പാറമട മാഫിയ കണ്ണുവച്ച നാടുകാണി മല; സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

0

പ്രകൃതി സംരക്ഷിക്കുന്ന സര്‍ക്കാരാണെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷം ഭരിക്കുമ്പൊഴും പാറമടലോബിയുടെ പ്രവര്‍ത്തനം പതിന്മടങ്ങ് ശക്തമാണ്. പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പലപ്രശ്‌നങ്ങളും ഉന്നയിക്കുമ്പൊഴും ഇടതുസര്‍ക്കാര്‍ കണ്ണടച്ച മട്ടാണ്. കോട്ടയം പാലായിലെ കയ്യൂരിലെ നാടുകാണി മലനിരകളിലെ പാറകള്‍ പൊട്ടിക്കാന്‍ പാറമടലോബിയുടെ നീക്കം ശക്തമായിരിക്കെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകനായ സി.ആര്‍. നീലകണ്ഠനും കെ.എം. ഷാജഹാനുമടക്കം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു.

പ്രകൃതി കനിഞ്ഞുനല്‍കിയ മലനിരകളിലെ പാറകള്‍ പൊട്ടിച്ചെടുത്താലുണ്ടാകുന്ന ഗുരുതര പ്രത്യാഘാതത്തെക്കുറിച്ച് കെ. എം. ഷാജഹാന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുമുണ്ട്. ഇവിടെ 250 ലേറെ എക്കര്‍ സ്ഥലം പാറമട മാഫിയ വാങ്ങിക്കൂട്ടിക്കഴിഞ്ഞു. വന്‍ വില നല്‍കിയാണ് സ്ഥലം വാങ്ങുന്നത് എന്നതിനാല്‍, നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. 3840 ലക്ഷം രൂപ വരെ മുടക്കിയാണ് ഒരേക്കര്‍ റബ്ബര്‍ തോട്ടം വാങ്ങിയത്. ഇങ്ങനെ 70 ഏക്കറോളം സ്ഥലം പാറമടലോബിയുടെ കൈവശമായിട്ടുണ്ട്. ഇനി വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ അനുമതിയും ഇവര്‍ക്ക് ലഭ്യമായിട്ടുണ്ടെന്നാണ് വിവരം.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒത്താശപാടുന്നതോടെ മറ്റൊരു മലകൂടി തലപൊട്ടി നില്‍ക്കുന്ന ഭീതിതക്കാഴ്ചയായി നാടുകാണി മല മാറുമെന്നുറപ്പ്. ജനകീയ പ്രതിരോധങ്ങള്‍ ഇടതുപക്ഷത്തിനും കണ്ണില്‍കരടാകുന്ന കാലത്ത് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് മാത്രം പാറമടലോബിയെയും രാഷ്ട്രീയ ഇടനിലക്കാരെയും തളയ്ക്കാനാവില്ലെന്നതില്‍ തര്‍ക്കമില്ല. ഇത്തരം വാര്‍ത്തകളും സംഭവങ്ങളും മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരാനാകണമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

കെ.എം. ഷാജഹാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇന്നലെ സി ആര്‍ നീലകണ്ഠനുമൊത്ത് കോട്ടയത്ത് പാലയിലെ ഭരണങ്ങാനം പഞ്ചായത്തിലെ മേലുകാവിനടുത്തുള്ള കയ്യൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നാട് കാണി മലനിരകള്‍ സന്ദര്‍ശിച്ചിരുന്നു.
ഭരണങ്ങാനം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രം നാടുകാണി മല സ്ഥിതി ചെയ്യുന്ന സ്ഥലം ഉള്‍പ്പെടെ ഒരു പ്രദേശത്ത് മാത്രം പാറമട മാഫിയ 250 ലേറെ എക്കര്‍ സ്ഥലം വാങ്ങി പാറമട ആരംഭിക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു എന്ന അറിവിനേ തുടര്‍നാണ് അവിടെ പോയത്.
