നടന്‍ മോഹന്‍ലാലിന്റെ ഓരോ ബ്ലോഗും ചര്‍ച്ചയാകാറുണ്ട്, ചില വിഷയങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുന്നതിനെക്കുറിച്ചും വിവാദമുയരാറുണ്ട്. അതിനുള്ള മറുപടിയും പുതിയ ബ്ലോഗിലുണ്ട്. എഴുതിയേ തീരൂ എന്നു തോന്നുമ്പോള്‍ മാത്രമാണ് അത് ചെയ്യാറുള്ളതെന്നും തന്റെയുള്ളിലെ ആനന്ദങ്ങളും ആകുലതകളും സങ്കടങ്ങളും പങ്കുവയ്ക്കുക മാത്രമാണ്, ആരെയും ബോധിപ്പിക്കാനല്ല എഴുത്തെന്നും അദ്ദേഹം പറയുന്നു. ‘അവരും കാണട്ടെ ലോകത്തിന്റെ ഭംഗി’ എന്നപേരില്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിങിന് ആദരമര്‍പ്പിച്ചെഴുതിയ പുതിയ ചിന്തകളിലാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

വീല്‍ച്ചെയറിലിരുന്ന് ക്ഷീരപഥങ്ങള്‍ക്കപ്പുറത്ത് ചിന്തകൊണ്ട് യാത്രപോയ സ്റ്റീഫന്‍ഹോക്കിങ്, ഒന്നിനും മനുഷ്യനെ തളര്‍ത്താനാകില്ലെന്ന് തെളിയിച്ചു. അംഗപരിമിതര്‍ക്ക് കൂടി സൗകര്യപ്രദമാംവിധം പൊതുഇടങ്ങള്‍ മാറേണ്ട ആവശ്യകതയെക്കുറിച്ചുള്ള ചിന്തകളാണ് അദ്ദേഹം ഇത്തവണ പങ്കുവയ്ക്കുന്നത്. വീല്‍ച്ചെയറിലിരുന്ന് രോഗികളെ പരിശോധിക്കുന്ന സുഹൃത്തായ ഒരു ഡോക്ടറുമായി സംസാരിച്ച അനുഭവവും തന്റെ അമ്മയ്ക്ക് വീല്‍ച്ചെയറിലേക്ക് ജീവിതമൊതുക്കേണ്ടിവന്നതിനെക്കുറിച്ചും അദ്ദേഹം പങ്കുവയ്ക്കുന്നു.

മറ്റുള്ളവരെക്കുറിച്ചുകൂടി ഓര്‍ക്കുമ്പോഴാണ് ഒരു മനുഷ്യന്‍ സാംസ്‌കാരികമായും ആത്മീയമായും മുന്നേറുന്നത്. വേഗമാര്‍ന്ന ജീവിതത്തെ നിസഹായതയോടെ കാണുന്നവരും ഈ ലോകത്തിന്റെ ഭംഗി കാണണം. ീല്‍ച്ചെയര്‍ ജീവിതങ്ങളെക്കൂടി പരിഗണിക്കുന്ന നിര്‍മ്മിതികള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ബ്ലോഗ്. കംപ്ലീറ്റ് ആക്ടര്‍ ഡോട്‌കോം (http://blog.thecompleteactor.com) സന്ദര്‍ശിക്കുന്നവര്‍ക്ക് മോഹന്‍ലാലിന്റെ ശബ്ദത്തില്‍ തന്നെ അദ്ദേഹത്തിന്റെ ചിന്തകളും കേര്‍ക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here