തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫലം വന്നതോടെ ഇടത്- ബിജെപി അണികളുടെ ആവേശപ്രകടനചിത്രങ്ങള്‍ സോഷ്യല്‍മീഡിയായില്‍ നിറയുകയാണ്. എന്നാല്‍ കണ്ട കാഴ്ചകളില്‍ ഏറ്റവും ജീര്‍ണ്ണതയായി തോന്നിയ രണ്ടു ചിത്രങ്ങളെക്കുറിച്ച് പറയുകയാണ് ഇടത്-സാമൂഹിക വിമര്‍ശകനായ ഡോ. ആസാദ്.

പാലക്കാട് നഗരസഭയില്‍ ബി.ജെ.പി. ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ അണികള്‍ നഗരസഭാകെട്ടിടത്തില്‍ ‘ജയ് ശ്രീറാം’ ചാര്‍ത്തിയതും ഇടതുപക്ഷത്തുനിന്നും മാറ്റി, സ്വതന്ത്ര്യനായി നിന്ന് വമ്പന്‍ഭൂരിപക്ഷത്തില്‍ ജയിച്ച കാരാട്ട് ഫൈസലിന്റെ ‘മിനികൂപ്പര്‍’ പ്രകടനചിത്രവുമാണ് അവയെന്ന് ഡോ. ആസാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്തു നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ടു രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ടു പിടയുമ്പോള്‍ തോല്‍പ്പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്.’ – എന്നാണ് ആസാദ് കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ പൊട്ടിയൊലിച്ച ജീര്‍ണതയുടെ രണ്ടു ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കണ്ടു. ഒന്ന് പാലക്കാടു നഗരസഭാ കെട്ടിടത്തിനു മേല്‍ ജയ് ശ്രീരാം നെറ്റിപ്പട്ടം ചാര്‍ത്തുന്നതാണ്. മറ്റൊന്ന് കാരാട്ടു ഫൈസലിന്റെ വിജയരഥം.
ഒരു നഗരസഭയിലെ വിജയം ബി ജെ പിയെ അവരുടെ അധമമായ ഹിന്ദുത്വ പുളപ്പുകള്‍ക്ക് പ്രേരിപ്പിക്കുന്നുവെങ്കില്‍ കൂടുതല്‍ വിജയം കൊയ്യുമ്പോള്‍ എവിടെയെത്തിക്കില്ല! മതേതര ഭരണഘടനക്കും രാഷ്ട്ര സംവിധാനത്തിനും മേല്‍ മതശാഠ്യത്തിന്റെ ജയ് വിളികള്‍ പതിപ്പിക്കാന്‍ കേരളം സമ്മതിച്ചു തുടങ്ങിയോ? ആരുടെ ഉദാസീനതകള്‍ക്കു മേലാണ് അവര്‍ ചവിട്ടിക്കയറുന്നത്? അരുതെന്നു വിലക്കാന്‍, നെറ്റിപ്പട്ടങ്ങള്‍ വലിച്ചു താഴെയിടാന്‍ സംസ്ഥാന പൊലീസിനും മതേതര പൗരസമൂഹത്തിനും ബാദ്ധ്യതയുണ്ട്. വരാനിരിക്കുന്ന വലിയ വിപത്തിന്റെ കൊടിയാണ് പാലക്കാട്ട് ഉയര്‍ന്നിരിക്കുന്നത്.

രാഷ്ട്രീയത്തിലെ കോര്‍പറേറ്റ് ബ്രാഹ്മണിക്കല്‍ ഭൂതബാധയാണ് പാലക്കാടന്‍ അശ്ലീലമെങ്കില്‍ കൊടുവള്ളിയില്‍ കള്ളക്കടത്ത് അധോലോക തെമ്മാടിത്തങ്ങളുടെ അശ്ലീല ഉത്സവമാണ്. ഒരു രാഷ്ട്രീയ മുന്നണി സംസ്ഥാനത്തു നേടിയ മിന്നുന്ന വിജയത്തെയാകെ ചെറുതാക്കാന്‍ കൊടുവള്ളിയിലെ ചിത്രം മതി.

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ചരിത്രത്തിലിന്നോളം പൂജ്യം വോട്ടു രേഖപ്പെട്ട് നാണംകെട്ടിട്ടില്ല. തോറ്റിട്ടുണ്ട്. പക്ഷെ ഇത്ര അവമതിപ്പുണ്ടാക്കിയിട്ടില്ല. ആദര്‍ശ രാഷ്ട്രീയത്തെയും ജനങ്ങളെയും ഇങ്ങനെ അപമാനിച്ചിട്ടില്ല! സ്വന്തം സ്ഥാനാര്‍ത്ഥി പൂജ്യം വോട്ടില്‍ ചരിത്രപ്പെട്ടു പിടയുമ്പോള്‍ തോല്‍പ്പിച്ചവനെ മാലയും കൊടിയുമണിയിച്ച് വിജയ രഥത്തില്‍ ഊരുചുറ്റിക്കുന്ന ഇടതുപക്ഷ അശ്ലീലമാണിത്.

രാഷ്ട്രീയം ഏതു വഴിയില്‍ തിരിയരുതെന്ന് ഓരോ ജനാധിപത്യ തല്‍പ്പരനും കരുതുന്നുവോ അതു വഴി തെളിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ ചിത്രങ്ങളാണ് രണ്ടും. ശക്തമായ ജനവിധിക്കു കളങ്കം ചാര്‍ത്തുന്ന അശ്ലീല ചിത്രങ്ങള്‍. ജനാധിപത്യ ജീവിതവും രാഷ്ട്രീയവും ഭയപ്പെട്ട രണ്ടപകടങ്ങളെ എഴുന്നെള്ളിക്കുന്ന ധിക്കാരം. രണ്ടിനോടും കലഹിക്കാതെ മുന്നോട്ടു പോകാനാവില്ല. വര്‍ത്തമാനകാല ഭീഷണികളുടെ ഈ നേര്‍ചിത്രങ്ങള്‍ നമ്മെ ഉണര്‍ത്തുമെങ്കില്‍ നന്ന്.
ആസാദ്
17 ഡിസംബര്‍ 2020

LEAVE A REPLY

Please enter your comment!
Please enter your name here