രാവിലെ 11 മണിയോടെ ഞങ്ങള്‍ നാട് കാണി മലയിലെത്തി.മലയുടെ ഒരു ചെരുവിലാണ് ഭാര്യ കരോളിന്റെ വീട്.നാട്ട്കാരും, മുന്‍ പഞ്ചായത്ത് പ്രസിഡന്റും പള്ളി വികാരിയും ഉള്‍പ്പെടെയുള്ളവര്‍ ഒപ്പമുണ്ടായിരുന്നു.
ഇരുവശങ്ങളിലും ജൈവവൈവിദ്യ സമ്പന്നമായ സസ്യസമ്പത്ത് ഇട തൂര്‍ന്ന് വളരുന്ന ഒരു പ്രദേശത്തിന് ഒത്ത നടുവിലാണ്, തീര്‍ത്തും പ്രകൃതി രമണീയവും അനന്തമായ ടൂറിസം സാധ്യതകള്‍ ഉള്ളതും, സര്‍ക്കാരിന്റെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുന്നതുമായ നാട്കാണി മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍, അനുകൂല കാലാവസ്ഥയാണെങ്കില്‍, ആലപ്പുഴയിലെ ലൈറ്റ് ഹൗസ് വരെ കാണാം എന്ന് നാട്ട്കാര്‍ പറഞ്ഞു.
മലങ്കര അണക്കെട്ട്, മൂലമറ്റം പവര്‍ഹൗസ് എന്നിവ ഈ മലനിരകളില്‍ നിന്ന് ഏറെ ദുരെയല്ലാത്ത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.ഏരിയല്‍ ദൂരം കണക്കാക്കിയാല്‍ ഇവ നാട്കാണി മലയുടെ വളരെ അടുത്താണ്. ഉരുള്‍പൊട്ടല്‍ സാധ്യത ഏറെയുള്ള പ്രദേശവും കൂടിയാണിത്. 2013 ല്‍ ഈ പ്രദേശത്ത് നിന്ന് 23 കിലോമീറ്റര്‍ മാത്രം അകലെ വലിയൊരു ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശം ഞങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയുണ്ടായി. മാത്രമല്ല ഇടിമിന്നല്‍ ഏല്‍ക്കാനുള്ള സാധ്യതയും ഈ പ്രദേശത്തുണ്ട്.
ഈ മലനിരകള്‍ ഉള്‍പ്പെടെയുള്ള ഏതാണ്ട് 250ഓളം ഏക്കര്‍ സ്ഥലം, പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായി, പാറമട തുടങ്ങാന്‍ വന്‍ മുതലാളിമാര്‍ വാങ്ങിക്കൂട്ടി കഴിഞ്ഞു.3840ലക്ഷം രൂപ വരെ നല്‍കിയാണ് ഇവര്‍ ഒരേക്കര്‍ റബ്ബര്‍ തോട്ടം വാങ്ങിയിരിക്കുന്നത്. സുഹൃത്തായ ഒരു റിട്ടയേഡ് കോളേജ് പ്രൊഫസറുടെ വീടിനടുത്ത് 70 ഏക്കര്‍ റബ്ബര്‍ തോട്ടമാണ് ഇവര്‍ ഇങ്ങനെ വാങ്ങി കൂട്ടിയത്.പാറമടക്ക് ചുറ്റുമുള്ള സ്ഥലങ്ങളാണ് ഇങ്ങനെ വാങ്ങുന്നത്. വന്‍ വില നല്‍കിയാണ് സ്ഥലം വാങ്ങുന്നത് എന്നതിനാല്‍, നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്. തൊട്ടടുത്തുള്ള ഒരു വാര്‍ഡിലും പാറമട തുടങ്ങാനായി ഇങ്ങനെ 100 ഏക്കറില്‍ അധികം സ്ഥലം വാങ്ങിക്കഴിഞ്ഞു.ഇതിനാവശ്യമായ എല്ലാ അനുമതികളും ഇക്കൂട്ടര്‍കൈക്കലാക്കി കഴിഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ മാത്രം ഒരു ഡസനിലധികം പറമടകള്‍ക്കായി നൂറ് കണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കഴിഞ്ഞതായി നാട്ട്കാര്‍ പറഞ്ഞു.
