചെയ്യുക, ഇതിനോട് നമുക്ക് യോജിക്കാനാകില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതും സ്വാതന്ത്ര്യം നേടിയതും എത്രയോ ലക്ഷക്കണക്കിന് ജനങ്ങളുടെ ത്യാഗത്തിന്റെ ഫലമായാണ്, പലപ്പോഴും ജീവത്യാഗം പോലും നടത്തേണ്ട സാഹചര്യങ്ങളുണ്ടായി.അങ്ങനെ നേടിയെടുത്ത സ്വാതന്ത്ര്യം എവിടെയെങ്കിലും പണയം വക്കാനുള്ള ഒന്നല്ല. അതു കൊണ്ട് അക്രമ രാഷ്ട്രീയത്തിനെതിരെ, ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടി ധീരമായി പോരാടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേര ളത്തില്‍ UDFഉം, കേന്ദ്രത്തില്‍ UPAയും തയ്യാറായിരിക്കുകയാണ്. അതിന് എല്ലാ ജനങ്ങളുടേയും സഹായ സഹകരണങ്ങള്‍ ആവശ്യമാണ്.
ഈ പശ്ചാത്തലത്തില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ദേശീയ തലത്തില്‍ തന്നെ വളരെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്ത് ശ്രീ.ഡി.വിജയകുമാറിനെ വിജയിപ്പിക്കുന്നതിലൂടെ അക്രമ രാഷ്ട്രീയത്തിനെതിരെ കേരള ജനതയുടെ പിന്തുണ പ്രഖ്യാപിക്കാന്‍ നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.”

Loading...

LEAVE A REPLY

Please enter your comment!
Please enter your name here