ഏറെ അപകടകരമാണ് സ്ഥിതിവിശേഷം എന്ന് അവിടമാകെ നടന്ന് കണ്ട ഞങ്ങള്‍ക്ക് ബോധ്യമായി. ഏറെ അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന മലങ്കര ഡാമിനെ, പാറമടയുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കാനിടയുണ്ട്.ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന മൂലമറ്റം പവ്വര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തെ പോലും പറമടകളുടെ പ്രവര്‍ത്തനം ബാധിക്കാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്ന് നാട്ട്കാര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. ഉരുള്‍പൊട്ടലിന് ഏറെ സാധ്യതയുള്ളതാണ് ഈ പ്രദേശം എന്നത് അപകട സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. മലനിരകള്‍ക്ക് മുകളില്‍ ഭീമാകാരമായ വലിപ്പമുള്ള വലിയ പാറ കഷണങ്ങള്‍ നിലകൊള്ളുന്നത് ഞങ്ങള്‍ നേരിട്ട് കണ്ടു. ഈ വന്‍ പാറ കഷണങ്ങള്‍ താഴേക്ക് ഉരുണ്ടാല്‍, നിമിഷ നേരം കൊണ്ട് ഒരു പ്രദേശമാകെ തകര്‍ന്ന് തരിപ്പണമായി പോകും.
മലനിരകളുടെ ചില ഭാഗങ്ങളില്‍, ഭൂതലത്തില്‍ നിന്ന് 90 ഡിഗ്രിയാണ് മലയുടെ ചെരിവ് എന്നും കാണാനായി. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ ഒരു കാരണവശാലും പാറ ഖനനം അനുവദിക്കാനാവില്ല. അത് ജനജീവിതത്തെയാകെ ദോഷകരമായി ബാധിക്കും.
എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മുഖ്യ വരുമാന മാര്‍ഗ്ഗമാണ് പാറമടകള്‍ എന്നതിനാല്‍, അവരെല്ലാം പാറമടകള്‍ക്ക് അനുകൂലമാണ്. അത് കൊണ്ട് തന്നെ പറ മട ഉടമകള്‍ക്ക് എല്ലാ തരത്തിലുള്ള അനുവാദങ്ങളും എല്ലാ ഏജന്‍സികളില്‍ നിന്നും കൃത്യമായി ലഭിച്ചിട്ടുണ്ട്.
പക്ഷേ ഈ പറമടകളുടെ പ്രവര്‍ത്തനം പ്രദേശത്തെ ജനജീവിതത്തെയാകെ ദൂര വ്യാപകമായി ബാധിക്കും എന്നുറപ്പാണ്. ഏറെ അകലെല്ലാത്ത മൂലമറ്റം പവര്‍‌സ്റ്റേഷന് പോലും ഈ പ്രദേശത്ത് നടക്കുന്ന വന്‍ തോതിലുള്ള പാറ ഖനനം ഭീഷണിയായേക്കാം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് പാറ ഖനനം നടക്കുന്നത് അപകട സാധ്യത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കും.
അത് കൊണ്ട് തന്നെ, ഈ പ്രദേശത്തെ വന്‍ തോതിലുള്ള പാറ ഖനനത്തിനായുള്ള ശ്രമങ്ങള്‍ക്കെതിരെ അവിടുത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നീലകണ്ഠനും ഞാനും തീരുമാനിച്ചു. അത്തരം ഒരു ഉറപ്പ് നാട്ടുകാര്‍ക്ക് കൊടുത്തിട്ടാണ് ഞങ്ങള്‍ മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here